റിമി ടോമിയെ കുഴക്കി അനൂപ് മേനോനും മിയയും

ഒന്നും ഒന്നും മൂന്ന് സീസൺ 3ൽ അതിഥികളായി എത്തിയത് അനൂപ് മേനോനും മിയയുമായിരുന്നു. മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. റിമിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ രസകരമായ മറുപടിയുമായി അനൂപ് മേനോനും എത്തിയതോടെ രസകരമായ നിമിഷങ്ങളാണ് അരങ്ങേറിയത്.

മിയ അപ്രതീക്ഷിതമായാണ് ഈ സിനിമയിൽ എത്തിയതെന്ന് അനൂപ് മേനോൻ പറഞ്ഞു. ‘നായികയ്ക്കായി ഒരുപാട് പേരെ ഒഡീഷൻ നടത്തി. അതൊന്നും ശരിയായില്ല. പിന്നെ നാളുകൾക്ക് ശേഷം എവിടെയോ യാത്ര പോയി കൊച്ചി വിമാനത്താവളത്തിൽ ഞാൻ നിൽക്കുകയാണ്. വെളുപ്പിന് മൂന്ന് മണി സമയം. ഇനി മൂന്ന് ആഴ്ചയേ ഷൂട്ടിനൊള്ളൂ, നായികയെ കണ്ടെത്തിയിട്ടില്ല. ഒരാെള കണ്ടെത്തിയിരുന്നു, പക്ഷേ മനസ്സിൽ പൂർണ തൃപ്തി വന്നില്ലായിരുന്നു. ആ ടെൻഷനിൽ നില്‍ക്കുമ്പോഴാണ് വിമാനത്താവളത്തിൽവെച്ച് എന്റെ പുറകിൽ വന്നൊരാൾ തട്ടുന്നു. തിരിഞ്ഞ് നോക്കുമ്പോൾ അഞ്ജലി, ഞാൻ മനസ്സിൽ കണ്ട അതേ കഥാപാത്രം.’ 

‘ഈ സിനിമയിലെ കഥാപാത്രത്തിന്റെ അതേലുക്കിൽ മിയ വന്ന് നിൽക്കുന്നു. ഞാൻ ഇങ്ങനെ അത്ഭുതപ്പെട്ട് നിൽക്കുകയാണ്. എന്റെ ആകാംക്ഷ കണ്ട് മിയ ചോദിച്ചു, എന്നാ മനസ്സിലായില്ലേ എന്ന്. ‘നാളെ ഫ്രീ ആണെങ്കിൽ ഒരു കഥ കേൾക്കാൻ പറ്റുമോ എന്ന് മിയയോട് ഞാൻ ചോദിച്ചു. അങ്ങനെയാണ് ഈ സിനിമയിലേയ്ക്ക് മിയ എത്തിപ്പെടുന്നത്.’

‘ഷേമ എന്നാണ് എന്റെ ഭാര്യയുടെ യഥാർഥ പേര്. പലരും ക്ഷേമ ക്ഷേമ എന്നാണ് വിളിക്കുന്നത്. സൗഹൃദത്തിൽ നിന്നും പ്രണയം ഉണ്ടാകാറുണ്ട്. എന്നാൽ പ്രണയത്തിന് ശേഷം സൗഹൃദത്തിന് വലിയൊരു ഇടമുണ്ട്. ആ സ്പേയിസിലേയ്ക്ക് എത്താന്‍ പറ്റുമെന്ന ചിന്തയിലാണ് വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നത്.’–അനൂപ് മേനോൻ പറഞ്ഞു.