‘മൈ സ്റ്റോറി’യെ മോശമാക്കിയവര്‍‍ ‘കൂടെ’യ്ക്ക് കയ്യടിക്കുന്നു: റോഷ്നി

മൈ സ്റ്റോറി എന്ന സിനിമയെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നെന്ന് ആരോപിച്ച് എറണാകുളം റേഞ്ച് െഎ.ജിക്ക് നിര്‍മാതാവും സംവിധായികയുമായ റോഷ്നി ദിനകറുടെ പരാതി. നേരത്തെ സിനിമയുടെ നിര്‍മാണചെലവ് വര്‍ധിക്കാനിടയായതില്‍ നടന്‍ പൃഥ്വിരാജിനെതിരെവരെ റോഷ്നി ആരോപണം ഉന്നയിച്ചിരുന്നു.

പതിനെട്ട് കോടിരൂപ മുടക്കിയെടുത്ത മൈ സ്റ്റോറി. പക്ഷെ പൃഥ്വിരാജും പാര്‍വതിയും അഭിനയിച്ച ചിത്രത്തെ പരാജയപ്പെടുത്താന്‍  നവമാധ്യമങ്ങളിലടക്കം ആസൂത്രിതശ്രമം നടക്കുന്നെന്ന് ആരോപിക്കുന്നു സംവിധായികയും നിര്‍മാതാവുമായ റോഷ്നി ദിനകര്‍. തന്റെ ചിത്രത്തിനെ മോശമാക്കാന്‍ രംഗത്തിറങ്ങിയ പലരും കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിന് കയ്യടിക്കുന്നു. തന്റെ സിനിമ കാണാത്തവരാണ് ഈ രീതിയില്‍ കുപ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് സംവിധായികയുടെ പരാതി. ഇതോടെയാണ് െഎ.ജിക്ക് പരാതി നല്‍കിയതും. 

പന്ത്രണ്ട് കോടിരൂപ ബജറ്റിട്ട് തുടങ്ങിയ മൈ സ്റ്റോറി ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ പതിനെട്ടുകോടിയായി. പൃഥ്വിരാജിന്റെ ഡേറ്റില്‍ മാറ്റംവന്നത് നിര്‍മാണചെലവ് കൂടാനിടയാക്കിയെന്ന്  റോഷ്നിയുടെ ആരോപണം. പൃഥ്വിയോടും പാര്‍വതിയോടുമുള്ള പലരുടെയും വിരോധം സിനിമയെ ബാധിച്ചുവെന്നും റോഷ്നി ‌നേരത്തെ ആരോപിച്ചിരുന്നു.