Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്ത്രീകൾ കുഴപ്പത്തിൽ ചാടുന്നത് സ്വന്തം പ്രവർത്തികൾ കൊണ്ട്’; വിവാദ വെളിപ്പെടുത്തലുമായി മംമ്ത

iifa-mamta

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നും മംമ്ത. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ‘ഞാന്‍ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ല. ഈ സംഘടന രൂപീകരിക്കുന്ന സമയത്ത് ഞാന്‍ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ ഡബ്ല്യു.സി.സി രൂപീകരിക്കുന്ന സമയത്ത് ഞാന്‍ ഇവിടെയുണ്ടായിരുന്നാലും ഒരു പക്ഷെ ആ സംഘടനയില്‍ ചേരാന്‍ തയാറാവുമായിരുന്നില്ല. ആ സംഘടനയ്ക്ക് എതിരായതുകൊണ്ടല്ല. എനിക്ക് ഇതിൽ ഒരഭിപ്രായമില്ല.’–മംമ്ത പറയുന്നു.

സ്ത്രീകളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ലെന്നും മംമ്ത പറഞ്ഞു. ‘ഞാൻ വ്യത്യസ്തമായി ജീവിക്കുന്ന ആളാണ്, ചിന്തിക്കുന്നതും അങ്ങനെ തന്നെ. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അതിന് കാരണക്കാർ അവരവരും കൂടി ആയിരിക്കും. മാത്രമല്ല ഈ സംഭവം നടക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല’.–മംമ്ത പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ സംഭവം നടന്ന ദിവസം തുടങ്ങിയതല്ല. കാലങ്ങളായി ഉള്ളതാണ്. അത് വർഷങ്ങൾക്ക് മുമ്പേ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന മോശമായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മംമ്ത പറഞ്ഞു.

‘2005-06 സമയത്താണ് ഞാന്‍ അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. അതിന് ശേഷം ഞാന്‍ ഒരു യോഗത്തില്‍ പോലും പങ്കെടുത്തില്ല. സ്ത്രീകളുടെ പരാതി പരിഹാരത്തില്‍ അമ്മ എത്ര ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് കമന്റ് പറയാന്‍ എനിക്ക് സാധിക്കില്ല. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ എനിക്ക് നേരിടാൻ എന്റേതായ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ’

‘പലതിലുമുള്ള എന്റെ പങ്കാളിത്തം അതുകൊണ്ട് തന്നെ വിരളമായിരുന്നു. ഞാന്‍ വന്നു എന്റെ ജോലി ചെയ്തു മടങ്ങി പോയി. ഞാന്‍ എല്ലായ്‌പ്പോഴും അങ്ങനെ ആയിരുന്നു എന്നത് എനിക്ക് നല്ലതാണെന്ന് തോന്നുന്നു’ – മമ്ത പറഞ്ഞു

‘അമ്മ മകൾക്ക് കൈത്താങ്ങ് നൽകുന്നതിന് പകരം മകനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോ പറഞ്ഞുവെന്ന വാർത്തയറിഞ്ഞു.അതെനിക്ക് തമാശ പോലെയാണ് തോന്നിയത്.ഒന്നാമത്തേത് അത് ഒരു വശം മാത്രം പറയുന്നു. രണ്ടാമത്തേത് അത് ഒരു വിഭാഗത്തിന് വൈരാഗ്യം ഉണ്ടാക്കുന്നു. ഒരു വിഭാഗം ആളുകളെ ദേഷ്യം പിടിപ്പിക്കുന്നതും മറുവിഭാഗത്തെ സുഖിപ്പിക്കുന്നതുമാണത്’. 

‘മാധ്യമങ്ങൾ ആളുകളുടെ മനോവികാരങ്ങൾ കൊണ്ട് കളിക്കുകയാണ്. ആളുകൾക്ക് മു‍ഴുവൻ വായിക്കാതെ തന്നെ കാര്യങ്ങൾ ഉൾക്കൊള്ളാനാകും. ഈ വാർത്ത ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഒരു നടിയും ഒരു വലിയ നടനും ഉണ്ട് എന്നതിനാലാണ്. അതൊരു തരത്തിൽ സിനിമാ വ്യവസായത്തിന്‍റെ ഹൃദയം മുറിച്ചു മാറ്റുന്നത് പോലെയാണ്.നിങ്ങൾ സിനിമയെ ലിംഗപരമായി രണ്ടാക്കുകയാണ്. അത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് നിരാശാജനകമാണ്’ – മമ്ത പറഞ്ഞു.

‘ഞാൻ പറയുന്നത് മുഴുവനായി ശരിയാണോ എന്നറിയില്ല, സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയാണെന്നാണ് എനിക്ക് മനസിലാകുന്നത്. ലൈംഗികമായി ദുരനുഭവങ്ങൾ നേരിട്ടുള്ള സ്ത്രീകൾ ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ മോശമായി പെരുമാറുന്നവരെ എന്റർടൈന്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. വേറൊന്നും ഉദ്ദേശിച്ചല്ലാ ഇത് പറയുന്നത്. ആര്‍ക്കും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.’–മംമ്ത പറഞ്ഞു.

‘കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, തന്റേതായ നിലപാടുകളുളള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും, ശക്തയായ നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തോന്നുന്നു, സമൂഹത്തിന് അവരുടെ ശക്തിയെ വെല്ലുവിളിക്കാന്‍ ഇഷ്ടമാണെന്ന്. അന്യായമായ ചില കാര്യങ്ങളുടെ ഇരയായി ഞങ്ങള്‍ മാറാറുണ്ട്. എനിക്ക് തോന്നുന്നു ശരാശരി ഭംഗിയുള്ള സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന്. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും, അത് ബന്ധങ്ങളിലാണെങ്കിലും ജോലിയിലാണെങ്കിലും. അവര്‍ നന്നായി ജീവിക്കുന്നു’.–മംമ്ത പറഞ്ഞു.

related stories