Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലൻസിയറല്ല, മോഹൻലാലിനെതിരെ പ്രതിഷേധം നടത്തിയത് ഈ യുവസംവിധായകൻ

deepesh-mohanlal

സംസ്ഥാന ചലച്ചിത്ര അവാർഡ് ചടങ്ങിൽ മോഹൻലാലിനെതിരെ പ്രതിഷേധം ഉയർത്തിയത് അലൻസിയർ അല്ല മറ്റൊരു യുവസംവിധായകനെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച. മോഹൻലാൽ മുഖ്യാതിഥിയായി എത്തിയ സംസ്ഥാന ചലച്ചിത്ര അവാർഡിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഏവരും കണ്ടതാണ്. അലൻസിയറിന്റെ തോക്ക് ചൂണ്ടിയുള്ള പ്രതിഷേധമായിരുന്നു ഏറെ ചർച്ചയായത്. എന്നാൽ അത് പ്രതിഷേധമായിരുന്നില്ലെന്ന് വ്യക്തമാക്കി അലൻസിയറും രംഗത്തെത്തി. 

യഥാർത്ഥത്തിൽ ചടങ്ങിൽവച്ച് മോഹന്‍ലാലിന് നേരെ പ്രതിഷേധമുയര്‍ത്തിയത് അലന്‍സിയറായിരുന്നില്ല. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ടി ദീപേഷാണ് ചടങ്ങിൽ പ്രതിഷേധം അറിയിച്ചത്.

അവാർഡ് മേടിക്കാനായി ദീപേഷ് എത്തിയപ്പോൾ മുഖ്യമന്ത്രിക്ക് അരികിൽ നിന്നിരുന്ന മോഹന്‍ലാലിനെ അദ്ദേഹം ഗൗനിച്ചിരുന്നില്ല. കണ്ടഭാവം പോലും നടിക്കാതെയാണ് നടന്നുനീങ്ങിയതെന്നായിരുന്നു പിന്നീട് വന്ന വിമര്‍ശനം. ദീപേഷ് അവാർഡ് മേടിക്കുന്ന വിഡിയോയിലും ഇത് വ്യക്തമായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ദീപേഷിനെതിരെ ശക്തമായ സൈബർ ആക്രമണം ഉണ്ടായി.

സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ദീപേഷ് വീണ്ടും രംഗത്തെത്തി.

‘സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ടമുറിയിലായാലും. ഒറ്റ നിലപാട് മാത്രം’.–ദീപേഷ് കുറിച്ചു.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥി ക്ഷണിക്കുന്നതിനെ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് ദീപേഷ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട് നിവേദനം നല്‍കിയവരില്‍ ദീപേഷുമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് മോഹന്‍ലാല്‍ സ്വീകരിക്കുന്നതിന്റെ പേരിലായിരുന്നു നടനെതിരെ പ്രതിഷേധമുണ്ടായത്. ഈ വിവാദങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥി ക്ഷണിച്ചത്.