ഒരു ടെക് ബ്രേക്ക് എടുക്കുന്നു: പാർവതി

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി പാർവതി. എന്നാൽ നടിയുടെ പുതിയ പോസ്റ്റ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നു.താന്‍ ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണെന്നായിരുന്നു നടിയുടെ കുറിപ്പ്. സിനിമയിൽ നിന്നല്ല തൽക്കാലം സമൂഹമാധ്യമങ്ങളിൽ നിന്നും ഒരിടവേള എടുക്കാനാണ് നടിയുടെ തീരുമാനം.

ഇതുവരെ തനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് പാര്‍വതി ഇങ്ങനെ കുറിച്ചു. ‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം (‍ഡയറക്ട് മെസ്സേജ്) വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക്‌ എടുക്കാന്‍ പോവുകയാണ് ഞാൻ‍. സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും.’

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ അനുഭവങ്ങളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വതി  ഇൻസ്റ്റഗ്രാമിൽ നിന്നു മാത്രമാണോ അതോ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും കൂടിയാണോ മാറി നില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് ഇതില്‍ നിന്നും വ്യക്തമല്ല. 

കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി ഈ അടുത്ത് റിലീസ് ചെയ്ത ചിത്രങ്ങൾ.