Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എനിക്ക് അതെങ്ങനെ ചെയ്യാൻ കഴിഞ്ഞു’; അതിശയത്തോടെ മോഹൻലാൽ

mohanlal-karnan

കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കർണഭാരം എന്ന നാടകം ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുന്നു. മോഹൻലാൽ തന്നെയാണ് തന്റെ പേജിലൂടെ കർണഭാരം റിലീസ് ചെയ്യുക. സംസ്കൃത നാടകമായ കർണഭാരത്തിൽ കർണനായാണ് മോഹൻലാൽ അഭിനയിച്ചത്. 

2000ൽ ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലാണ് ആദ്യമായി ഈ നാടകം അവതരിപ്പിക്കുന്നത്. പിന്നീട് മുംബൈയിലും മോഹന്‍ലാല്‍ അവതരിപ്പിച്ചു. സംസ്കൃതം വശമില്ലാത്തവര്‍ പോലും മോഹന്‍ലാലിന്‍റെ നടനവൈഭവം കണ്ട് അത്ഭുതപ്പെട്ടു. ഭാഷയ്ക്കുമപ്പുറം ആ കഥാപാത്രത്തെ മനസ്സോടുചേര്‍ത്ത് കാണികള്‍ ആവേശം കൊള്ളുകയും ചെയ്തു.

നാടകത്തിന്റെ ഇന്റർനെറ്റ് റിലീസുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ വാക്കുകൾ

‘പ്രിയപ്പെട്ടവരെ നാഷ്ണല്‍ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഞാൻ ചെയ്ത സംസ്കൃത നാടകമാണ് കർണഭാരം. കഴിഞ്ഞ ദിവസം അതിന്റെ ദൃശ്യാവിഷ്കാരം എനിക്ക് ലഭിക്കുകയുണ്ടായി. കാവാലം നാരായണൻപണിക്കർ സാറിന്റെ നാടവേദിയാണ് ആ നാടകം ചെയ്യിപ്പിക്കുന്നത്. സംസ്കൃതം എനിക്ക് അറിയില്ലെന്ന് പറഞ്ഞിട്ടും നിനക്കത് ചെയ്യാൻ പറ്റുമെന്ന ഉറച്ച വിശ്വാസം തന്നത് നാരായണപണിക്കർ സാർ ആണ്.

ഈ നാടകം അടുത്തിടെ കണ്ടപ്പോൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. നാൽപത് വർഷമായി അഭിനയിക്കുന്ന നടനെന്ന നിലയിൽ എനിക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിഞ്ഞുവെന്ന് അതിശയിച്ച് പോയി. കാവാലം നാരായണപണിക്കർ സാറിന്റെ അനുഗ്രഹവും ആ ഗുരുത്വവുമാണ് എന്നിലേക്ക് പ്രവഹിച്ച് എന്നെക്കൊണ്ട് അത് ചെയ്യിച്ചതെന്ന് വിശ്വസിക്കുന്നു.

കർണന്റെ മാനസിക സംഘർഷമാണ് ആ നാടകത്തിലൂടെ പറയുന്നത്. അതിലേറെ മാനസിക സംഘർഷത്തിലൂടെയാണ് ഞാനും അത് ചെയ്തത്. ഇന്ത്യയിലെ പല വേദികളിൽ പിന്നീട് ആ നാടകം വീണ്ടും ചെയ്യാൻ കഴിഞ്ഞു. നിർഭാഗ്യവശാൽ കേരളത്തിൽ സാധിച്ചില്ല. കുറച്ച്പേർമാത്രം ഈ നാടകം കണ്ടാൽ പോരാ. ലോകം മുഴുവൻ ഈ നാടകം കാണണമെന്ന ആഗ്രഹം എനിക്ക് ഉണ്ട്. 

ഇതിന്റെ മുഴുവൻ വിഡിയോ ഫെയ്സ്ബുക്കിലൂടെയും യുട്യൂബിലൂടെയും പുറത്തിക്കുന്നുണ്ട്. തീർച്ചയായും നിങ്ങൾ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണം.’