Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻതാരനിരയുടെ സാനിധ്യത്തിൽ ധർമൂസ് ഫിഷ് ഹബ്ബിന് തുടക്കം; വിഡിയോ

dharmajan-shop

ധര്‍മജന്റെ 'ധര്‍മ്മൂസ് ഫിഷ് ഹബ്ബി'ന് കൊച്ചി അയ്യപ്പന്‍കാവില്‍ തുടക്കമായി. കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്ത ഫിഷ് ഹബ്ബിലെ ആദ്യ വില്‍പന സലീം കുമാര്‍ സ്വീകരിച്ചു. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. 

മലയാളത്തിൻ്റെ പ്രിയ താരം ധർമജൻ പുതിയ സംരംഭം ഉൽഘാടനം ചെയ്ത ചാക്കോച്ചൻ

കലാഭവൻ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, നടി മാനസ,ഹൈബി ഈഡന്‍ എം എല്‍ എ തുടങ്ങി സിനിമാ-സീരിയല്‍രംഗത്തെ നിരവധി താരങ്ങളും ഉദ്ഘാടനത്തിന് എത്തിയിരുന്നു.

‘ഇത് പെട്ടെന്നുണ്ടായ ഒരു ചിന്തയല്ല. ഞങ്ങള്‍ പതിനൊന്നുപേരും തീരദേശത്ത് താമസിക്കുന്നവരാണ്. വിഷമില്ലാത്ത മീന്‍ കഴിച്ചു വളര്‍ന്നവരാണ്. ഞങ്ങളുടെ കൂട്ടായ്മയില്‍ പലപ്പോഴും ചര്‍ച്ചയാകുന്നത് മീനായിരിക്കും. ഇപ്പോള്‍ കിട്ടുന്ന വിഷമത്സ്യത്തെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരു ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് വിഷമില്ലാത്ത മത്സ്യം ലഭ്യമാക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചര്‍ച്ച വന്നു. അതാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബിലേക്ക് എത്തിച്ചത്' -ധര്‍മജന്‍ പറയുന്നു.

ധർമ്മജന്റെ ധർമ്മൂസ് ഹബ്ബിൽ ഫോർമാലിൻ ഇല്ലാത്ത പിടയ്ക്കണ മീൻ

ബിൻഷാ മുഹമ്മദ്

മിമിക്രിക്കാരൻ എന്ന ബ്രാൻഡ് നെയിമിൽ നിൽക്കുമ്പോഴും കൊച്ചിക്കായലിൽ മീൻ പിടിച്ചു വളർന്ന ധർമ്മജൻ മീൻ കട തുടങ്ങിയതിൽ അത്ഭുതമില്ലെന്ന് അടുത്തറിയുന്നവർ പറയുന്നു. ഒരു സിനിമാക്കാരന്റെയും തലയിലുദിക്കാത്ത ഈ കിടുക്കാച്ചി ഹൈടെക്ക് ഐഡിയ ഇന്ന് കൊച്ചിക്കാരുടെ ഹൃദയഭാഗത്തുണ്ട്. ധർമ്മൂസ് ഫിഷ് ഹബ്ബെന്ന പേരിൽ.

സിനിമാക്കാരൻ മോഡേൺ മീൻകട മുതലാളിയായതിനെ ചിലർ കളിയാക്കുമായിരിക്കും. പക്ഷേ ഫിഷ് ഹബ്ബെന്ന ആശയം ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ലെന്ന് ധർമ്മജൻ വനിത ഓൺലൈനോട് പറയുന്നു.

‘മീനില്ലാതെ ജീവിതമില്ലെന്ന് പറയുന്ന മലയാളി ഇന്ന് കാശെത്ര മുടക്കിയായാലും അത് തന്റെ തീൻ മേശയിലെത്തിക്കും. വലവീശി മീൻ പിടിച്ച് തിന്നിരുന്ന കാലമൊക്കെ പോയി, ഇപ്പോ നേരും നെറിയും നോക്കാതെ കാശ് വീശിയാണ് നമ്മുടെ മീൻപിടുത്തം. പക്ഷേ ഈ മീനിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വിഷാംശങ്ങളെക്കുറിച്ച് ആർക്കെങ്കിലും ബോധ്യമുണ്ടോ?’– ധർമ്മജൻ തനി കച്ചവടക്കാരനായി.

‘തമിഴ്നാട്, കർണാടക എന്തിനേറെ ഗുജറാത്തിൽ നിന്നു വരെ നമ്മുടെ തീൻ മേശയിലേക്ക് മീനെത്തുന്നുണ്ട്. പക്ഷേ സകല കച്ചവടക്കാരുടെയും കണ്ണ്, അട്ടയുടെ കണ്ണ് കണ്ട മാതിരി കണ്ട മലയാളി നല്ല മീനേതാ ചീഞ്ഞ മീനേതാ എന്ന് ചോദിച്ചാൽ കൈമലർത്തും. ഫോർമാലിനും അമോണിയവുമെല്ലാം കലർന്ന ഈ മീനുകളൊക്കെ എത്ര നാൾ നമ്മളിങ്ങനെ തൊണ്ട തൊടാതെ വിഴുങ്ങും ചേട്ടാ..?’–ധർമ്മജൻ ചോദിക്കുന്നു.

‘അങ്ങനെയിരിക്കെയാണ് മലയാളിക്ക് വൃത്തിയുള്ളതും വിഷരഹിതവുമായ മീൻ തീൻമേശയിലെത്തിക്കുന്ന ഐഡിയ തലയിൽ മുളച്ചത്. ഗുണമേന്മയുള്ളതും വൃത്തിയുള്ളതുമായ മീൻ ഒരു കുടക്കീഴിൽ, അതാണ് ധർമ്മൂസ് ഫിഷ് ഹബ്ബ്.

മീനിന്റെ കാര്യത്തിൽ ധർമ്മൂസ് ഫിഷ് ഹബ്ബിനെ നൂറിൽ നൂറ് ശതമാനം വിശ്വസിക്കാമെന്ന് ധർമ്മജൻ പറയുന്നു. ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്ക്കെത്തിക്കുന്നു എന്നാതാണ് ധർമ്മജന്റെ ഈ ന്യൂ ജെൻ മീൻ കടയുടെ രീതി. ചെറുമീനുകള്‍ വൃത്തിയാക്കി ഒാര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും നല്‍കുന്ന പരിപാടിയുമുണ്ട്’.– ധർമ്മജൻ പ്രവർത്തന രീതി വിശദീകരിക്കുന്നു.

പിന്നെ എന്റെ തലയും ഫുൾ ഫിഗറും ബ്രാൻഡും വച്ചിട്ട് ആൾക്കാരെ പറ്റിക്കില്ല എന്ന് ഹൃദയത്തിൽ തൊട്ട് ഞാൻ ഉറപ്പു തരുന്നു. കൊച്ചിക്കാരുടെ പിടയ്ക്കുന്ന കായൽ മീനുകളോടുള്ള ഇഷ്ടം പറയേണ്ടതില്ലല്ലോ? അതാണ് നമ്മുടെ ട്രേഡ് സീക്രട്ടും.– ധർമ്മജൻ പറഞ്ഞു നിർത്തി.

കൊച്ചി അയ്യപ്പൻകോവിൽ ചന്ദ്രോത്ത് ബിൽഡിങിൽ വ്യാഴാഴ്ച 12 മണിയെന്ന ശുഭമുഹൂർത്തത്തോടെ ധർമ്മജന്റെ ഫിഷ്ഹബ്ബ് കൊച്ചിക്കാരുടെ രുചികൂട്ടിന്റെ ഭാഗമായിരിക്കുകയാണ്. സിനിമയിൽ പച്ച തൊട്ട പോലെ തന്റെ പിടയ്ക്കുന്ന പച്ച മീനും കൊച്ചിയിൽ പച്ച തൊടുമെന്ന വിശ്വാസമാണ് ധർമ്മജനുള്ളത്.

ധര്‍മ്മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയില്‍ ഉടനീളം വൈകാതെ ശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമവും.