ലൂസിഫറിനെ വലച്ച് ഇടുക്കിയിലെ മഴ

സംസ്ഥാനം മുഴുവൻ മഴയിൽ കുതിരുകയാണ്. ഇടുക്കിയിൽ അണക്കെട്ട് നിറഞ്ഞ് കവിയുന്നതിനെ തുടർന്ന് ഷട്ടർ ഉയർത്താനും തീരുമാനിച്ചിരിക്കുകയാണ്. മഴ കനത്തതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങുന്ന അവസ്ഥയാണ്. ഇടുക്കിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന പല സിനിമകളും തുടരാൻ സാധിക്കാത്ത അവസ്ഥയാണ്. ചിലർ ലൊക്കേഷൻ തന്നെ മാറ്റി.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ് ഇടുക്കിയിൽ പുരോഗമിക്കുകയാണ്. ഇടുക്കിയിലെ വണ്ടിപ്പെരിയാർ ആണ് ലൊക്കേഷൻ. കഴിഞ്ഞ ദിവസം കനത്ത് മഴ കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തു.

പൃഥ്വിരാജ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവച്ചത്. മള്‍ട്ടിപ്പിള്‍ ക്യാമറകള്‍ സെറ്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങാനിരിക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മുഴുവന്‍ ടീമിനെയും ദിവസം മുഴുവന്‍ മഴ വെറുതെയിരുത്തിക്കളഞ്ഞുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലൂസിഫറില്‍ ടൊവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യും. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് വില്ലൻ. നായിക മഞ്ജു വാരിയർ.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംസുജിത്ത്  വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. 

പ്രണവ് കോട്ടയത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് ആദ്യ ഷെഡ്യൂൾ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് പ്രണവ് എത്തുക.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.

വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്​ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കൺട്രോളർ–നോബിൾ ജേക്കബ്.