Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവർ ഞരമ്പ് രോഗികൾ, പാർവതിയെ അഴിഞ്ഞാട്ടക്കാരിയാക്കണ്ട’

abhilash-parvathy

18 കോടി രൂപ മുടക്കി രണ്ട് വർഷം കൊണ്ട് ചിത്രീകരിച്ച ' മൈ സ്റ്റോറി' എന്ന ചിത്രത്തിനെതിരെ വ്യാപകമായ ഓൺലൈൻ ആക്രമണം നടക്കുകയാണെന്ന് തുറന്ന് പറഞ്ഞ് സംവിധായക റോഷ്നി ദിനകർ രംഗത്തെത്തിരുന്നു. ഇതിന് പിന്നാലെ വിവാദം കൊഴുത്ത. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ സംവാദം തുടരുകയാണ്. ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വി.സി അഭിലാഷ്.  

മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടതെന്ന് വിസി അഭിലാഷ് ചൂണ്ടികാട്ടുന്നു. ഒരു ലിപ്‌ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്നു വിളിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാനാവില്ലെന്നും അത്തരക്കാര്‍ ഞരമ്പുരോഗികളാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണമെന്നും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നു. 

വിസി അഭിലാഭിഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അവര്‍ ഇന്നറിയപ്പെടുന്നത്? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവില്‍, വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ ഒട്ടേറെപ്പേര്‍ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തില്‍ ഈ ഫാന്‍സ് അസോസിയേഷനുകളുടെ മുഖമെന്താണ്?

മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയാണ്. പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്. അതിന്റെ പിന്നിലെ കാരണങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?

മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്‌ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം.’–വി.സി അഭിലാഷ് പറഞ്ഞു.

മൈ സ്റ്റോറി സംവിധായിക റോഷ്നിയുടെ പ്രതികരണം–‘മൈ സ്റ്റോറി എന്ന പേജിൽ വൃത്തികെട്ട ഭാഷയിലാണ് പാർവതിയെ മോശം പറയുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.’