Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെയും ‘അമ്മ’ പുറത്താക്കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബാബുരാജ്

baburaj-amma

‘അമ്മ’ സംഘടനയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കരുതെന്ന് ബാബുരാജ്. സംഘടനയിൽ തെറ്റുകൾ സംഭവച്ചിട്ടുണ്ടാകാമെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്നും താരം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നടനും, അമ്മയിലെ ഇപ്പോഴത്തെ എക്സിക്യുട്ടീവ്‌ അംഗവുമാണ് ബാബുരാജ്‌.

‘മമ്മൂട്ടിയുടെ വീട്ടിൽവച്ച് കൂടിയ യോഗത്തിന് ശേഷം ദിലീപിനെ പുറത്താക്കുന്നു. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കുന്ന ആവേശത്തിൽ അമ്മയും പുറത്താക്കിയെങ്കിലും ബൈലോ പ്രകാരം ആ നടപടി ശരിയല്ലായിരുന്നു.’–ബാബുരാജ് പറഞ്ഞു.

‘2004 വർഷത്തിൽ തിലകൻ ചേട്ടന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് എന്നെയും പുറത്താക്കിയിരുന്നു. അന്ന് ഞാനാണ് ഇവരെ വിളിച്ച് ഇതിനെക്കുറിച്ച് പറയുന്നത്. അതിനൊരു അച്ചടക്ക കമ്മിറ്റിവെച്ച് അതിന്റെ മുന്നിൽ എന്നോട് ഹാജരാകാൻ ആവശ്യപ്പെട്ട് അതിന് ശേഷം ഹാജരായില്ലെങ്കില്‍ മാത്രമേ പുറത്താക്കാൻ സാധിക്കൂ. ആ സാഹചര്യത്തിലാണ് എന്നെ പുറത്താക്കുന്നത്. അതുപോലെ തന്നെ പിന്നീട് എന്നെ തിരിച്ചെടുക്കുകയും ചെയ്തു. അമ്മ എന്നുപറയുന്നത് എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന സംഘടനയല്ല, ഇതൊരു കൂട്ടായ്മയാണ്.’

‘ആരോഗ്യസ്ഥിതി മോശമായ സീനിയര്‍ താരം ക്യാപ്റ്റന്‍ രാജുവിന് അമ്മ നല്‍കിയത് അഞ്ച് ലക്ഷം രൂപയാണ്. ഇവിടെ ഏതു സംഘടനയാണ് ഇങ്ങനെയൊക്കെ ചെയ്യാറുള്ളത്.മൂന്നു ലക്ഷം രൂപ നല്‍കേണ്ടിടത്താണ് അമ്മ അദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപ നല്‍കിയത്.’

‘പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ അമ്മയുടെ ഭാഗത്ത്‌ നിന്നുണ്ടാകുറുണ്ട്. ഇതുവരെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം, ഇനി എന്ത് ചെയ്യുന്നുവെന്ന് നോക്കിയാല്‍ മതി, അമ്മയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. രാജിവച്ച മൂന്നുനടിമാരെ മാത്രമല്ല ഷമ്മി തിലകനെയും ജോയ് മാത്യുവിനെയും വിളിക്കുന്നുണ്ട്. അവരുടെ പ്രശ്നം എന്തെന്ന് സംഘടന ചോദിച്ച് മനസ്സിലാക്കും.’

‘ഇന്നസെന്‍റിനെ പോലെയുള്ള ഒരു വ്യക്തി ‘അമ്മ’യെ നീണ്ട വര്‍ഷം മുന്നില്‍ നിന്ന് നയിച്ചത് ചെറിയ കാര്യമായി കാണരുത്. കാലത്തിനനുസരിച്ചുള്ള മാറ്റം അമ്മയിൽ ഉണ്ടാകും. ലാലേട്ടനും അതിനെക്കുറിച്ച് തന്നെയാണ് പ്രസ്മീറ്റിൽ പറഞ്ഞത്.’

‘നടിമാര്‍ ഇലക്ഷനില്‍ നില്‍ക്കുന്നതിനെ അമ്മ പൂര്‍ണ്ണമായും സ്വാഗതം ചെയ്തിട്ടുണ്ട്, ആര്‍ക്കും ഇലക്ഷനില്‍ മത്സരിക്കാം, അവിടെ വന്നു മത്സരിക്കുന്നതിനുള്ള ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ പലരും അതില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്.’

‘ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ണി ശിവപാൽ മത്സരിക്കാൻ വന്നപ്പോൾ ഇലക്ഷൻ നടത്താമെന്ന് തീരുമാനിക്കുന്നു. എന്നാൽ ഒരു മത്സരം വേണ്ടെന്നായിരുന്നു മുതിർന്ന ആളുകളുടെ അഭിപ്രായം. മധു സാറിനെപ്പോലെയുള്ള സീനിയര്‍ താരങ്ങള്‍ ഇടപ്പെട്ടിട്ടാണ് ഇലക്ഷന്‍ വേണ്ടെന്ന് തീരുമാനത്തില്‍ എത്തിയത്. ഞാനൊക്കെ പകുതി ആളുകളോടും വോട്ട് ചോദിച്ചതിന് ശേഷമാണ് ഇലക്ഷൻ തന്നെ ഇല്ലെന്ന് മനസ്സിലാകുന്നത്. അങ്ങനെ സൗഹൃദത്തോട് കൂടി തന്നെ മുത്തുമണി മത്സരത്തിൽ നിന്നും പിന്മാറി.’ 

‘ഒരു സ്ത്രീകളെ സ്ഥാനത്തിരുത്താൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. മഞ്ജു വാരിയരെ അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ആക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അവർ വേണ്ടെന്ന് പറഞ്ഞതാണ്. മാത്രമല്ല ഇതിന് മുമ്പ് എക്സ്ക്യൂട്ടിവ് കമ്മിറ്റിയിൽ അംഗങ്ങളുള്ള പലരും പല യോഗങ്ങളിലും വരാതിരിക്കുമായിരുന്നു. എന്നാൽ ഇത്തവണ അതിന് കടുത്ത നിബന്ധനയും ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ എല്ലാ യോഗത്തിലും നിർബന്ധമായും പങ്കെടുത്തിരിക്കണം.’–ബാബുരാജ് പറഞ്ഞു.

എല്ലാവരോടും തുറന്നടിച്ച് സംസാരിക്കുന്ന സ്വഭാവക്കാരനായതിനാല്‍ അമ്മയുടെ എക്സിക്യുട്ടീവ്‌ അംഗത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ താന്‍  ശരിക്കും അത്ഭുതപ്പെട്ട് പോയെന്നും ബാബുരാജ്‌ പറയുന്നു.