‌‌‌മുപ്പതോളം തിയറ്ററുകളിൽ മൈ സ്റ്റോറി റി–റിലീസിനെത്തി

പൃഥ്വിരാജ്, പാർവതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസിനെത്തി. ആദ്യ റിലീസിൽ ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങളിൽ നിന്നാണ് സിനിമ റി–റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായികയും, നിർമാതാവുമായ റോഷ്നി ദിനകർ പറയുന്നു. ഏകദേശം മുപ്പത്തിയഞ്ചോളം തിയറ്ററുകളിലാണ് ചിത്രം റി–റിലീസിനെത്തിയത്.

പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോർച്ചുഗൽ, സ്പെയിൻ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. 

കൂടാതെ എന്നു നിന്റെ  മൊയ്തീൻ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജ്, പാർവതി ജോഡികൾ  ഒന്നിച്ച ചിത്രവും. പാർവതി ഡബിൾ റോളിൽ അഭിനയിച്ച ആദ്യ ചിത്രം, ചെന്നൈ എക്സ്പ്രസ് പോലുള്ള ഷാരൂഖ് ഖാൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ക്യാമറാമാൻ വിനോദ് പെരുമാൾ ആദ്യമായി ക്യാമറ ചെയ്ത മലയാള ചിത്രം അങ്ങനെ വിശേഷണങ്ങൾ നിരവധി. ഇങ്ങനെ പല പ്രത്യേകതകളും ഉണ്ടായിരുന്നിട്ടും മൈസ്റ്റോറി വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയി. 

പല പ്രതിസന്ധികളെയും തരണം ചെയ്താണ് റോഷ്നി ദിനകർ ചിത്രം പൂർത്തീകരിച്ചത്. ‘ചിത്രത്തിന്റെ  ഷൂട്ടിനിടെ എന്റെ കാൽ ഒടിഞ്ഞു. പിന്നെ അമ്മയ്ക്ക് കാൻസർ ആണെന്നറിഞ്ഞ നിമിഷം ഷൂട്ടിനിടയിലായിരുന്നു. കുട്ടികളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതൊക്കെയായിട്ടും എനിക്ക് വാശിയായിരുന്നു, മൈസ്റ്റോറി പൂർത്തീകരിക്കണമെന്ന്.’ റോഷ്നി പറഞ്ഞു.

ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നാൽപ്പതോളം ചിത്രങ്ങൾക്ക് കോസ്റ്റ്യൂം ഡിസൈനറായി വർക്ക് ചെയ്ത റോഷ്നി, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൈസ്റ്റോറി. പാലാക്കാരിയാണെങ്കിലും, കർണ്ണാടകത്തിൽ ജനിച്ചു വളർന്ന റോഷ്നിയുടെ വലിയ ഒരു സ്വപ്നമായിരുന്നു മലയാള സിനിമ. അതുകൊണ്ടാണ് ആദ്യ ചിത്രം മലയാളമാക്കിയത്. പക്ഷേ, ആദ്യ സംരംഭം വേണ്ടവിധം പ്രേക്ഷകരിൽ എത്തിയില്ല.

ഒരു സ്ത്രീപക്ഷ സംവിധായികയായി അറിയാൻ ആഗ്രഹമില്ലാത്ത റോഷ്നി, നല്ല വിനോദമൂല്യമുള്ള ചിത്രങ്ങളാണ് ലക്ഷ്യമിടുന്നത്. മൈസ്റ്റോറി നല്ല ഒരു വിനോദ ചിത്രമെന്നതിൽ ഉപരി, നല്ലൊരു മ്യൂസിക്കൽ ഡ്രാമ കൂടിയാണെന്ന് റോഷ്നി പറയുന്നു. ഷാൻ റഹ്മാന്റെ വ്യത്യസ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 

റോഷ്നി ദിനകർ പ്രൊഡക്ഷൻസിനുവേണ്ടി റോഷ്നിയും ഭർത്താവ് ദിനകറും ചേർന്ന് നിർമിച്ച മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യുന്നത് പാദുവാ ഫിലിംസാണ്.