Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയപ്രവർത്തകർക്ക് സിനിമാ സ്റ്റൈലിൽ താക്കീതുമായി സുരേഷ് ഗോപി

suresh-gopi-angry

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ചൂടനാണ് സുരേഷ് ഗോപി. താരം തന്നെ ഇക്കാര്യം പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം സിനിമാ സ്റ്റൈലിൽ രാഷ്ട്രീയപ്രവർത്തകരോട് ദേഷ്യപ്പെട്ടു.

മാവേലിക്കര കോളാറ്റ് കോളനിയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കായി സുരേഷ് ഗോപി എംപി എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ഥലത്തെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമെത്തി. നടന്‍ കൂടിയായ എംപിയെ കാണാന്‍ നാട്ടുകാരും എത്തിയിരുന്നു. അതിനിടെയാണ് നേതാക്കളുമായി സുരേഷ് ഗോപി ഇടഞ്ഞത്.

മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനത്തിലേക്ക് കടന്നത്. കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി വികസന രേഖ ഗൃഹസമ്പര്‍ക്കത്തിലൂടെ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. 

ഉദ്ഘാടനയുമായി ബന്ധപ്പെട്ട് എം.പി, പ്രവര്‍ത്തകരോട് സര്‍ക്കാര്‍ വികസനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ലഖുലേഖകള്‍ എവിടെ എന്ന് ആരാഞ്ഞു. എടുത്തിട്ടില്ലയെന്ന മറുപടിയാണ് പ്രദേശിക നേതൃത്വത്തില്‍ നിന്നുണ്ടായത്. ഇതിനെ തുടര്‍ന്ന് എം.പി പ്രവര്‍ത്തകരോട് ഇടയുകയായിരുന്നു. പിന്നെന്തിനാണ് ഇവിടേക്ക് എത്തിയതെന്നും താന്‍ അടുത്തപരിപാടിയ്ക്കായി പോകുകയാണെന്നും പറഞ്ഞ എം.പി കാറില്‍ കയറാന്‍ തുടങ്ങി.

കാറിനടുത്തേക്ക് എത്തിയ നിയോജക മണ്ഡലം നേതാക്കള്‍ എം.പിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പോകുകയാണെന്ന് തന്നെയുള്ള നിലപാടില്‍ ഉറച്ചുനിന്ന എം.പിയെ ഏറെ നേരത്തിന് ശേഷം ജില്ലാ നേതൃത്വം എത്തിയശേഷമാണ് അനുനയിപ്പിക്കാനായത്. തുടര്‍ന്ന് നടന്ന ഗൃഹസമ്പര്‍ക്ക ഉദ്ഘാടന സമ്മേളന പ്രസംഗത്തിലും പ്രവര്‍ത്തകരുടെ വീഴ്ചയെ എടുത്ത് കാട്ടുകയും അതില്‍ വലിയ വേദന ഉണ്ടെന്ന് പറയുകയും ചെയ്തു.

കൂടാതെ ഇതാവര്‍ത്തിക്കരുതെന്ന സിനിമയെ വെല്ലുന്ന ഡയലോഗിലൂടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുണ്ടായിരുന്ന സദസിന് അദ്ദേഹം താക്കീതും നല്‍കിയാണ് മടങ്ങിയത്.