Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാകില്ല: ദുല്‍ഖര്‍

dulquer-mammootty

തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുൽഖർ സൽമാൻ. രാഷ്ട്രീയം പറയാനല്ല, തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ വ്യക്തമാക്കി. 

നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. വിവാദത്തിൽ യുവനടന്മാർ ആരും പ്രതികരിച്ചില്ലെന്ന രേവതിയുടെ പരാമർശം ഉയർത്തിയുള്ള അവതാരകന്‍റെ ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ; ''ഒരഭിപ്രായം പറയാൻ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതൽ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. പോരാത്തതിന് അമ്മ എക്സിക്യൂട്ടീവിലെ അംഗവുമല്ല ഞാൻ. അതുകൊണ്ട് ആ വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.''

Rajeev Masand interview with Dulquer Salmaan

ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് മമ്മൂട്ടി കൂടി പങ്കെടുത്ത യോഗത്തിലാണല്ലോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ''എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളർത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും.''

''സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്.  പൊതുവേദികളിൽ ഒരിക്കൽപ്പോലും സ്ത്രീകൾക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി.'' 

''ചെറുപ്പം മുതലെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയമോ, ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താത്പര്യമില്ല. എല്ലാ വിഷയത്തിനും രണ്ടുവശങ്ങളുണ്ട്. ഒരഭിപ്രായം പറയണമെങ്കിൽ അതിലൊരു വശത്ത് നിൽക്കേണ്ടിവരും.''

''എന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം.  തന്റെ സിനിമകളിൽ ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുപോലുമില്ല.'' അന്നത്തെ തിരക്കഥകൾ അത്തരത്തിലുള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ വിശദീകരിച്ചു.

related stories