Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെയാണ് ഞാന്‍ തയ്യൽക്കാരനാകുന്നത്; ഇന്ദ്രൻസിന്റെ കഥ

indrans-actor

തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തു കുമാരപുരമാണ് എന്റെ നാട്.ഞങ്ങൾ ഏഴു മക്കളായിരുന്നു.അച്ഛനു കൂലിപ്പണിയായിരുന്നുവെങ്കിലും ചെറുപ്പകാലം ആഘോഷമായിട്ടാണു കഴിഞ്ഞിരുന്നത്.അന്നു പട്ടിണിയും ബുദ്ധിമുട്ടും ഉണ്ടായിരുന്നതായി അക്കാലത്തു തോന്നിയിട്ടില്ല.എന്നാൽ ഇപ്പോൾ ജീവിക്കാൻ സൗകര്യമൊക്കെ ആയപ്പോഴാണ് അന്ന് അരിഷ്ടിച്ചാണ് കഴിഞ്ഞിരുന്നതെന്നും ഇപ്പോഴാണ് സമൃദ്ധിയെന്നും ബോധ്യമായത്. ചെറുപ്പകാലത്ത് ആഹാരത്തിനു മുട്ടുണ്ടായതായി ഓർമയില്ല. 

കുമാരപുരം ഗവ.എൽപി സ്കൂളിലായിരുന്നു പഠനം.അന്ന് അവിടെ നാലാം ക്ലാസ് വരെയുള്ളൂ.ഇന്നിപ്പോൾ ആ സ്കൂൾ വളർന്നു വലുതായി.ക്ലാസിലിരിക്കുമ്പോൾ അടുത്തിരിക്കുന്നവനെ തോണ്ടി ചിരിപ്പിക്കുകയെന്നത് എന്റെ പതിവു പരിപാടിയായിരുന്നു.അവൻ ചിരിക്കുമ്പോൾ ഞാൻ ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കും.ടീച്ചർ അവനെ പിടിച്ചു തല്ലുമ്പോൾ അവൻ എന്നെ ചൂണ്ടിക്കാട്ടും.കൂടെ എനിക്കും അടി കിട്ടും.

എന്നാൽ എത്ര അടി കിട്ടിയാലും തോണ്ടിയതു ഞാനാണെന്നു പറയാത്ത ചില തടിയന്മാരുണ്ട്.അവന്മാർ പാറയ്ക്കിട്ടു തല്ലുന്ന പോലെ അടി കൊള്ളും.പക്ഷേ വായ തുറക്കില്ല.കുസൃതി സഹിക്കാത്തതിന്റെ പേരിൽ ഒരിക്കൽ എന്നെ മാഷ് സ്കൂളിന്റെ അരഭിത്തിയിൽ കയറ്റി ഇരുത്തി.സ്കൂൾ വിടുന്നതു വരെ അവിടെത്തന്നെയായിരുന്നു ഇരിപ്പ്. 

indrans-family

എനിക്കു നല്ല വസ്ത്രങ്ങളൊന്നുമില്ലായിരുന്നു.എങ്കിലും നന്നായി പഠിച്ചിരുന്നതിനാൽ ടീച്ചർമാർക്ക് ഇഷ്ടമായിരുന്നു. മുൻ ബെഞ്ചിലായിരുന്നു ഇരിപ്പിടം.നാലാം ക്ലാസ് കഴിഞ്ഞതോടെ സ്കൂൾ മാറണം.പുതിയ ക്ലാസിലേക്ക് പഴയ പുസ്തകങ്ങൾ സംഘടിപ്പിക്കാമെന്നു കരുതി.പക്ഷെ പുതിയ സ്കൂളിലെ യൂണിഫോം തയ്പ്പിക്കുകയെന്നത് അച്ഛനുമമ്മയ്ക്കും താങ്ങാൻ പറ്റാത്ത കാര്യമായിരുന്നു.

പുതിയ സ്കൂളിൽ പഠിക്കാമെന്ന മോഹത്തോടെ കുറെക്കാലം കാത്തിരുന്നു.സ്കൂൾ തുറന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും യൂണിഫോം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല.കുറെ കഴിഞ്ഞതോടെ തുടർന്നു പഠിക്കാമെന്ന മോഹം നടക്കില്ലെന്നു ബോധ്യമായി. 

അക്കാലത്ത് പഠിത്തം നിർത്തുന്നതൊക്കെ സാധാരണമായിരുന്നു.എനിക്കു മുമ്പേ പഠിത്തം നിർത്തിയ പലരും അവിടെയുണ്ട്. പഠിച്ചാലേ ജീവിതത്തിൽ എന്തെങ്കിലും നേടാനാവൂ എന്നു പറഞ്ഞു തരാനൊന്നും ആരുമില്ല.അങ്ങനെയിരിക്കെയാണ് കുമാരപുരത്ത് അമ്മാവൻ അപ്പുവിന്റെ തയ്യൽകടയിൽ പണി പഠിക്കാനായി അയച്ചത്.ആദ്യ കാലത്തു കടയുടെ തറ തുടയ്ക്കുക, വെള്ളം കൊണ്ടു വരിക, പൂജാ കാര്യങ്ങൾ നോക്കുക തുടങ്ങിയവയായിരുന്നു ജോലി.

മൂന്നു കൊല്ലത്തോളം കാത്തിരുന്ന ശേഷമാണ് തയ്യൽ മെഷീനിൽ തൊടാൻ അനുവദിച്ചത്. അമ്മാവൻ വലിയ കർശനക്കാരനായിരുന്നു. സമയത്ത് കടയിലെത്തിയില്ലെങ്കിൽ ഇറക്കി വിടും. പിന്നീട് അമ്മ പറഞ്ഞാലേ വീണ്ടും ജോലിക്കു കയറ്റൂ. ഇതു പലതവണ ആവർത്തിക്കുമ്പോൾ അമ്മ എന്നെ തല്ലും. അങ്ങനെയിരിക്കെ ഒരിക്കൽ അമ്മാവൻ എന്നെ പുറത്താക്കിയപ്പോൾ ഞാൻ ആകെ നിരാശനായി. അമ്മയുടെ തല്ലു പേടിച്ച് അവിടെ നിന്നു മെല്ലെ നടന്ന് ശംഖുമുഖം കടപ്പുറത്തെത്തി.

indrans-mammootty

വൈകുന്നേരം വരെ അവിടെയിരുന്നു.ഇരുട്ടിയപ്പോൾ പേടി തോന്നി.ഒടുവിൽ അതേ വഴിയേ തിരികെ നടന്നു വീട്ടിലെത്തി. പിന്നീട് അമ്മാവന്റെ കടയിൽ പോയിട്ടില്ല. സ്റ്റാച്യുവിൽ ദാമു എന്നയാളിന്റെ യുണൈറ്റഡ് ടെയ്‌ലേഴ്സിലേക്കു മാറി.സെക്രട്ടേറിയറ്റിനു സമീപത്തുള്ള രണ്ടു മൂന്നു തയ്യൽ കടകളിൽ ജോലി ചെയ്തിട്ടുണ്ട്. 

ഓരോ സ്ഥലത്തും ഓരോ കാര്യം പഠിച്ചു. സ്യൂട്ട് തയ്യലിലും മറ്റും വിദഗ്ധനായി മാറി. സെക്രട്ടേറിയറ്റിനു മുന്നിൽ ചൂടേറിയ സമരങ്ങൾ നടക്കുമ്പോൾ വഴിയിലിറങ്ങി ഞങ്ങൾ നോക്കി നിൽക്കും. അടിയുണ്ടായാൽ ഇടവഴികളിലൂടെ ഓടി രക്ഷപ്പെടും. 

Indrans-with-family

അമ്മാവന്റെ കൂടെ നിൽക്കുന്ന കാലത്തേ ഞാൻ ചെറിയ തോതിൽ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. സ്റ്റാച്യുവിലെത്തിയതോടെ അതു കുറെക്കൂടി വിപുലമായി. കുറെക്കഴിഞ്ഞപ്പോൾ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുമ്പോൾ സ്വാതന്ത്ര്യമില്ലെന്നു തോന്നിത്തുടങ്ങി. വീട്ടിൽ തന്നെ തയ്യൽ മെഷീനിട്ടു പണി തുടർന്നു. അക്കാലത്ത് സുരൻ കുമാരപുരം എന്ന പേരിലാണ് ഞാൻ നാടക രംഗത്ത് അറിയപ്പെട്ടിരുന്നത്.

ഹാസ്യനടനുള്ള പുരസ്ക്കാരങ്ങളും മറ്റും കിട്ടിയതോടെ അഭിനയം ഹരമായി മാറി. ഇതിനിടെ സിനിമാക്കമ്പവുമുണ്ട്. പേട്ട കാർത്തികേയ,പട്ടം സലീം തുടങ്ങിയ തിയറ്ററുകളിലാണ് അക്കാലത്തു സിനിമ കണ്ടിരുന്നത്. 

അങ്ങനെയിരിക്കെ ഗാന്ധാരിയമ്മൻ കോവിലിനു സമീപം കെൽവിൻ ടെയ്‌ലേഴ്സ് വിൽക്കാൻ പോകുന്നതായി അറിഞ്ഞു. ചേച്ചിയുടെ ഭർത്താവ് അപ്പുവിന്റെ സാമ്പത്തിക സഹായത്തോടെ ഞാൻ അതു വാങ്ങി. തയ്ക്കാൻ ജോലിക്കാരുണ്ടെങ്കിലും തുണി വെട്ടിക്കൊടുക്കുന്നത് ഞാനാണ്.

കുറെക്കാലം കട ഭംഗിയായി നടത്തി.ഓണക്കാലമായപ്പോൾ തയ്യൽ ജോലി കുന്നു കൂടി.ഒപ്പം നാടകങ്ങളും വർധിച്ചു.നാടകങ്ങളുടെ പിന്നാലെ ഞാൻ പോയതോടെ തുണി സമയത്തു തയ്ച്ചു കൊടുക്കാൻ സാധിക്കാതായി.ജോലിക്കാരിൽ പലരും വന്നില്ല. കടയുടെ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത ഘട്ടത്തിൽ അതു പൂട്ടേണ്ടി വന്നു. 

വീണ്ടും പഴയ പോലെ വീട്ടിൽ തയ്യൽ മെഷീനിട്ട് തയ്യൽ തുടർന്നു.ഇതിനിടെ ‘ചൂതാട്ടം’ എന്ന സിനിമയ്ക്കു വേണ്ടി ലക്ഷ്മണൻ എന്നയാളിന്റെ വസ്ത്രാലങ്കാര സഹായി ആയി കൂടി.

പ്രേംനസീറും ജയഭാരതിയും അഭിനയിച്ച ഈ സിനിമയുടെ നിർമാതാവ് എന്റെ നാടകങ്ങൾ കണ്ടിട്ടുണ്ട്. അദ്ദേഹം എനിക്ക് ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം തന്നു.കട പൊളിഞ്ഞെങ്കിലും ഞാൻ സിനിമാക്കാരനായി മാറി. ‘അണിയാത്ത വളകൾ’ എന്ന ചിത്രത്തിന്റെ സമയത്താണ് നടി അംബികയെ പരിചയപ്പെടുകയും അവർക്ക് വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കുകയും ചെയ്തത്.

indrans-home

പിന്നീട് ചെന്നൈയിലേക്ക് പോയി.അവിടെ ‘തിടമ്പ് ’എന്ന സിനിമയിൽ ഒരു മാസത്തോളം പ്രവർത്തിച്ചു.തുടർന്നു നാട്ടിൽ മടങ്ങിയെത്തി വേലായുധൻ കീഴില്ലത്തിന്റെ കൂടെ വസ്ത്രാലങ്കാര സഹായി ആയി.വനിതാ പൊലീസ്,ഒരു മാടപ്രാവിന്റെ കഥ തുടങ്ങി ഒരുപാട് സിനിമകൾ ചെയ്തു.‘സമ്മേളനം’ എന്ന സിനിമയിലാണ് ആദ്യമായി സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവഹിച്ചത്. 

ജീവിതത്തിൽ സ്ഥിരമായി എന്തെങ്കിലും വേണമെന്ന അമ്മയുടെ നിർബന്ധത്തെ തുടർന്നായിരുന്നു മെഡിക്കൽ കോളജ് ജംഗ്ഷനിൽ ഇന്ദ്രൻസ് ടെയ്‌ലേഴ്സ് എന്ന കട തുടങ്ങിയത്.ഇന്നിപ്പോൾ അത് ഇന്ദ്രൻസ് ബ്രദേഴ്സ് എന്ന പേരിൽ അനിയൻമാർ കുമാരപുരത്തു നടത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.