Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ അവസരം ലഭിക്കുന്നില്ല; കാരണം വെളിപ്പെടുത്തി രമ്യ

remya-nambeesan.jpg.image.784.410

രമ്യ നമ്പീശനെ മലയാളസിനിമയിൽ കണ്ടിട്ട് മൂന്ന് വർഷമായി. തമിഴിൽ സജീവമാണെങ്കിലും മലയാളത്തിൽ നടിക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുൻനിര നായികയായി മലയാളത്തിലെത്തിയ രമ്യയെ ചിലർ ഒതുക്കാൻ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ എന്തുകൊണ്ടാണ് താൻ മലയാളസിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടാൻ കാരണമായതെന്ന് നടി വെളിപ്പെടുത്തി.

തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതിനാലാണെന്ന് രമ്യ ടെലിവിഷൻ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. സിനിമയുടെ തിരക്കഥ ചോദിക്കുന്നതുകൊണ്ടും ഒഴിവാക്കുകയാണെന്നും രമ്യ നമ്പീശൻ പറഞ്ഞു. 

‘കഴിഞ്ഞ മൂന്ന് കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല? കാരണം ഞാൻ എനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാൻ തിരക്കഥ ചോദിക്കുന്നതു കൊണ്ടും. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്.

‘പക്ഷേ നമ്മള്‍ എന്തെങ്കിലും നോ പറഞ്ഞാല്‍, അനീതി കണ്ട് പ്രതികരിച്ചാല്‍ നമ്മള്‍ ചീത്ത കുട്ടിയാണ്. നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകൻമാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മളും ചോദിക്കുന്നുള്ളൂ. ഞാൻ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഞാൻ എന്തായാലും മലയാള സിനിമ ചെയ്യും. ആരോടും ശത്രുതാ മനോഭാവമല്ല. പക്ഷേ എനിക്ക് സിനിമകള്‍ നിഷേധിക്കപ്പെടാം. എന്നുവെച്ച് ഞാൻ തോറ്റുകൊടുക്കാൻ ഒരുക്കമല്ല.’–രമ്യ പറയുന്നു

‘ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാൻ കഴിയുന്ന അവസ്ഥ ഉണ്ടാകണം. നമ്മുടെ  ടീമിലേക്ക് വന്ന ചില കുട്ടികള്‍ പറഞ്ഞതു കേള്‍ക്കുമ്പോള്‍ ഞെട്ടുകയാണ്. അഡ്‍ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള ഫോൺ റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്. പക്ഷേ അത് അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താൻ പറ്റില്ല.’–രമ്യ തുറന്നുപറഞ്ഞു.