Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണിയുടെ മരണശേഷം ഹനാൻ തളർന്നു

hanan-movie

സമൂഹമാധ്യമങ്ങള്‍ േവട്ടയാടിയ ഹനാൻ എന്ന പെൺകുട്ടിക്ക് സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ്. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്.

നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും.  

ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതോടെയാണ് വാര്‍ത്ത ലോകമറിയുന്നത്.

തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്.

മുൻപു സിനിമകളിൽ ചില ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഹനാനു പലരും പുതിയ റോളുകൾ വാഗ്ദാനം ചെയ്തു. ഇതോടെയാണു ഹനാന്റെ ജീവിതദുരിതം ഇപ്പോൾ പുറത്തുവന്നതു സിനിമാക്കാർ ഒരുക്കിയ നാടകമാണെന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. തുടർന്ന് മോഹൻലാലിനും മുകേഷിനും കലാഭവൻ മണിക്കും ഒപ്പം ഹനാൽ നിൽക്കുന്ന ചില ചിത്രങ്ങളും വിമർശകർ വ്യാപകമായി പ്രചരിച്ചു. ഈ ആരോപണത്തിനും ഹനാന് മറുപടി ഉണ്ടായിരുന്നു.

‘കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു.’ഹനാൻ അഭിമുഖങ്ങളിൽ പറയുന്നു.

എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിന് ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും ഹനാൻ പോയി തുടങ്ങിയത്. സംവിധായകര്‍ ആരെയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ പറയുന്നു. 

ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ വാങ്ങിയിരിക്കുന്നതെന്നും ഹനാന്‍ പറയുന്നു.

related stories