‘അമ്മ’യുടെ സഹായം ആവശ്യമില്ല; നിലപാട് വ്യക്തമാക്കി നടി

ഹണി റോസ്, രചന നാരായണന്‍കുട്ടി

‘അമ്മ’യിലെ വനിത അംഗങ്ങള്‍ കേസിൽ കക്ഷി ചേരുന്നതിൽ എതിർപ്പുമായി ആക്രമിക്കപ്പെട്ട നടി. കേസ് നടത്തിപ്പിന് യുവ അഭിഭാഷക വേണമെന്നായിരുന്നു അമ്മ സംഘടനയിലെ നടികളുടെ ആവശ്യം. 

എന്നാൽ ഈ ആവശ്യത്തെ ആക്രമണത്തിനിരയായ നടി ശക്തമായി എതിർത്തു. തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കേസ് ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുമെന്നും അവർ കോടതിയെ അറിയിച്ചു. സ്പെഷൽ പ്രോസിക്യൂട്ടർ കേസ് നന്നായി നടത്തുന്നുണ്ടെന്നും വാദം. പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും  നടി വ്യക്തമാക്കി.

നടി ആക്രമണത്തിനിരയായ കേസിന്‍റെ വിചാരണ നടപടികൾ തുടങ്ങാനിരിക്കേ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന നിലപാടുമായി താരസംഘടനയായ അമ്മയിലെ രണ്ടു നടിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവരാണ് സർക്കാർ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ച് ഇവർ കേസിൽ കക്ഷിചേരുകയായിരുന്നു.

അമ്മയിലെ നടിമാരുടെ ആവശ്യത്തെ സർക്കാരും എതിർത്തു. ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാൽ മാറ്റേണ്ട സാഹചര്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാത്രമല്ല, ആക്രമണത്തിനിരയായ നടി ഇപ്പോൾ താരസംഘടനയുടെ ഭാഗമല്ല. പിന്നെയെന്തിനാണ് അവർ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ ചോദിച്ചു.

കേസിന്‍റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ തൃശൂർ ജില്ലയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമർപ്പിച്ച ഹർജിയിൽ ഇന്നാണ് അമ്മയിലെ നടിമാർ കക്ഷി ചേർന്നത്. അതിന് പിന്നാലെയാണ് അമ്മയുടെ സഹായം വേണ്ടെന്ന നിലപാട് നടി കോടതിയെ അറിയിച്ചത്.