Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമല്ല, ജനങ്ങളുടെ ജീവനാണ് പ്രധാനം; ഹീറോ ആയി രാജീവ് പിള്ള

rajeev-pillai

പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് രക്ഷകരായി ഒരുപാട് പേർ അവതരിച്ചിരുന്നു. സാധാരണക്കാരും സിനിമാതാരങ്ങളും തുടങ്ങി കേരളജനത ഒട്ടാകെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അതിൽ ഒരു നായകൻ രാജീവ് പിള്ളയാണ്. സ്വന്തം വിവാഹം പോലും മാറ്റിവച്ചാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

നാല് ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. എൻജിനിയറിങ് ബിരുദധാരിയായ അജിതയായിരുന്നു രാജീവിന്റെ വധു. എന്നാൽ തിരുവല്ലയിലെ സ്വന്തം നാടായ നന്നൂരിലെ ആളുകൾ വെള്ളപ്പൊക്കത്തിലായെന്നറിഞ്ഞതോടെ വിവാഹം തന്നെ മാറ്റിവയ്ക്കുകയായിരുന്നു.

തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലാണ് രാജീവിന്റെ വീട്. രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് രാജീവ് നാട്ടിലെത്തിയത്. കഴിഞ്ഞ 48 മണിക്കൂറും ഒരു ചങ്ങാടത്തിൽ സുഹൃത്തുക്കൾക്കൊപ്പം രാജീവ് രക്ഷാപ്രവർത്തനത്തിലായിരുന്നു.

‘എന്റെ വീടിന്റെ അടുത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു മാത്രമാണ് പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നത്. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തില്ല, കൈയില്‍ കിട്ടിയതുപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 48 മണിക്കൂറും വെള്ളത്തില്‍ തന്നെയായിരുന്നു.’–രാജീവ് പറഞ്ഞു.

‘രണ്ട് സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടായിരുന്നത്. ചില രോഗികള്‍ക്ക് എല്ലാ ദിവസവും ഡയാലിസിസ് ചെയ്യേണ്ടവരാണ്. മരുന്നുകള്‍ അത്യാവശ്യമായിരുന്നു പലര്‍ക്കും. ഇത് നമ്മുടെ കടമയാണെന്നും ഹീറോയിസമല്ലെന്നും രാജീവ് പിള്ള പറഞ്ഞു’.

‘ആരാണെങ്കിലും ഇങ്ങനയെ ചെയ്യൂ. ഈ സമയത്ത് ആർക്കെങ്കിലും സമാധാനത്തോടെ ഉറങ്ങാൻ കഴിയുമോ?. ഇവിടെയാണ് നമ്മുടെ ആവശ്യം.’–രാജീവ് പറഞ്ഞു. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, രാജീവിനും കൂട്ടർക്കും സഹായഹസ്തം നൽകുകയുണ്ടായി. ക്യാംപിലേയ്ക്ക് വേണ്ട മരുന്നും മറ്റ് വസ്തുക്കളുമാണ് ഇർഫാൻ കൊടുത്തയച്ചത്.

വധുവാകാൻ പോകുന്ന അജിത ആലുവ സ്വദേശിയാണ്. ഇരുവരുടെയും വിവാഹം തീരുമാനിച്ചിട്ട് ഇപ്പോൾ മൂന്നുമാസമാകുന്നു. വിവാഹം സ്വകാര്യമാണെന്നും 10 പേരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്നും രാജീവ് പറഞ്ഞു. അടുത്ത മാസം വിവാഹം ഉണ്ടാകുമെന്നും രാജീവ് വ്യക്തമാക്കി.

ഷക്കീലയുടെ ജീവിതകഥ പ്രമേയമാകുന്ന ബോളിവുഡ് ചിത്രത്തിലാണ് രാജീവ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജീവിന്റെ ഈ ആത്മാർത്ഥതയെ പ്രശംസിച്ച് ചിത്രത്തിൽ നായികയായ ബോളിവുഡ് നടി റിച്ച ഛദ്ദയും രംഗത്തെത്തിയിരുന്നു. സിനിമയിൽ റിച്ചയാണ് ഷക്കീലയുടെ വേഷത്തിൽ എത്തുന്നത്.

‘എന്റെ സുഹൃത്തും സഹതാരവുമായ രാജീവ് പിള്ള അദ്ദേഹത്തിന്റെ വിവാഹം തന്നെ മാറ്റിവച്ചു. സ്വന്തം നാടായ നാന്നൂരിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടിയായിരുന്നു വിവാഹം മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യം നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചു. നിങ്ങൾ കരുത്തനാണെങ്കിൽ ഇതുപോലുള്ള സന്ദർഭങ്ങളിലാണ് അത് ഉപയോഗിക്കേണ്ടത്. കേരളത്തിൽ യുവാക്കളും മത്സ്യതൊഴിലാളികളും രാവും പകലും കഷ്ടപ്പെട്ടാണ് ആളുകളെ രക്ഷപ്പെടുത്തിയത്.’–റിച്ച കുറിച്ചു.

related stories