Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹനാന്റെ ജീവിതം നമ്മള്‍ കരുതുന്നതിലും അപ്പുറം’: ഷൈൻ ടോം ചാക്കോ

hanan-shine

സമൂഹമാധ്യമത്തിലൂടെ ചർച്ചയായ ഹനാന് പിന്തുണയുമായി നടൻ ഷൈൻ ടോം ചാക്കോ. അഞ്ച് വര്‍ഷം മുമ്പ് തന്റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെ കുറിച്ചാണ് താരം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ കുറിപ്പ് വായിക്കാം– 

ഹനാനെ എനിക്ക് അറിയില്ല...എഫ്ബിയിലെ പോസ്റ്റുകൾ കണ്ടിട്ടാണ് ആദ്യമായി ഈ വാർത്ത ഞാൻ ശ്രദ്ധിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിടുന്ന പെൺകുട്ടി. 

അപ്പോൾ തന്നെ ഞാൻ വീട്ടിലെ എല്ലാവരെയും ഈ വാർത്ത കാണിച്ചു. എല്ലാവരും ഓരോ അഭിപ്രായങ്ങൾ പറയുന്നതിനിടയിൽ അമ്മ പറഞ്ഞു, ഈ കുട്ടിയെ എനിക്ക് അറിയാം ഏകദേശം 5 വർഷങ്ങൾക്കു മുൻപ് ഈ കുട്ടി നമ്മുടെ വീട്ടിൽ വന്നിട്ടുണ്ടെന്ന്... എനിക്ക് തെല്ലും അത്ഭുതം തോന്നി ഞാൻ വിശദമായി ചോദിച്ചു.

5 വർഷങ്ങൾക്കു മുൻപ് തൃശൂർ മുണ്ടുരിലെ എന്‍റെ വീട്ടിലേയ്ക്ക് കയ്യിലൊരു നോട്ടീസുമായി കടന്നു വന്ന 8, 9 ലോ പഠിക്കുന്ന കുട്ടി.. താൻ തുടങ്ങാൻ പോകുന്ന ട്യൂഷൻ പ്ലസ് സ്പോക്കണ്‍ ഇംഗ്ലിഷ് ക്ലാസ്സിലേക് കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകൾ തോറും കയറി ഇറങ്ങിയിരുന്നത്... അമ്മ ആ കാര്യങ്ങൾ വീണ്ടും ഓർത്തെടുത്തു പറഞ്ഞു.

വളരെ സ്മാർട്ട് ആയിട്ടുള്ള ഒരു കൊച്ചായിരുന്നു അത്. ആ കുട്ടിയാണ് ഇതെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്കും പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നീല്ല.. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഹനാൻ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല... ആ ചെറുപ്രായത്തിൽ തന്നെ ഒറ്റക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചങ്കൂറ്റം നിസ്സാരമല്ല.. 

എന്‍റെ വീട്ടിൽ നിന്നും ആരും അങ്ങോട്ട്‌ പോയിട്ടില്ല. ചുറ്റുവട്ടത്തിൽ നിന്നുള്ള വീടുകളിൽ നിന്നും ആരും പോയതായി അറിഞ്ഞിട്ടും ഇല്ല...പിന്നെ തിന്നാനും ഉടുക്കാനും ഇല്ലാത്തതല്ല ഇന്നത്തെ കാലത്തേ ദാരിദ്ര്യം... 

സിനിമയിലെ ജൂനിയർ ആർടിസ്റ്റ് ആണെന്ന് പറയുന്നത് സമ്പന്നതയുടെ പ്രതീകവും അല്ല... അഭിനയ മോഹത്തേക്കാൾ ഉപരി അതിജീവനത്തിനായി വരുന്നവരാണ് ജൂനിയർ ആർട്ടിസ്റ്റുകളിൽ പലരും... 

പിന്നെ യൂണിഫോം ഇട്ടുള്ള മീൻ കച്ചവടം എന്നെ പോലെ പലരേം ആകർഷിക്കാൻ ഉതകുന്ന ഒന്നായെ എനിക്ക് തോന്നിയിട്ടുള്ളൂ.. ഹനാന്‍റെ ജീവിതം നമ്മൾ കരുതുന്നതിലും അപ്പുറം ആണെന്നാണ് എന്‍റെ വിശ്വാസം.. 

അല്ലെങ്കിൽ ഒരു ഒമ്പതാം ക്ലാസ്സുകാരി അങ്ങിനെ ഒരു നോട്ടീസുമായി എന്‍റെ വീട്ടിൽ വരേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല.. ആ കാര്യം ആണ് മീൻ കച്ചവടത്തെക്കാൾ ഹനാനെ എനിക്ക് അത്ഭുതമാക്കിയത്.... 

പിന്നെ തീയിൽ കുരുത്ത ചിലർക്കെങ്കിലും പെട്ടന്നൊന്നും കണ്ണീർ വരില്ല... ഒഴുക്കിനൊപ്പം നീന്തുന്നവരാണ് ഞാൻ ഉൾപ്പടെയുള്ള പലരും... ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്തരുത്... കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാൻ ശ്രമിക്കുക....