Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ ധൈര്യത്തിന് അഭിനന്ദനം’; രൺജി പണിക്കരോട് റിമ കല്ലിങ്കൽ

rima-renji

സിനിമകളിൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് രൺജി പണിക്കര്‍ തുറന്നുപറഞ്ഞിരുന്നു. രൺജി പണിക്കറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് റിമ കല്ലി‌ങ്കൽ രംഗത്തെത്തി.

ഇത് പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന ആമുഖത്തോടെയാണ് റിമയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘പഠിച്ചതും പറഞ്ഞതുമൊക്കെ മാറ്റിപ്പറഞ്ഞ് പുതിയ കാഴ്ചപ്പാട് ഉണ്ടാക്കാൻ വലിയ ധൈര്യം ആവശ്യമാണ്. രൺജി പണിക്കര്‍ക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും. അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും കാലാകാലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകണം. നമ്മള്‍ ജീവിക്കുന്ന കാലത്തെയാണ് എല്ലാ കലകളിലും രേഖപ്പെടുത്തുന്നത്. കാലാതിവര്‍ത്തിയായ , തലമുറകള്‍ ആദരിക്കുന്ന കലാസൃഷ്ടികളുണ്ടാക്കാം നമുക്ക്.’–റിമ പറഞ്ഞു. സെന്‍സ് , സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി എന്ന ഹാഷ് ടാഗ് ചേര്‍ത്താണ് റിമയുടെ കുറിപ്പ് അവസാനിക്കുന്നത്.

കിങ് എന്ന മമ്മൂട്ടി ചിത്രത്തിലെ നീ വെറും പെണ്ണാണ് എന്നൊക്കെയുള്ള സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്നാണ് രൺജി പണിക്കർ പറഞ്ഞത്. ‘ഒരുകാലത്ത് വാണിജ്യവിജയം നേടിയ സിനിമകളായിരുന്നു ദി, കിങ്, കമ്മിഷ്ണർ,ലേലം എന്നീ ചിത്രങ്ങൾ. എന്നാലിപ്പോൾ ആ ചിത്രങ്ങളിലെ ചില സംഭാഷണങ്ങളിൽ പലതും തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ട്.  ചിത്രങ്ങളിലെ തീപ്പൊരി ഡയലോഗുകൾ നിറഞ്ഞ കൈയടികളോടെയാണ് അന്ന് ആളുകൾ സ്വീകരിച്ചത്. അന്ന് ആഹ്ലാദത്തോടെ ആ ചിത്രങ്ങൾ കണ്ട പലരെയും ഇപ്പോൾ ആ ചിത്രങ്ങളിലെ സംഭാഷണങ്ങൾ അലോസരപ്പെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിയറ്ററിലിരുന്നു സിനിമ കണ്ട പ്രേക്ഷകർക്കിടയിലെ ഒരു സ്ത്രീയയെങ്കിലും ആ സംഭാഷണങ്ങൾ വേദനിപ്പിച്ചിരുന്നുവെങ്കിൽ അത് തന്റെ തെറ്റാണെന്നും അദ്ദേഹം പറയുന്നു. ആരെയും അവഹേളിക്കാൻ വേണ്ടിയായിരുന്നില്ല ചിത്രത്തിൽ അത്തരം സംഭാഷങ്ങൾ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ദി കിങിലെ ഏറ്റവും പ്രശസ്തമായ ഡയലോഗായ നീയൊരു പെണ്ണ് മാത്രമാണ് വെറും പെണ്ണ് എന്ന സംഭാഷണമാണ് രൺജി ചിത്രങ്ങളിലെ സ്ത്രീവിരുദ്ധത പരാമർശമെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്.  ‘ഞാനൊരിക്കലും അങ്ങനെ എഴുതാന്‍ പാടില്ലായിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ പറയുമ്പോള്‍ കിട്ടുന്ന കയ്യടിയെക്കുറിച്ച് മാത്രമായിരുന്നു അന്ന് ചിന്തിച്ചത്. അതില്‍ വിഷമമുണ്ട്. ഇന്ന് സിനിമയ്ക്ക് സംഭാഷണം എഴുതിയാല്‍ ആ ഭാഷ ഉപയോഗിക്കില്ല.’

ആ സംഭാഷണം ഞാന്‍ എഴുതരുതായിരുന്നുവെന്നും  കഥയും കഥാപാത്രങ്ങളും ആവശ്യപ്പെട്ടതു കൊണ്ടാണ് അന്ന് അങ്ങനെ എഴുതേണ്ടി വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

സ്ത്രീവിരുദ്ധത മാത്രമായ ജാതീയ അധിക്ഷേപങ്ങളും ചിത്രത്തിലുണ്ടെന്ന് പലരും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും. ഒരിക്കലും സമൂഹത്തിലെ ഒരു വിഭാഗത്തെയും കുറച്ചു കാണാനല്ല താൻ അങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.  ‘ചെമ്മാനെന്നും ചെരുപ്പുകുത്തിയെന്നും അണ്ടന്‍ അടകോടന്‍  തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ ഞാൻ ഉപയോഗിച്ചിരുന്നു. അത് ആളുകളെ വേദനിപ്പിക്കും എന്നൊക്കെ പിന്നീടാണ് മനസിലായത്. ആ വാക്കുകള്‍  ഇപ്പോള്‍ ഉപയോഗിക്കാതിരിക്കാന്‍  ശ്രദ്ധിക്കാറുണ്ട്.’

മുൻകാലങ്ങളിലൊന്നും കഥാപാത്രത്തിന്റെ സ്വഭാവമോ പെരുമാറ്റ രീതികളോ വച്ച് ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ച അഭിനേതാക്കളെ വിലയിരുത്തുന്ന രീതിയില്ലായിരുന്നുവെന്നും ഇപ്പോൾ നിസാരമായി പറയുന്ന വാക്കുകൾ പോലും തലനാരിഴകീറി പരിശോധിക്കുന്ന വിമർശന രീതിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ വളരെ നിർഭാഗ്യകരമായ കാര്യങ്ങളാണ് മലയാളസിനിമയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.