Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

32 രേഖകള്‍ കൂടി വിട്ടുകിട്ടണം; ദിലീപ് ഹൈക്കോടതിയിൽ

Actor Dileep

നടിയെ ആക്രമിച്ച കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു കിട്ടേണ്ടത് പ്രതിഭാഗത്തിന്‍റെ അവകാശമാണെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന രേഖകള്‍ പ്രതിഭാഗത്തിന് നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. 

കേസിന്റെ പ്രാരംഭ വാദം പ്രിൻസിപ്പൽ സെഷൻസ് കോടതി 30ലേക്കു മാറ്റി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പുകളുമനുസരിച്ചാണു പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 

ഈ കുറ്റങ്ങൾ പ്രതികൾക്കെതിരെ നിലനിൽക്കുമോയെന്നാണു കോടതി ആദ്യം പരിശോധിക്കുക. തുടർന്നു പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ച ശേഷം വിസ്താരത്തിനു ഹാജരാകാൻ സാക്ഷികൾക്കു സമൻസ് അയയ്ക്കും. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. 

കേസിന്റെ വിസ്താരം വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹർജിയും സിബിഐ അന്വേഷണം വേണമെന്ന നടൻ ദിലീപിന്റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. തന്‍റെ കുറ്റസമ്മത മൊഴി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി കോടതി ഈ മാസം മുപ്പതിന് പരിഗണിക്കും.