Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം; മലയാള സിനിമയ്ക്ക് 30 കോടിയുടെ നഷ്ടം

ranam-movie

കൊച്ചി∙ പ്രളയംമൂലം ഓണച്ചിത്രങ്ങളുടെ റിലീസ് അടുത്ത മാസത്തേക്കു മാറ്റി. സിനിമാ സംഘടനകളുടെ യോഗത്തിലാണു തീരുമാനം. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒരുമിച്ചു റിലീസ് ചെയ്താൽ നഷ്ടമുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണു ഘട്ടം ഘട്ടമായുള്ള റിലീസിനു ധാരണയായത്. സെപ്റ്റംബർ ഏഴിനു തീവണ്ടി, രണം, 14ന് ഒരു കുട്ടനാടൻ ബ്ലോഗ്, പടയോട്ടം, 20നു ജോണി ജോണി യെസ് അപ്പ, വരത്തൻ, മാംഗല്യം തന്തുനാനേന, 28നു ചാലക്കുടിക്കാരൻ ചങ്ങാതി, ലില്ലി എന്നിങ്ങനെയാണു റിലീസ്. 

ഓണത്തിനു മുൻപു റിലീസ് ചെയ്യേണ്ടിയിരുന്ന ലാഫിങ് അപ്പാർട്മെന്റ് ഉൾപ്പെടെ മൂന്നു ചിത്രങ്ങൾ ഇന്നും നാളെയുമായി തിയറ്ററുകളിലെത്തും. ഓണച്ചിത്രങ്ങൾ നിർബന്ധമായും രണ്ടാഴ്ച പ്രദർശിപ്പിക്കുവാൻ തിയറ്റർ ഉടമകൾ സമ്മതിച്ചിട്ടുണ്ടെന്നു ഫിലിം ചേംബർ ജനറൽ സെക്രട്ടറി സാഗ അപ്പച്ചൻ, പ്രസിഡന്റ് വിജയകുമാർ, അനിൽ വി. തോമസ് എന്നിവർ അറിയിച്ചു. 

നിർമാതാക്കൾ, വിതരണക്കാർ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്താണു ചിത്രങ്ങളുടെ മുൻഗണന നിശ്ചയിച്ചത്. രണ്ടാഴ്ചയ്ക്കുശേഷം കലക്‌ഷനുണ്ടെങ്കിൽ ഷോ തുടരും. അല്ലാത്തപക്ഷം ചിത്രം നീക്കാം. റിലീസ് പ്രഖ്യാപിച്ച തീയതിയിൽ ചിത്രം തയാറായില്ലെങ്കിലും തിയറ്ററുകൾക്കു വേറെ ചിത്രം എടുക്കാം. 

ബിഗ് ബജറ്റ് ചിത്രങ്ങളായ ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഡ്രാമ എന്നിവയുടെ റിലീസ് നിർമാതാക്കളുമായി ചർച്ചചെയ്തു തീരുമാനിക്കും. ഒക്ടോബറിൽ ഇവയുടെ റിലീസുണ്ടാകും. 

പ്രളയം കോടികളുടെ നഷ്ടമാണു സിനിമ മേഖലയ്ക്കുണ്ടാക്കിയത്. ചിത്രീകരണങ്ങൾ മുടങ്ങുകയും 60 ശതമാനം തിയറ്ററുകൾ അടച്ചിടേണ്ടി വരികയും ചെയ്തു. നാലു തിയറ്ററുകൾ നശിച്ചു. പല തിയറ്ററുകളിലും വെള്ളം കയറി. ചുരുങ്ങിയതു 30 കോടിയുടെ നഷ്ടമുണ്ട്. 100 കോടി മുടക്കിയ ചിത്രങ്ങളുടെ റിലീസ് മുടങ്ങി. പല തിയറ്ററുകളിലും രണ്ടു പ്രദർശനം മാത്രമാണു നടന്നത്. തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്ന ഇബ്‌ലിസ്, ഒരു പഴയ ബോംബ് കഥ, നീലി, വിശ്വരൂപം 2, മറഡോണ തുടങ്ങിയ ചിത്രങ്ങളുടെ കലക്‌ഷനെ പ്രളയം സാരമായി ബാധിച്ചു. 

ഓണച്ചിത്രങ്ങളുടെ റിലീസ് നീട്ടിയതോടെ ഈ സിനിമകൾക്കു രണ്ടാഴ്ചകൂടി പ്രദർശന സമയം ലഭിക്കും. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ സംഘടനാ പ്രതിനിധികളും കൊച്ചിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. വിവിധ സംഘടനകളുമായി സഹകരിച്ചു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയതായി ചേംബർ അറിയിച്ചു. സൗത്ത് ഇന്ത്യൻ ചേംബർ വഴി 4,500 ചാക്ക് അരി ദുരിതാശ്വാസ ക്യാംപുകളിൽ നൽകിയിട്ടുണ്ട്.