ആരാധക കടലിന് നടുവിൽ കരുണാനിധി

കരുണാനിധി (ഫയൽ ചിത്രം)

കരുണാനിധി എന്നും ജീവിച്ചത് കടലിലാണ്. ഒന്നുകിൽ സിനിമാ ആരാധകരുടെ കടലിനു നടുക്ക്, അല്ലെങ്കിൽ രാഷ്ട്രീയ ആരാധകരുടെ കടലിനു നടുക്ക്. ഓരോ തിര‍ഞ്ഞെടുപ്പു യോഗവും കടലുകളായിരുന്നു. മൂന്നും നാലും മണിക്കൂറുകൾ വൈകി അദ്ദേഹം രാത്രി വേദിയിലേക്കു വരുമ്പോഴും ആ കടൽ അലയടങ്ങാതെ ഇളകി മറിയുമായിരുന്നു. 

വേദിയിലുള്ള ഓരോരുത്തരെയും അദ്ദേഹം പേരു വിളിച്ചു പ്രസംഗം തുടങ്ങുമ്പോഴെ കയ്യടി തുടങ്ങും. ഓരോരുത്തരുടെ പേരും കവിത പോലെയാണു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ജന്മദിന സമ്മേളത്തിൽ ശിവാജി ഗണേശൻ നടത്തിയ പ്രസംഗം കാണാനെത്തിയ കടലിനെ തീ പിടിപ്പിക്കുന്നതായിരുന്നു. 

ശിവാജി ഗണേശൻ ചോദിച്ചു, ‘തോഴാ ഞാൻ എന്താണു പറയേണ്ടത്. എന്റെ ജീവിതത്തിൽ നിന്നെക്കുറിച്ചു പറയാതെ എനിക്കൊന്നുമില്ല. കുട്ടിക്കാലത്തെക്കുറിച്ചു പറയുമ്പോൾ  നാം ഇരുവരും തെരുവിലൂടെ പട്ടിണി കിടന്നു സ്വപ്നം കണ്ടു അലഞ്ഞതു പറയേണ്ടിവരും’.

‘സിനിമയെക്കുറിച്ചു പറയുമ്പോൾ നീ എഴുതിയ ഡയലോഗുകൾ പറഞ്ഞു പരാശക്തി എന്ന സിനിമയിലൂടെ ഒരു രാത്രികൊണ്ടു ഈ എന്നെ ആകാശത്തിലെ താരങ്ങളോളം ഉയർത്തിയതു പറയേണ്ടിവരും. ആയിരം അടി നീളമുള്ള ഒരു ഒരു സിനിമാ റീലിൽ 860 അടി നീളമുള്ള ഒരൊറ്റ ഷോട്ടിൽ‌ മറക്കാതെ ഡയലോഗുകൾ പറയാൻ നീ എഴുതിവച്ചപ്പോൾ അതിനു വഴക്കിട്ട് അവസാനം മത്സരിച്ചു ഞാനതു ചെയ്ത് ജനത്തെ വിസ്മയിപ്പിച്ച സന്തോഷം പറയുമ്പോഴും നിന്നെക്കുറിച്ചു പറയേണ്ടിവരും. എന്റെ ജീവിതത്തിലെ സന്തോഷവും വേദനയും എല്ലാം നീയുമായി ചേർന്നതാണു തോഴാ. അതുകൊണ്ടു എന്റെ ആയുസ്സിലെ രണ്ടു വർഷം നീ എടുത്തു ജീവിക്കുക. അതെന്റെ സന്തോഷമായിരിക്കും. ’

തിരഞ്ഞെടുപ്പു യോഗങ്ങളിൽ വെളുക്കുംവരെ കരുണാനിധി പ്രസംഗിച്ചു. ചിലപ്പോൾ നാലും അഞ്ചും മിനിറ്റുമാത്രം. പക്ഷെ അതുതന്നെ വെടിക്കെട്ടുപോലെയായിരുന്നു. എഐഡിഎംകെയോടു യുദ്ധം പ്രഖ്യാപിച്ചൊരു തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞു, ‘തോഴരെ, അവർ നിങ്ങളെ നടുക്കടലിൽ എറിഞ്ഞാൽ ഞാൻ കട്ടരമായി വരും. ’ അതു കേട്ടു ജനം അലറി വിളിച്ചു. അവർക്കറിയാമയാരുന്നു ഏതു നടപ്പാതിരയ്ക്കും നടുക്കടലിലും കട്ടമരംപോലെ തുണയും തുഴയുമായി കരുണാനിധി വരുമെന്ന്. 

പണ്ട് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിലെ രാത്രിയാണ്.  ചൈത്രമാസമാണ്. ആളുകൾ കാത്തിക്കുകയാണ്. കലൈഞ്ജർ എത്തുമ്പോൾ രാത്രി പത്തര മണിയായി.അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെ: " മാതം ചിത്തിരൈ. നേരം പത്തരൈ. ഉങ്കളുക്ക് നിത്തിരൈ (ചൈത്രമാസമാണ്, രാത്രി പത്തരയായി, നിങ്ങൾക്ക് ഉറക്കം വരുന്നുണ്ട് (എന്ന് എനിക്കറിയാം).ആ ഒരൊറ്റ ഡയലോഗിൽ ജനം ഉണർന്നു. 

കന്യാകുമാരി കേരളത്തിൽ ചേർക്കണം എന്നും തിരുനൽവേലി വരെ മതി തമിഴ്നാട് എന്നും ആവശ്യം സജീവമായപ്പോൾ കലൈഞ്ജരുടെ പ്രശസ്ത വാചകം: "കുമരി എങ്കൾ തൊല്ലൈ, നെല്ലൈ എങ്കൾ എല്ലൈ ".(കന്യാകുമാരി നമുക്ക് തലവേദന, തിരുനൽവേലി നമ്മുടെ അതിർത്തി). 

അവശനായിട്ടും അദ്ദേഹം സിനിമകൾ കണ്ടു. വീട്ടിലിരുന്നല്ല തിയറ്ററിലിരുന്നത്. പ്രിയദർശന്റെയും ലിസിയുടെയും ഉമടസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് പ്രവ്യു തിറ്ററിലായിരുന്നു അദ്ദേഹം വർഷങ്ങളായി സിനിമ കണ്ടത്. വീൽ ചെയറിൽ വന്നും സിനിമ കണ്ടു. അതറിഞ്ഞു പ്രിയദർശൻ തിയറ്ററിനകംവരെ വീൽ ചെയർ കൊണ്ടുപോകാവുന്ന സൗകര്യമുണ്ടാക്കി. അദ്ദേഹത്തിനായി സീറ്റുകൾ ക്രമപ്പെടുത്തി. ആശുപത്രിയിൽ പോകുന്നതിനു മാസങ്ങൾ മുൻപുവരെ അദ്ദേഹം ഈ പതിവ് ആവർത്തിച്ചു. 

വീട്ടിലെ ഹോം തിയറ്ററിലിരുന്നു സിനിമ കണ്ടാൽ ആസ്വദിക്കാനാകില്ലെന്നു അവസാന കാലത്തുപോലും കരുണാനിധി വിശ്വസിച്ചു. സിനിമ കാണാൻ വരുമ്പോഴും അദ്ദേഹം കുടുംബക്കാരെയെല്ലാം കൂട്ടിനു വിളിച്ചുകൊണ്ടുവന്നു. കുടുംബത്തിൽപ്പോലും വേണ്ടപ്പെട്ടവരുടെ കടലിനു നടുക്കിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.