Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലൻസിയർ ആ തോക്ക് വീട്ടിൽ വച്ചാൽ മതിയായിരുന്നു

ഉണ്ണി കെ. വാരിയർ (ക്ലാപ്സ്)
സ്പെഷല്‍ കറസ്പോണ്ടന്‍റ്
mohanlal-alancier-3

അലൻസിയർ എന്ന നടനെ അത്ഭുതത്തോടെയാണു കണ്ടിരുന്നിട്ടുള്ളത്. മഹേഷിന്റെ പ്രതികാരത്തിലെ ബേബി ചേട്ടനെ സിനിമ കണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും മറക്കാനായില്ല. തൊണ്ടിമുതലിലെ പൊലീസുകാരനും ഇപ്പോഴും മനസ്സിൽ കൂടെയുണ്ട്. 

മോഹൻലാലിനെതിരെ അലൻസിയറിന്റെ പ്രതിഷേധം

എന്നാൽ അലൻസിയറെ ഇപ്പോൾ ഓർക്കാൻ കാരണം വേറെയാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ പ്രസംഗിക്കുമ്പോൾ വേദിക്ക് മുന്നിലെത്തി അലയൻസിയർ കൈ കൊണ്ടു തോക്കു ചൂണ്ടുന്നതുപോലെകാണിച്ചു വെടിവച്ച ശേഷം തിരിച്ചു പോയി. ഇതു ചെയ്തത് എന്തിനായിരുന്നു എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, സത്യത്തിൽ എനിക്കോർമ്മയില്ല. 

സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങെന്നതു ചെറിയ ചടങ്ങല്ല. സിനിമയിലുള്ള ഓരോരുത്തർക്കും വികാരനിർഭരമായ നിമിഷമാണ്. പ്രത്യേകിച്ചും അവാർഡു നേടിയവർക്ക്. ജേതാക്കളിൽ പലർക്കും ജീവിതത്തിൽ അത്തരമൊരു ചടങ്ങ് ജീവിതത്തിൽ ഒരിക്കലെ കിട്ടൂ. അവാർഡു നേടിയവരുടെ വേണ്ടപ്പെട്ടവരും എന്തു സന്തോഷത്തോടെയാകും ആ ചടങ്ങിനു പങ്കെടുത്തിരിക്കുക എന്നതും ആലോചിക്കാവുന്നതെയുള്ളു. അലൻസിയറും അവാർഡു ജേതാവാണ്. ഒരു പക്ഷെ അദ്ദേഹത്തിനു ഇതു വലിയ കാര്യമല്ലായിരിക്കാം. 

അലൻസിയറിന് മോഹൻലാലിനോടോ പിണറായി വിജയനോടോ പ്രതിഷേധമുണ്ടെങ്കിൽ അതു ചടങ്ങിനു മുൻപോ ശേഷമോ പ്രത്യേക ചടങ്ങായി നടത്താവുന്നതെയുള്ളു. സ്വാഭാവികമായും മാധ്യമശ്രദ്ധയും കിട്ടും. പിണറായി വിജയനോടോ മോഹൻലാലിനോടോ എതിർപ്പുണ്ടായിരുന്നുവെങ്കിൽ അലൻസിയറിന് ഇവിടെ വരാതെ വീട്ടിലിരിക്കുകയും അവിടനിന്നു തോക്കു ചൂണ്ടുകയും ചെയ്യാമായിരുന്നു. 

പല കാര്യങ്ങളിലും എതിർപ്പുള്ള എത്രയോ പേർ ആ ചടങ്ങിൽ ഉണ്ടാകും. ഇടതുപക്ഷ സർക്കാരിന്റെ പെൻഷൻ നയം, മദ്യനയം, ലോക മുതലാളിത്തം, മോഹൻലാലിന്റെ ഷർട്ടിന്റ നിറം, പിണറായിയുടെ ലുക്ക്, എ.കെ.ബാലന്റെ കണ്ണട, വേദിയുടെ നിറം തുടങ്ങി എത്രയോ കാര്യങ്ങളിൽ എതിർപ്പുണ്ടാകുന്നതെയുള്ളു. 

ഇതിൽ പ്രതിഷേധമുള്ളവരെല്ലാം വേദിയുടെ മുന്നിൽ വന്നു വെടിവയ്ക്കുകയും അമ്പെയ്യുകയും തലകുത്തി നിൽക്കുകയും നൃത്തം ചെയ്യുകയും പീപ്പി വിളിക്കുകയും ചെണ്ട കൊട്ടുകയും ചെയ്താലുള്ള അവസ്ഥ എന്താകുമെന്നു ‘അലൻസിയർ മനസ്സുള്ളവർ’ ആലോചിക്കണം. 

അലൻസിയറുടെ അഭിനയത്തിൽ എതിർപ്പുള്ള ഒരാൾ അലൻസിയർ ക്യാമറയ്ക്കു മുന്നിൽ വരുമ്പോഴെല്ലാം മുന്നിൽ ചാടി വെടി വയ്ക്കുന്നതുപോലുള്ള കലാപരിപാടികൾ ചെയ്താൽ എന്താകും അവസ്ഥ. സ്വാഭാവികമായും സെറ്റിലുള്ളവർ പിടിച്ചു പുറത്താക്കും. അലൻസിയറെ ഇന്നലെ പിടിച്ചു പുറത്താക്കാതിരുന്നതു അതൊരു തമാശയായി മുഖ്യമന്ത്രിപോലും കണ്ടു എന്നതുകൊണ്ടാണ്. പക്ഷെ തമാശ കാണിക്കാനുള്ള വേദി ഇതാണോ എന്നു വെടിവയ്പ്പുകാർ ആലോചിക്കണം. 

പിണറായി വിജയനോടു അലൻസിയറിന് എതിർപ്പുണ്ടാകാനിടയില്ല. മോഹൻലാൽ മുഖ്യാതിഥിയായി വന്നതിലുള്ള എതിർപ്പാകും അലൻസിയറെ തോക്കെടുപ്പിച്ചത്.  40 വർഷം മോഹൻലാൽ എന്ന നടൻ അഭിനയ രംഗത്തു ചെയ്ത കാര്യങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിൽ അലൻസിയർ തോക്കിന്റെ കാഞ്ചിവലിക്കില്ലായിരുന്നു. 

അലൻസിയർ നാടകത്തെ പ്രേമിക്കുന്നുവെന്ന് ഇടയ്ക്കിടെ പറയാറുണ്ട്. നല്ല കാര്യം, മോഹൻലാൽ എന്ന നടൻ അഭിനയിച്ച കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത ‘കർണ്ണഭാരം’ എന്ന നാടകത്തിന്റെ ക്ളിപ്പിങ് യൂ ട്യൂബിലുണ്ട്. അലൻസിയർ അതു കണ്ടിട്ടില്ലെങ്കിൽ എടുത്തു കാണണം. എന്നിട്ടു തീരുമാനിക്കണം, വെടിവയ്ക്കണോ വേണ്ടയോ എന്ന്. 

ഇനി ബുദ്ധിജീവികൾക്കു ഇതെല്ലാമാകാം എന്നാണെങ്കിൽ, അലൻസിയർ ഈ ഇനത്തിൽ പെടുമെങ്കിൽ പറഞ്ഞതെല്ലാം പിൻവലിക്കുകയും ആകാശത്തേക്കു തോക്കു ചൂണ്ടി രണ്ടു വെടി പൊട്ടിക്കുകയും ചെയ്യുന്നു. ഇതെല്ലാം പറയുമ്പോഴും ഒരുകാര്യം പറയട്ടെ, തൊണ്ടിമുതലിലെ പൊലീസുകാരൻ ഇപ്പോഴും എന്റെ കൂടെയുണ്ട്. അയാളുടെ വിങ്ങൽ ഇപ്പോഴും നെഞ്ചിലുണ്ട്.