Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിയുടെ അഴിഞ്ഞാട്ടമെന്നാണ് കമന്റ്സ്; വിഷമത്തോടെ മൈ സ്റ്റോറി സംവിധായിക

prithvi-parvathi-my-story

പുതിയ സിനിമയായ ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും പരാതിയുമായി സംവിധായിക റോഷ്നി ദിനകർ. 18 കോടി രൂപ മുടക്കി രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കിയ സിനിമയാണ്. 

സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതൽ സൈബർ ആക്രമണം തുടങ്ങി. ഞാൻ സ്ത്രീയായിട്ടും ഈ പ്രശ്നത്തിൽ സഹായിക്കാൻ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല. സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും റോഷ്‌നി ആരോപിച്ചു.

‘ഓൺലൈനിൽ കൂടി അവർ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാൽ അങ്ങനെ പോലും അവർ സഹകരിക്കുന്നില്ല. ഞാൻ ഇവർക്കായി പ്രത്യേക കരാർ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണം’. 

‘സിനിമയ്ക്ക് ആദ്യഘട്ടത്തിൽ പ്രതിസന്ധി വന്നപ്പോൾ ഡബ്യുസിസിയോട്‌ പരാതിപറഞ്ഞിരുന്നു. എന്നാൽ അന്ന് സജിത മഠത്തിൽ പറഞ്ഞത് ‘ഞങ്ങൾ പരാതിയൊന്നും സ്വീകരിക്കാറില്ലെന്നാണ്’. 

‘മൈ സ്റ്റോറി എന്ന പേജിൽ വൃത്തികെട്ട ഭാഷയിലാണ് പാർവതിയെ മോശം പറയുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.’-റോഷ്നി പറഞ്ഞുയ

പാർവതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. മോഹൻലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ സിനിമയിൽ അഭിനയിച്ചവർ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആർക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവർ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്‌നി പറഞ്ഞു.