ഇതാണ് ജീവിതമെന്ന് അവർ എന്നെ പഠിപ്പിക്കുകയാണ്: മഞ്ജു വാരിയർ

ആലപ്പുഴയിലെ കായലിൽ അപൂർവമായി മാത്രം ഹൗസ്ബോട്ടുകൾ ഓടുന്നു. അവർപോലും പതിവു ബഹളമുണ്ടാക്കുന്നില്ല. ആശ്വാസവുമായി ബോട്ട് ചെറുവഴികളിലേക്കു കടന്നതോടെ ഇരുകരകളിലുമുള്ളവർ വെള്ളത്തിനരികിലേയ്ക്ക് ഓടിയെത്തി തോർത്തുമുണ്ടു വീശി കാണിക്കുന്നു. 

ഇവിടെ ഒന്നും കിട്ടിയില്ലെന്നു ഉറക്കെ വിളിച്ചു പറയുന്നു. ഇരുകരകളിലും മുങ്ങിയും മുങ്ങാതെയും കിടക്കുന്ന വീടുകൾ. എവിടെയും വെള്ളം മാത്രം. മഞ്ജു വാരിയർ ഏറെ നേരെ നിശബ്ദയായിരുന്നു. പിന്നീടു പറഞ്ഞു, ‘ഇതു വിചാരിച്ചതിലും കഷ്ടമാണ്. ഇവരിൽ പലർക്കും ഇനി വീടുണ്ടാകില്ല. കുടിക്കാൻ വെള്ളമുണ്ടാകില്ല, കുട്ടികൾ കുറെ കാലത്തേയ്ക്ക് സ്കൂളിൽ പോകില്ല. വീടുമുഴുവൻ മുങ്ങിക്കിടക്കുന്നതു കാണേണ്ടിവരുന്നതു വല്ലാത്ത സങ്കടമാണ്. ’ 

ആലപ്പുഴയിലെ പ്രളയ പ്രദേശത്തുകൂടെ മനോരമ സംഘത്തോടൊപ്പമുള്ള യാത്രയ്ക്കു ശേഷം മഞ്ജു വാരിയരെ കണ്ടതു വളരെ നിശബ്ദയായാണ്. അട്ടപ്പാടിയിലെ ആദിവാസി പ്രദേശത്തും കഷ്ടപ്പെടുന്ന കുട്ടികളുടെ അടുത്തമെല്ലാം മഞ്ജുവുമായി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും ഇത്ര  നിശബ്ദയായി കണ്ടിട്ടില്ല. കുറച്ചു സമയത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങി എത്താറുണ്ട്. 

മരുന്നും ഭക്ഷണവും വസ്ത്രവുമായി പോകുന്ന ബോട്ടിൽ കുറച്ചു ദൂരം യാത്ര ചെയ്തേ ദുരിതമനുഭവിക്കുന്നവരെ കണ്ടു മടങ്ങുമെന്നാണു കരുതിയിരുന്നത്. വിഐപികളുട സന്ദർശനം പലപ്പോഴും അങ്ങനെയാണ്.

ക്യാമറകൾക്കും അപ്പുറത്തേക്കും സന്ദർശനം നീളാറില്ല. എന്നാൽ മഞ്ജു രാവിലെ തുടങ്ങിയ യാത്ര സൂര്യാസ്തമനംവരെ നീണ്ടു. കോളനികളിൽനിന്നു കോളനികളിലേക്കും ക്യാംപുകളിൽനിന്നു ക്യാംപുകളിലേക്കുമുള്ള യാത്ര. തണുപ്പിലും കാറ്റിലും മഴയിലും കായയിലൂടെ. പലയിടത്തും അവർ മഞ്ജുവിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അവരുടെ ദുരിതം പറഞ്ഞു.വീട്ടിലുള്ള ഗർഭിണികളെയും രോഗമായി കിടക്കുന്നവരെയും മുതിർന്ന പൗരന്മാരെയും വീടിനകത്തുപോയി കണ്ടു സമാധാനിപ്പിച്ചു. പലരും പറഞ്ഞു, ‘ഈ ദുരിതത്തിനിടയിലും മോള് വന്നത് വല്ലാത്തൊരു ആശ്വാസമായി’. 

ബോട്ടിൽ മഞ്ജുവുണ്ടെന്നറിഞ്ഞു ഓടിക്കൂടിയ കുട്ടികളുമായി ഇടയ്ക്കു കളിച്ചു. കഷ്ടപ്പാടിനിടയിലും അവരുടെ മുഖം വിടരുന്നതു കാണാമായിരുന്നു. പലർക്കും സെൽഫി വേണം. ചിലർക്ക് ഓട്ടോഗ്രാഫ് വേണം. ചെറിയ കുട്ടികൾ ചുരിദാറിൽ പതുക്കെ പിടിച്ചുവലിച്ചു ഉറക്കെ കൂട്ടത്തോടെ ചിരിച്ചു. പ്രായമായ പലരും നെറുകയിൽ ഉമ്മവച്ചു. മഞ്ജു പരമാവധി സമയം അവരുടെ കൂടെ നിന്നു. ഓരോ കേന്ദ്രത്തിൽനിന്നും യാത്ര പറഞ്ഞതു അവരുടെ പ്രിയപ്പെട്ട വീട്ടിലെ അതിഥിയായാണ്. 

ഒരു പകൽ മുഴുവൻ അവർക്കുവേണ്ടി നീക്കിവയ്ക്കുമ്പോൾ അതിൽ താരസാന്നിധ്യത്തേക്കാൾ വലിയ എന്തോ ഉണ്ടായിരുന്നു. വളരെ വേണ്ടപ്പെട്ട ആരോ ആണെന്ന തോന്നൽ. പത്രത്തിൽ പടം വരാനും ചാനലുകളിൽ വിഡിയോ വരാനും ഒരു പകൽ മുഴുവൻ അലയേണ്ടതില്ല. ഒരു മണിക്കൂർ കൊണ്ടു തീർക്കാവുന്ന ജോലിയാണത്. യാത്ര തുടങ്ങുമ്പോഴെ മഞ്ജു പറഞ്ഞു, നമ്മൾ ഈ ചെയ്തതുകൊണ്ടൊന്നും ഒന്നുമാകില്ല. പക്ഷെ ആ ചെറിയ കാര്യംപോലും ഇവിടെ വലിയ അനുഗ്രഹമാണ്. ഇതിലൂടെ കടന്നുപോമ്പോൾ നമുക്കു മനസ്സിലാകും നാം ജീവിക്കുന്നതു എല്ലാ സൗകര്യങ്ങളുടെയും നടുവിലാണെന്ന്. 

രാത്രി വൈകി പത്തുമണിയോടെ കൊച്ചിയിലെ ഡബ്ബിങ് തിയറ്ററിലേക്കു ജോലിക്കായി കയറുമ്പോൾ പറഞ്ഞു, ‘അവിടെ എത്താനായി എന്നതുതന്നെ എന്റെ വ്യക്തി ജീവിതത്തിലെ വലിയ കാര്യമാണ്. ഞാൻ കാരണം അവർക്കു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതു എനിക്കുള്ള അനുഗ്രഹം. ചുറ്റും വെള്ളം മൂടി കിടക്കുമ്പോൾ പരാതികളില്ലാതെ, കൊടുത്ത പാക്കറ്റിൽ എന്താണെന്ന് നോക്കുകപോലും ചെയ്യാതെ ചിരിച്ചുകൊണ്ടു കൈ കൂപ്പിനിൽക്കുന്ന എത്രയോ പ്രായമായ മുഖങ്ങൾ ഇപ്പോൾ മനസ്സിലുണ്ട്. ഈ വലിയ പ്രളയത്തിനുപോലും അവരുടെ പുഞ്ചിരിമായ്ക്കാനായിട്ടില്ല. കിട്ടുന്ന ചെറിയ പൊതിപോലും തൃപ്തിയുടെ വലിയ െകട്ടുകളാണ്. ഇതാണ് ജീവിതമെന്ന് അവർ എന്നെ പഠിപ്പിക്കുകയാണ്. ’ 

നനഞ്ഞു കുതിർന്ന ഒരു ദിവസത്തിനു ശേഷം ആ വേഷം പോലും മാറ്റാതെ സ്റ്റുഡിയോയിലേക്ക് പോയി. ഇനി രാത്രി ഏറെ നീളുംവരെ അവിടെ ജോലി കാണും. ഈ നീണ്ട പകലിനിടയിലും ഒരു തവണപോലും അവർ സിനിമയെക്കുറിച്ചു സംസാരിച്ചില്ല, പരാതിപ്പെട്ടിട്ടില്ല.