Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം മമ്മൂട്ടി, ദേ വരുന്നു ദുൽഖർ; ആമിനയുടെ കാത്തിരിപ്പ്

amina-dulquer

മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് ദുൽഖർ എവിടെ എന്ന് വിളിച്ചു ചോദിച്ച ആ പെൺകുട്ടിയെ ഓർമ്മയില്ലേ? ദുൽഖർ സൽമാന്റെ ആരാധകിയായ ആമിനയുടെ ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയും സാമൂഹ്യമാധ്യമങ്ങളിൽ‌ വൈറലായിരുന്നു. ദുൽഖറിനെ കാണണമെന്ന മോഹം ആമിനയെ വീണ്ടും മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിച്ചു. എന്നാൽ ഇത്തവണ പുറത്തിറങ്ങി വന്നത് മമ്മൂട്ടിയല്ല, സാക്ഷാൽ ദുൽഖർ സൽമാൻ. 

സംഭവം ഇങ്ങനെ:

മസ്കറ്റിൽ പഠിക്കുന്ന എട്ടാം ക്ലാസുകാരി ആമിന അവധിക്കാലം ആഘോഷിക്കൻ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കൊച്ചിയിൽ. പനമ്പിള്ളി നഗറിൽ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ ആമിനയ്ക്കും കസിൻസിനും മമ്മൂട്ടിയുടെ വീട് കാണിച്ചു കൊടുത്തത് ഒരു ഓട്ടോക്കാരൻ. 

മമ്മൂക്കാ ദുല്‍ഖര്‍ ഉണ്ടോ?

അൽപസമയത്തിനുള്ളിൽ മമ്മൂട്ടി പുറത്തു വരുമെന്ന് പറഞ്ഞതോടെ ഗേറ്റിന് മുന്നിൽ കാത്തു നിൽക്കാൻ ആമിന തീരുമാനിക്കുകയായിരുന്നു. കാത്തിരിപ്പ് വെറുതെയായില്ല. മമ്മൂട്ടി എത്തി. ഗേറ്റിന് പുറത്ത് കാത്ത് നിൽക്കുന്ന ആരാധകർക്ക് നേരെ കൈ വീശി. അപ്പോഴാണ് ആമിനയുടെ കൗതുകം നിറഞ്ഞ ചോദ്യം എത്തുന്നത്. മമ്മൂക്കാ, ദുൽഖർ എവിടാ? ഉടനെ തന്നെ മമ്മൂട്ടിയുടെ മറുപടിയും എത്തി. 'ദുൽഖർ കുളിക്കുകയാണ്'!

മറുപടി പ്രതീക്ഷിക്കാതെ ചുമ്മാ ചോദിച്ച ചോദ്യത്തിന് സൂപ്പർസ്റ്റാറിൽ നിന്ന് ഉത്തരം കിട്ടയതോടെ ആമിനയുടെ മനസിൽ ആദ്യ ലഡു പൊട്ടി. ആമിന മൊബൈലിൽ എടുത്ത വിഡിയോ നേരെ യുട്യൂബിലിട്ടു. രാത്രിക്ക് രാത്രി സംഗതി വൈറൽ. എന്നാൽ കഥ ഇവിടെ തീർന്നില്ല. മമ്മൂട്ടിയെ കണ്ടിട്ട് ദുൽഖറിനെ കാണാതെ പോന്നാൽ ശരിയാവില്ലെന്ന് ആമിന. 

ദുൽഖറിനെയും കാണണം. മമ്മൂട്ടിയെ കാണാൻ ഗേറ്റിൽ കാത്തുനിന്ന സമയത്ത് മറ്റൊരു വിലപ്പെട്ട വിവരം ആമിനയ്ക്ക് കിട്ടി. ദുൽഖറിന് ബുധനാഴ്ച രാവിലെ ഷൂട്ടുണ്ട്. അതിനായി ഒൻപതു മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങും. രാവിലെ തന്നെ വീണ്ടും പനമ്പിള്ളി നഗറിൽ എത്തിയാൽ ദുൽഖറിനെയും കാണാമെന്ന് ചുരുക്കം. 

Dulquer Salmaan Surprises Fans

സ്കൂളിൽ പോകാൻ പോലും ഇത്ര നേരത്തെ എണീറ്റിട്ടില്ലെന്ന് പറയുമ്പോൾ ആമിനയുടെ കസിൻസ് ചുറ്റും നിന്ന് ചിരിയോ ചിരി. സംഗതി സത്യമാണ്. സ്കൂളിൽ പോകാൻ പോലും നേരത്തെ എണീക്കാൻ മടി പിടിക്കുന്ന ആമിന വ്യാഴാഴ്ച ആറുമണിക്ക് തന്നെ എണീറ്റ് തയ്യാറായി. എട്ടു മണിക്ക് മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ ഹാജർ. എല്ലാ കസിൻസിനെയും കൂട്ടിയാണ് ഗേറ്റിന് മുന്നിലെ ആമിനയുടെ കാത്തിരിപ്പ്. 

ഒരു മണിക്കൂർ കാത്തു നിന്നിട്ടും ഒന്നും സംഭവിച്ചില്ല. മഴയും തുടങ്ങി. ഒരു മണിക്കൂർ അല്ല, ഒരു ദിവസം വരെ കാത്തുനിൽക്കാൻ തയ്യാറായിരുന്നുവെന്ന് ആമിന പറയുന്നു. എന്നാൽ അത്രയ്ക്ക് വേണ്ടി വന്നില്ല. 9.15ന് പച്ച നിറത്തിലുള്ള ടിഷർട്ട് ധരിച്ച് ദുൽഖർ വീടിന് പുറത്തെത്തി. ഗേറ്റ് തുറക്കപ്പെട്ടു. ആരാധകർക്ക് നേരെ കൈവീശി കാണിച്ച് കാറിൽ കേറാൻ പോയ ദുൽഖറിനെ നോക്കി ആമിന ഉച്ചത്തിൽ ആഗ്രഹം അറിയിച്ചു. 'ദുൽഖർ ഒരു ഫോട്ടോ എടുത്തോട്ടെ... '

amina-dulquer-1

ഗേറ്റിന് മുന്നിൽ നിൽക്കുന്ന കുട്ടിപ്പട്ടാളത്തെ കണ്ടതും ദുൽഖർ കാറിൽ കയറാതെ മുന്നോട്ട് വന്നു. ആമിനയോടും കസിൻസിനോടും അകത്തേക്ക് വരാൻ കൈ കാണിച്ചു. സ്വപ്നമാണോ സത്യമാണോ എന്നൊക്കെ മനസിലാവും മുൻപ് എല്ലാം സംഭവിച്ചു. 

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച ആമിനയ്ക്ക് ഒന്നല്ല, കുറെ ഫോട്ടോസ് കിട്ടി. എവിടെ നിന്നാണ് വരുന്നതെന്നൊക്കെ ദുൽഖർ ചോദിച്ചപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യെന്ന അവസ്ഥയായി ആമിനയ്ക്ക്. ഒടുവിൽ ദുൽഖറിനൊപ്പം ആമിനയുടെ സ്വപ്നം പോലൊരു സെൽഫി. 

മസ്കറ്റിൽ ജോലി ചെയ്യുന്ന കളമശേരി സ്വദേശി ആദിരാജ ബിജുവിന്റെയും സീനിയയുടെയും മകളാണ് എട്ടാം ക്ലാസുകാരിയായ ആമിന. അവധിക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങാനിരിക്കെയാണ് ആമിനയും കുടുംബവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.