Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം മമ്മൂട്ടിക്ക് നേരെ, ഇപ്പോള്‍ മോഹൻലാൽ: മേജർ രവി

mohanlal-major-ravi

ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് മോഹൻലാലിനെതിരെ പടയൊരുക്കം നടത്തുന്നതെന്ന് മേജർ രവി. ആദ്യം മമ്മൂട്ടിക്കെതിരെയായിരുന്നു ആക്രമണമെന്നും പിന്നെയായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കമെന്നും മേജർ രവി വ്യക്തമാക്കി.

മേജർ രവിയുടെ കുറിപ്പ് വായിക്കാം–

മോഹന്‍ലാലിനെ തടയാന്‍ നിങ്ങളുടെ ഒപ്പ് മതിയാവില്ല മിസ്റ്റര്‍

കുറച്ചുനാളായി നമ്മള്‍ കാണുകയാണ് മോഹന്‍ലാലിനെ കേന്ദ്രീകരിച്ചുള്ള ആക്രമണം. എന്തുചെയ്താലും എന്തുപറഞ്ഞാലും കുറ്റം ! പലപ്പോഴും പ്രതികരിക്കാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ചു. 

എന്തുപറയുമ്പോഴും അക്രമികള്‍ക്ക് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയുണ്ടായിരുന്നു. തുടക്കം മമ്മൂട്ടിക്ക് നേരെയായിരുന്നല്ലോ. അദ്ദേഹം അഭിനയിച്ച കഥാപാത്രത്തിന്റെ പേരില്‍ ചെളി വാരിയെറിഞ്ഞു. അദ്ദേഹം കൈകൊടുത്തു വലുതാക്കിയവര്‍കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു വേദനാജനകം. 

പിന്നെയായിരുന്നു മോഹന്‍ലാലിനെതിരെയുള്ള നീക്കം. താരസംഘടനയുടെ തീരുമാനത്തിന്റെ യാഥാര്‍ഥ്യംപോലും മനസ്സിലാക്കാതെ കാളപെറ്റുവെന്ന് പറഞ്ഞ് കയറെടുത്തവരാണ് ഇക്കൂട്ടം. 

ഇപ്പോഴിതാ ആ ശത്രുതയുടെ തുടര്‍ച്ചയായി മോഹന്‍ലാല്‍ മനസ്സാ അറിയാത്ത കാര്യത്തിന്റെ പേരില്‍ കുറേപേര്‍ ഒപ്പുമായി ഇറങ്ങിയിരിക്കുന്നു. അതില്‍ പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരുടെ പേരുകളുമുണ്ട്. അവരൊന്നും അറിഞ്ഞിട്ടുപോലുമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

എങ്കില്‍ അവരെയൊക്കെ മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ തിരിച്ചുവിടുന്നത് ആരാണ് ? അതിന്റെ ഉത്തരം സിനിമയിലുള്ളവര്‍ക്കറിയാം, ഒപ്പം പ്രേക്ഷകര്‍ക്കും. ഭരിക്കുന്നവരെ സോപ്പിട്ട്, പണിയില്ലാതെ നടക്കുന്നവരാണ് ഏറെയും. ചിലര്‍ ബോര്‍ഡ് വച്ച കാറുകളിലാണ്. അതൊക്കെയും ഞാനുള്‍പ്പെടുന്ന നാട്ടുകാരുടെ നികുതിപ്പണമാണെന്ന് നിങ്ങള്‍ ഓര്‍ത്താല്‍ നല്ലത്. 

മൃഷ്ടാനഭോജനത്തിനുശേഷമുള്ള നിങ്ങളുടെ ഏമ്പക്കത്തില്‍ ഞെട്ടിപ്പോകുന്നതല്ല, നാല്‍പ്പതുവര്‍ഷമായി ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്നേഹിക്കുന്ന മോഹന്‍ലാലിന്റെ ഉറക്കം. ഇതൊക്കെയും ഇവിടുത്തെ ഭരണകൂടവും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവരെ അനുകൂലിക്കുന്ന (കു)ബുദ്ധിജീവികള്‍ക്കും രസമായിരിക്കും. 

പക്ഷെ, സാധാരണക്കാര്‍ക്ക് ഇതിലെ കാപട്യം ആദ്യമേ ബോധ്യപ്പെട്ടതാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് നടക്കുന്നവര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, അത് എല്ലാവര്‍ക്കും ബാധകമാണെന്ന്. അവാര്‍ഡ് ചടങ്ങിലേക്ക് ക്ഷണം കിട്ടിയില്‍ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് മോഹന്‍ലാലിന്റെ മാത്രം സ്വാതന്ത്ര്യമാണ്. 

അദ്ദേഹം തീരുമാനിച്ചാല്‍ പങ്കെടുക്കുക തന്നെ ചെയ്യും. അതിെന പിന്തുണക്കാന്‍ ജാതിമതഭേദമന്യെ ഇന്നാട്ടിലെ ജനകോടികളുണ്ടാവും. അത് തടയാന്‍ നിങ്ങളുടെ ഈ ഒപ്പ് മതിയാവില്ല. അവരുടെ വികാരവും വികാരം തന്നെയാണ്. അത് വൃണപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഭൂഷണമാവില്ലെന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തട്ടെ.

സ്നേഹപൂര്‍വം, നിങ്ങളുടെ മേജര്‍ രവി.

related stories