Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച വ്യക്തിത്വത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സേട്ടന്: പൃഥ്വിരാജ്

manju-indrans-prithvi

ഇന്ദ്രൻസിനെ പ്രശംസിച്ച് പൃഥ്വിരാജ്. മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ എന്ന് പൃഥ്വിരാജ് പറഞ്ഞു. 

‘ഇന്ദ്രന്‍സ് എന്ന മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആയിക്കാണൂ, എന്നാല്‍ മലയാള സിനിമയില്‍ മികച്ച വ്യക്തിത്വത്തിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല കുറി ഇന്ദ്രന്‍സിന് ലഭിച്ചേനെ’. –പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് ഇന്ദ്രന്‍സിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും’ എന്ന ചിത്രം മുതലുളള അടുപ്പമാണ് അദ്ദേഹവുമായി. അതിനു ശേഷം എവിടെ വച്ചു കണ്ടാലും മേസ്തിരി എന്ന് അദ്ദേഹത്തിന്റെ വിളി കേള്‍ക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥപാത്രങ്ങളിലേക്കുള്ള തുടക്കം മാത്രമാകട്ടെ ഇത്, കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും പൃഥ്വിരാജ് ആശംസിച്ചു.

കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതാവസ്ഥയെപ്പറ്റിയും പൃഥ്വി സംസാരിക്കുകയുണ്ടായി. നമ്മളാൽ കഴിയുന്ന സഹായങ്ങളെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമാലോകത്തു നിന്നും വ്യവസായ ലോകത്തുനിന്നും പലവിധത്തിലുള്ള സഹായങ്ങൾ അവരിൽ എത്തിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

‘പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നത് മാത്രമാണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങൾ കരുതരുത്. കഴിഞ്ഞ ദിവസം എന്നോട് ഒരാൾ പറഞ്ഞു, ‘നിങ്ങൾ ചെയ്താൽ പത്രത്തിൽ വാർത്തയൊക്കെ വരും, ഞങ്ങൾ ചെയ്തിട്ട് എന്ത് ഗുണം എന്ന്.’ അതല്ല ഇതിന്റെ ഉദ്ദേശം. ഇങ്ങനെയൊരു അവസ്ഥയിൽ ‘ഞാൻ കാറിന് ടാക്സ് അടക്കില്ല, റോഡ് നല്ലതല്ല’, എന്നൊന്നും നമുക്ക് പറയാൻ നമുക്കൊരു കാരണമില്ല, സംഭാവനകളുടെ വലിപ്പമല്ല അത് ചെയ്യാനുള്ള മനസ്സാണ് ഇന്ന് നമുക്ക് ആവശ്യം. പത്രത്തിൽ വരുമോ ഇല്ലയോ എന്നതല്ല അതിന്റെ ഉദ്ദേശം. എല്ലാവരും കൈകോർത്ത് പിടിച്ചാൽ ഈ അവസ്ഥയെ അതിജീവിക്കും എന്ന് ഉറപ്പുണ്ട്.’–പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. ‘ഇന്ദ്രന്‍സേട്ടന്റെ അഭിനയശേഷിയെക്കുറിച്ചൊന്നുമല്ല എനിക്ക് പറയാനുള്ളത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ‘കണ്ണിനു കാണാന്‍ പോലും കഴിയാത്ത എനിക്ക് അവാര്‍ഡ് നേടിത്തന്ന നിങ്ങളെയൊക്കെ സമ്മതിക്കണം’ എന്ന്. അദ്ദേഹത്തിന് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണത്. ഇന്ദ്രന്‍സേട്ടന്‍ കണ്ണിനു കാണാന്‍ കഴിയാത്ത ആളല്ല, ഞങ്ങളൊക്കെ കണ്‍നിറയെ അത്ഭുതത്തോടെ നോക്കി കാണുന്ന ആളാണ്,’ മഞ്ജു പറഞ്ഞു.

സിനിമയില്‍ താന്‍ ഒരുപാട് സ്‌നേഹിച്ച, തന്നെ ഒരുപാട് സ്‌നേഹിച്ചവരൊക്കെ ഇവിടെയുണ്ടെന്നും അവരുടെ ഒക്കെ അളവ് തന്റെ പോക്കറ്റില്‍ ഉണ്ടെന്നും പറഞ്ഞായിരുന്നു ഇന്ദ്രന്‍സ് തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. സിനിമയില്‍ ഒരു തുന്നല്‍ക്കാരനായാണ് താന്‍ ജോലി തുടങ്ങിയത്. ആരാധന തോന്നിയ എത്രയോ പേരെ കാണാനും തൊടാനും സാധിച്ചു. അവരോടൊപ്പമുള്ള സഹവാസമാണ് തന്നെ ഒരു നടനാക്കിയതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.