Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലൻസിയർ എന്തിന് തോക്കുചൂണ്ടി ?

alencier-mohanlal

സംസ്ഥാന ചലച്ചിത്ര അവാർഡ് സമര്‍പ്പണ ചടങ്ങിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കേ നടൻ അലൻസിയർ നടത്തിയ പ്രതിേഷധമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

മോഹൻലാലിനെതിരെ അലൻസിയറിന്റെ പ്രതിഷേധം

മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു. മോഹൻലാൽ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ അലൻസിയറുടെ പ്രവൃത്തി.

തുടർന്നു സ്റ്റേജിലേക്കു കയറി മോഹൻലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ മോഹൻലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.

വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതു ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. അതേസമയം തന്റെ പ്രവൃത്തിയിൽ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലൻസിയർ മനോരമയോടു പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ താന്‍ പ്രതിഷേധിക്കുകയായിരുന്നില്ലെന്ന് അലന്‍സിയര്‍ പിന്നീട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. മോഹന്‍ലാല്‍ എന്ന മഹാനടനെതിരേ വെടിയുതിര്‍ത്തതല്ലെന്നും സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

പുരസ്കാര പ്രഖ്യാപന വേളയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തെ അലൻസിയർ വിമർശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്കാരം നൽകിയപ്പോൾ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.