Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിൻ ഹനീഫയ്ക്ക് കരുണാനിധി നൽകിയ സൗഹൃദസമ്മാനം

mammootty-haneefa

ആലപ്പുഴ ∙ കൊച്ചി‍ൻ ഹനീഫയായിരുന്നു കേരളത്തിൽ എം. കരുണാനിധിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. ആ സൗഹൃദത്തിന്റെ പേരിൽ കൊച്ചിൻ ഹനീഫയ്ക്കു വേണ്ടി ഒരു തിരക്കഥ സമ്മാനിച്ചിട്ടുണ്ട് കരുണാനിധി. മലയാളത്തിൽ കൊച്ചിൻ ഹനീഫ തന്നെ എഴുതി സംവിധാനം ചെയ്ത സിനിമയുടെ റീമേക്കിനുള്ള തിരക്കഥയായിരുന്നു അത്.

1986ൽ ആയിരുന്നു കൊച്ചിൻ ഹനീഫ മലയാളത്തിൽ ‘മൂന്നു മാസങ്ങൾക്കു മുൻപ്’ എന്ന സിനിമ ചെയ്തത്. മമ്മൂട്ടി നായകനായ ആ സിനിമ കലൈഞ്ജർ കാണാനിടയായി. സിനിമ വളരെ ഇഷ്ടപ്പെട്ട കരുണാനിധി അതു തമിഴില‍ും ചെയ്യാൻ കൊച്ചിൻ ഹനീഫയെ നിർബന്ധിക്കുകയായിരുന്നത്രേ. ഏറ്റവും അടുത്ത സുഹൃത്തായിരുന്നിട്ടും കരുണാനിധിയിൽ നിന്ന് ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ലാത്ത കൊച്ചിൻ ഹനീഫ ഈ സിനിമയ്ക്കു വേണ്ടി തിരക്കഥ നൽകാൻ കരുണാനിധിയോട് ആവശ്യപ്പെട്ടു. കരുണാനിധിക്കും പൂർണ സമ്മതം.

അങ്ങനെ, ‘പാശ പറൈവകൾ’ എന്ന പേരിൽ സിനിമ ഷൂട്ടിങ് തുടങ്ങി, 1988ൽ. ചെന്നൈ എവിഎം സ്റ്റുഡിയോ ആയിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. അന്ന് അവിടെ ആലപ്പി അഷറഫിന്റെ ഒരു സിനിമയുടെ ജോലികളും നടക്കുന്നുണ്ടായിരുന്നു. 

ആ സിനിമയ‍്ക്കു വേണ്ടിയെത്തി ആലപ്പുഴക്കാരൻ എ.കബീറിന് കരുണാനിധിയുടെ സിനിമ കൊച്ചിൻ ഹനീഫ ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ അതിൽ അഭിനയിക്കാൻ മോഹം. നേരെ കൊച്ചിൻ ഹനീഫയെ ചെന്നു കണ്ടു കാര്യം പറഞ്ഞു. അടുത്തദിവസം സ്റ്റുഡിയോയിൽ എത്താൻ നിർദേശിച്ച ഹനീഫ സിനിമയിലെ കോടതി രംഗത്തിൽ വിമാനത്താവള ഓഫിസറായ ജാഫർ എന്ന കഥാപാത്രത്തെ കബീറിനു സമ്മാനിക്കുകയും ചെയ്തു.

കലൈഞ്ജർ എം.കരുണാനിധിയുടെ സിനിമയ്ക്ക് ആലപ്പുഴയും രംഗമൊരുക്കിയിട്ടുണ്ട്. 2008ൽ, കരുണാനിധി എഴുതി ഇളവേനിൽ സംവിധാനം ചെയ്ത ഉളിയിൻ ഓശൈ എന്ന ചിത്രത്തിന്റെ ഗാനരംഗമാണു കുട്ടനാട്ടിൽ ചിത്രീകരിച്ചത്. അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ചിത്രീകരണത്തിനായി കരുണാനിധി ആലപ്പുഴയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

related stories