Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധം അതിരു കടന്നു; ഡോ. ബിജു ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

biju-fb

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട നിവേദനവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. മോഹൻലാലിനെതിരെ ബഹിഷ്ക്കരണാഹ്വാനവുമായി 107 ചലച്ചിത്ര പ്രവർത്തകര്‍ എത്തിയെന്ന വാർത്തയോടെയാണ് വിവാദങ്ങളുടെ തുടക്കം. സംഭവം മോഹൻലാൽ ആരാധകരുടെയും ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകരുടെയും കടുത്ത എതിർപ്പിനും വഴിവച്ചിരുന്നു

വിവാദങ്ങളും വിമർശനങ്ങളും ഒരുവശത്ത് കൊഴുക്കവേ സംവിധായകൻ ഡോ. ബിജു തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ബിജുകുമാർ ദാമോദരൻ എന്ന പേർസണൽ പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;

“എന്റെ പേരിൽ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്.’’

അതുകൊണ്ട് ആ പേജ് ഡിലീറ്റ് ചെയ്യുകയാണ്. താരങ്ങളുടെ അനുയായികൾ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തിൽ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാൽ ഇതേ ഉള്ളൂ മാർഗ്ഗം. 

ടെലിഫോണിൽ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്. സാംസ്കാരിക കേരളത്തിൽ സാധാരണക്കാരായ മനുഷ്യർക്ക് മേൽ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വർണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോൾ അവർ പൂർണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കൾച്ചറൽ ഫാസിസം ഈ നാട്ടിൽ ഇല്ലല്ലോ…

ഇത് പേഴ്‌സണൽ പ്രൊഫൈൽ ആണ്. ഇവിടെ വല്ലപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളോട് മാത്രം സംവദിച്ചാൽ മതിയല്ലോ. ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.”  

related stories