Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയതാ !

drishyam-movie

മലയാളി പ്രേക്ഷകര്‍ അങ്ങനെ മറക്കാൻ ഇടയില്ലാത്തൊരു ദിവസമാണ് ആഗസ്റ്റ് 2. ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ദിവസം. സിനിമയിൽ ഒരു തിയതിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നതും അത് പ്രേക്ഷകരിൽ ചർച്ചയാകുന്നതും ദൃശ്യം സിനിമയിലൂടെയാണ്.

ഡിസംബർ 19, 2013ലാണ് ദൃശ്യം റിലീസിനെത്തുന്നത്. ചിത്രം പുറത്തിറങ്ങി അഞ്ച് വർഷം പിന്നിടുമ്പോഴും ഒരു ദിവസത്തിന്റെ പേരിലും ഈ ചിത്രം ചർച്ചയാകുന്നു.

ആഗസ്റ്റ് 2 എന്ന തിയതി പിന്നീട് പലരും സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാക്കി. തമാശയുമാക്കി. വരുണ്‍ പ്രഭാകറിന്റെ ചരമവാർഷികവും ധ്യാനം കൂടലും അങ്ങനെ അങ്ങനെ. രാത്രി വീട്ടില്‍ താമസിച്ചു വന്നാല്‍, ഒരു ദിവസം സ്‌കൂളില്‍ വരാതിരുന്നാല്‍ അതിനൊക്കെ കാരണമായി ധ്യാനത്തിനു പോയെന്ന മറുപടി. എന്തിനും ഏതിനും ഒരു ധ്യാനത്തിനു പോക്ക്.

ദൃശ്യം ക്ലൈമാക്സും മോഹൻലാലിന്റെ തമാശയും; സിദ്ദിഖ് പറയുന്നു


ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനിൽ വാരിയത് 75 കോടിക്ക് മുകളിൽ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ പണംവാരി പടങ്ങളുെട പട്ടികയിലും ദൃശ്യം ഇടം നേടി.

drishyam-house സിനിമയിലെ ജോർജുകുട്ടിയുടെ വീട് (ചിത്രം–ജൂബിൻ കുറ്റിയാനി)

മൈ ഫാമിലി എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. പിന്നീടാണ് അത് ദൃശ്യമാകുന്നത്. ജീത്തു തിരക്കഥ എഴുതി മറ്റൊരു സംവിധായകനെ കൊണ്ട് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ആ സംവിധായകന് നിർമാതാവിനെ കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോൾ ജീത്തു തന്നെ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബർ 2013ന് തൊടുപുഴയിൽ ചിത്രീകരണം തുടങ്ങി. വഴിത്തലയിലെ വീട് ആയിരുന്നു പ്രധാനലൊക്കേഷൻ. 52 ദിവസമായിരുന്നു ചാർട്ട് ഉണ്ടായിരുന്നത്. എന്നാൽ വെറും 44 ദിവസത്തിനുള്ളിൽ ദൃശ്യം സിനിമയുടെ ചിത്രീകരണം ജീത്തു പൂർത്തിയാക്കി.

ദൃശ്യം സിനിമയുടെ നിരൂപണം 

അതിമനോഹരം, ദൃശ്യ സുന്ദരം

നിഖിൽ

ദൃശ്യം ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക? കുടുംബചിത്രമെന്നോ സസ്പെൻസ് ത്രില്ലറെന്നോ മുഴുനീള എന്റെർടെയിനറെന്നോ എന്തു പേരിട്ട് നാം ഇൗ ചിത്രത്തെ വിളിക്കും? ഇതെല്ലാം സമാസമം ചേർന്ന ഇൗ ദൃശ്യവിരുന്ന് എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന് നിശ്ചയം.

ഹൈറേഞ്ചിലെ രാജാക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ ലോക്കൽ കേബിൾ ടിവി ശൃംഖലയുടെ ഉടമസ്ഥനായ ജോർജ്കുട്ടിയുടെയും അവന്റെ കുടുംബത്തിന്റെയും കഥ. അതാണ് ദൃശ്യം. അതിൽ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പരാതികളും, പ്രതിസന്ധികളും എല്ലാം ഉൾപ്പെടും. ഒപ്പം അവരെ ചുറ്റി നിൽക്കുന്ന കുറച്ച് കഥാപാത്രങ്ങളും. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഒരു വലിയ പ്രശ്നത്തെ ജോർജുകുട്ടിയും കുടുംബവും അതിജീവിക്കുന്ന കഥ.

മിനിറ്റുകൾ നീണ്ടു നിൽക്കുന്ന ആദ്യ ഷോട്ടിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്നു. കോമഡിയും കുടുംബവും കൂട്ടിയിണക്കിയ ആദ്യ പകുതി പിന്നിട്ടു രണ്ടാം പാദത്തിലെത്തുമ്പോൾ അവിടെ ഒരുക്കിയിരിക്കുന്നത് ചടുലമായ ഫ്രെയിമുകളും സസ്പെൻസ് നിറഞ്ഞ കഥാസന്ദർഭങ്ങളുമാണ്. നന്നായി തുടങ്ങി ഒടുക്കം സിനിമ കൈവിട്ടു പോകുന്ന സ്ഥിരം കാഴ്ച ഇവിടെ നേരെ തിരിഞ്ഞ്, പതിയെ തുടങ്ങി ഒടുവിൽ കൊട്ടിക്കലാശത്തിൽ അവസാനിക്കുന്നതായി നമുക്ക് കാണാം. കൈയ്യടിക്കാതെ ഒരു നല്ല പ്രേക്ഷകന് തീയറ്റർ വിട്ടു പോകാൻ കഴിയാത്ത അവസ്ഥ.

കുട്ടിത്തം തുളുമ്പുന്ന മുഖവുമായി ആ പഴയ ലാലേട്ടൻ ദൃശ്യത്തിലൂടെ പുനർജനിച്ചപ്പോൾ കൃത്യതയാർന്ന തിരക്കഥയും ഫ്രെയിമുകളുമായി ജീത്തു ജോസഫും മികച്ചു നിന്നു. കേബിൾ ടിവി നടത്തിപ്പുകാരായ കഥാപാത്രങ്ങളായി ഭാഗ്യദേവതയിൽ ജയറാമും മിസ്റ്റർ ബ്രഹ്മചാരിയിൽ ലാലേട്ടൻ തന്നെയും വേഷമിട്ടിട്ടുണ്ട്. പക്ഷെ ഇൗ കഥാപാത്രങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകത ജീത്തു ജോർജ്കുട്ടിയ്ക്ക് ചാർത്തിക്കൊടുത്തു. ജോർജുകുട്ടിക്ക് കേബിൾ ടിവി നടത്തി ലഭിച്ച സിനിമാക്കമ്പം ഒടുവിൽ സിനിമയുടെ കഥയിൽ തന്നെ സ്വാധീനം ചെലുത്തുന്നു.

മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ ഒപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ നായികയായ മീനയ്ക്ക് കഴിഞ്ഞു. ഇരുവരുടെയും മക്കളായി എത്തിയ അൻസിബയും എസ്തേറും തങ്ങളുടെ കഴിവിനൊത്തവണ്ണം അഭിനയിച്ചു പ്രതിഫലിപ്പിച്ചു. കലാഭവൻ ഷാജോൺ എന്ന നടനെ മലയാളികൾ ദൃശ്യത്തിൽ കാണുക പുതിയൊരു മുഖത്തോടെയാവും. പലരും വില്ലൻ വേഷങ്ങൾ വിട്ടു കോമഡിയിലേക്ക് തിരിയുന്ന ഇൗ കാലത്ത് തിരിച്ചൊരു പരീക്ഷണം നടത്തുകയാണ് ഷാജോൺ.

ഇർഷാദും, കുഞ്ചനും മറ്റു നടന്മാരുമൊക്കെ തങ്ങളുടെ ഭാഗം മികച്ചതാക്കി. ഇതിനൊക്കെ പുറമെ നർമത്തിൽ ചാലിച്ച് തന്റെ ചെറിയ കഥാപാത്രത്തെ മികച്ചതാക്കിയ നീരജ് മാധവ് എന്ന പുതുമുഖവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൃശ്യ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും, അനുയോജ്യവും അതിമനോഹരവുമായ അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും ദൃശ്യത്തിന് മാറ്റ് കൂട്ടുന്നു. 

എണ്ണത്തിന്റെ കാര്യത്തിൽ റെക്കോർഡ് ഇട്ടെങ്കിലും മലയാള സിനിമയ്ക്ക് അത്രയൊന്നും നല്ല വർഷമായിരുന്നില്ല 2013. പക്ഷെ ദൃശ്യം എന്ന സിനിമ 2013—ന്റെ ക്ലൈമാക്സിലെ ഗംഭീര ട്വിസ്റ്റ് ആയി മാറുന്നു. ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളൊരുക്കി ജീത്തു ജോസഫ് എന്ന സംവിധായകൻ തന്റേതായ സ്ഥാനം മലയാള സിനിമാലോകത്ത് ഉറപ്പിക്കുന്നതിനും ഇൗ വർഷം സാക്ഷി. ദൃശ്യം കാണാതിരുന്നാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് ഒരു പക്ഷെ ഇൗ വർഷത്തെയെന്നല്ല എക്കാലത്തെയും നല്ല സിനിമകളിൽ ഒന്നായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.