Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മുഖ്യ അതിഥിക്കുള്ള ഒരു താര സ്വീകരണം, ഞാനില്ല’; വീണ്ടും ഡോ. ബിജു

mohanlal-biju

ഓഗസ്റ്റ് എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഡോ.ബിജു. നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇക്കാര്യ ചൂണ്ടിക്കാട്ടി ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം കത്തയച്ചു

ഡോ. ബിജു ചലച്ചിത്ര അക്കാദമിക്ക് അയച്ച കത്തിന്റെ പകർപ്പ് താഴെ കൊടുക്കുന്നു...

പ്രിയപ്പെട്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെയും സെക്രട്ടറിയുടെയും അറിവിലേക്കായി. 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിച്ചതിലുള്ള ജൂറിയിലെ ഒരംഗം എന്ന നിലയിൽ പ്രസ്‌തുത പുരസ്കാരങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കണം എന്ന് ചലച്ചിത്ര അക്കാദമി ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു. 

പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും ആ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയുമാണെന്ന് അറിയിച്ചിട്ടുണ്ട്. ആ വിവരം രേഖാ മൂലം കൂടി അങ്ങയെ അറിയിക്കുക ആണ്. പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത് രണ്ടു കാരണങ്ങളാലാണ് എന്ന് അറിയിച്ചുകൊള്ളട്ടെ. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ദേശീയ പുരസ്‌കാര വിതരണം പോലെ സാംസ്കാരിക പൂർണമായ ഒരു ചടങ്ങിൽ ആയിരിക്കണം എന്നും പുരസ്കാരം നേടുന്ന ആളുകളെ അപ്രസക്തരാക്കിക്കൊണ്ട് ആ ചടങ്ങിലേക്ക് മറ്റ് മുഖ്യ അതിഥികളെ വേദിയിൽ പങ്കെടുപ്പിക്കരുത് എന്ന നിലപാട് ഞാൻ ഉൾപ്പെടെയുള്ളവർ വളരെ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. 

ഈ വർഷം കേരളത്തിലെ പ്രധാനപ്പെട്ട സാഹിത്യ സാംസ്കാരിക നായകർ ഒന്നടങ്കം ഈ ആവശ്യം ഉന്നയിച്ചിട്ടും ബന്ധപ്പെട്ടവർ അതിന് യാതൊരു ശ്രദ്ധയും നൽകാതെ ഒരു സൂപ്പർതാരത്തെ മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുകയും , പുരസ്‌കാര വിതരണ ചടങ്ങ് അവാർഡ് ജേതാക്കൾക്ക് യാതൊരു പ്രസക്തിയും ഇല്ലാത്ത വിധം മുഖ്യ അതിഥിയ്ക്കുള്ള ഒരു താര സ്വീകരണം എന്ന നിലയിലേക്ക് മാറുകയും ചെയ്തതായി മനസ്സിലാകുന്നു. പുരസ്‌കാര ജേതാക്കളെ അപ്രസക്തരാക്കുന്ന ഇത്തരം രീതിയോട് ഒരു രീതിയിലും യോജിക്കാൻ സാധ്യമല്ല എന്നതാണ് വിട്ടു നിൽക്കാനുള്ള ആദ്യ കാരണം. 

രണ്ടാമത്തെ കാരണം അൽപ്പം കൂടി സാമൂഹ്യപരമാണ്. ഈ വർഷം മുഖ്യ അതിഥിയായി ക്ഷണിക്കപ്പെട്ട താരം സിനിമാ രംഗത്തെ ഒരു സംഘടനയുടെ പ്രസിഡന്റ് എന്ന ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരാൾ ആണ്. ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊതു സമൂഹത്തിന് മുൻപിൽ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും കുറ്റാരോപിതന് വേണ്ടി പരസ്യമായി നിലകൊള്ളുകയും ചെയ്ത ഒന്നാണ് ഈ സംഘടന. 

അങ്ങനെ ഒരു സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഉള്ള ഒരാളെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന ഒരു സാംസ്കാരിക ചടങ്ങിൽ മുഖ്യ അതിഥിയായി ക്ഷണിക്കുന്നത് പൊതു സമൂഹത്തിന് വളരെ മോശമായ ഒരു സന്ദേശം ആണ് നൽകുന്നത്. 

ഇത്തരം അരാഷ്ട്രീയവും സാമൂഹ്യ വിരുദ്ധമായ നിലപാടുകൾ അംഗീകരിക്കപ്പെടുന്ന ഒരു വേദിയിൽ സാനിധ്യമായി പോലും പങ്കെടുക്കുന്നത് ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല സാമൂഹിക ബോധ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലും ഒരാളിൽ അവശേഷിക്കുന്ന എല്ലാ ധാർമിക നിലപാടുകളുടെയും സത്യസന്ധതയുടെയും രാഷ്ട്രീയ ബോധത്തിൻറ്റെയും മരണമായിരിക്കും എന്ന് വ്യക്തിപരമായി വിശ്വസിക്കുന്നതിനാൽ ഈ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നതായി അറിയിച്ചു കൊള്ളുന്നു . 

വരും വർഷങ്ങളിൽ എങ്കിലും ടെലിവിഷൻ ഷോകളുടെ മാതൃകയിൽ താരത്തിളക്കങ്ങളുടെ ആരാധനാ ഭ്രമം ഇല്ലാതെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അതിന്റെ വിജയികൾക്ക് സ്റ്റേറ്റ് നൽകുന്ന ആദരവ് എന്ന നിലയിൽ അവർക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്ന വേദിയിൽ വെച്ച് വിതരണം ചെയ്യുക എന്ന മാനവിക രാഷ്ട്രീയം ബന്ധപ്പെട്ടവർക്ക് തിരിച്ചറിയാൻ കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു ..

വിശ്വസ്‌തപൂർവം, 

ബിജുകുമാർ ദാമോദരൻ (സംവിധായകൻ)