സഹായഹസ്തം നീട്ടി ദിലീപും അമല പോളും ഉണ്ണി മുകുന്ദനും

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി വീണ്ടും താരങ്ങൾ. ചലച്ചിത്രതാരങ്ങളായ ദിലീപ്, അമല പോൾ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുകയാണ് നടൻ ദിലീപ്. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചത് ദിലീപിന്റെ സ്വദേശം കൂടിയായ ആലുവയിലാണ്. ലയൺസ് ക്ലബ് അംഗങ്ങൾക്കൊപ്പമാണ് ഉണ്ണി മുകുന്ദൻ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ഉണ്ണി മുകുന്ദനും സംഘവും വിതരണം ചെയ്തു. 

ഷൂട്ടിങ്ങിനിടെ കൈയ്ക്ക് സംഭവിച്ച പരുക്ക് വകവയ്ക്കാതെയാണ് അമല പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. സാനിറ്ററി നാപ്കിനുകൾ, പുതപ്പുകൾ തുടങ്ങിയവ വാങ്ങി ക്യാമ്പുകളിലേക്ക് എത്തിക്കുന്ന അമല പോളിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. 

നേരത്തെ കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്റർ കേന്ദ്രീകരിച്ച് പൂർണിമയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിച്ചിരുന്നു. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, പാർവതി, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് ജയസൂര്യ, ആസിഫ് അലി, അജു വർഗീസ് എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.