Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ പ്രതിഫലം വാങ്ങുന്ന യുവനടന്മാര്‍ എവിടെ; ആഞ്ഞടിച്ച് ഗണേഷ് കുമാർ

Ganesh Kumar

മലയാളത്തിലെ യുവ നടന്മാർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്‌കുമാർ എംഎൽഎ. കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന മലയാളത്തിലെ പല യുവതാരങ്ങളും കേരളത്തിനൊരു ദുരിതം വന്നപ്പോൾ യാതൊരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമർശനം. കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

ഗണേഷ് കുമാറിന്റെ വാക്കുകൾ–

‘നല്ല മനസ്സുള്ളവർ ലോകത്ത് ഇപ്പോഴും ഉണ്ട്. അവരെ തിരിച്ചറിയുന്നില്ലെന്ന് മാത്രം, കുഴപ്പക്കാരെ മാത്രമേ നാം കാണാറുളളൂ. നല്ല മനസ്സുള്ള, നിശബ്ദരായി സഹായിക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്.’

‘സിനിമാപ്രവർത്തകരുടെ കാര്യം നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന പല ആളുകളുടെയും ദുരിതം വന്നപ്പോൾ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അഞ്ചുപൈസ കൊടുത്തതുമില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്മാർ, ചില യുവ നടന്മാർ അവരെയൊന്നും കാണാനേയില്ല. ’

‘വെറും അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള പാവങ്ങൾ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതൽ ശമ്പളം വാങ്ങുന്നവരല്ല. ഈ അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങൾ അഞ്ചുപൈസ കൊടുത്തില്ല.’

‘ഒരു കട ഉദ്ഘാടനത്തിന് മുപ്പത് ലക്ഷം രൂപ വാങ്ങുന്ന താരങ്ങളുണ്ട്. ആ പെസൈ എങ്കിലും അവർ കൊടുക്കേണ്ടേ, അവർ പത്ത് ലക്ഷം കൊടുത്തു. കോടിക്കണക്കിന് രൂപ വാങ്ങുന്നവർ പ്രസ്താവന കൊടുക്കാനും ഫെയ്സ്ബുക്കിൽ എഴുതാനും തയാറാകുമ്പോൾ ഞാൻ അതിൽ പ്രതിഷേധിക്കുന്നു’.

‘ഞാനും ഒരു കലാകാരനാണ്. ഫെയ്സ്ബുക്കിൽ ആകാശത്ത് ഇരുന്ന് അഭിപ്രായം പറയുന്ന ചില ആളുകൾ ഒരു സഹായവും നൽകിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികൾ പിരിച്ചെടുത്ത തുക ചെറുതാണെങ്കിൽ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവർ നൽകി. പത്തനാപുരം കാർഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ ഞാൻ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇവിടെ മലയാളിയുടെ സ്നേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ പങ്കുപറ്റുന്ന ചില നടന്മാർ ഒരു സഹായവും നൽകാതിരുന്നത് മോശമാണ്. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകിയത്. അത് നമ്മൾ ശ്രദ്ധിക്കണം, ആ ലിസ്റ്റ് എടുത്ത് നോക്കണം. ഇത്രയും ദുരിതം കേരളത്തിന് വന്നപ്പോള്‍ നിങ്ങൾ എന്ത് ചെയ്തു എന്ന് അവരോട് ചോദിക്കണം.

‘നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യന്റെ വലിയ മനസ്സാണ് നാം പോയ നാളുകളിൽ കണ്ടത്. സ്നേഹം എല്ലാവരിലും ഉണ്ട്. ജാതിയും രാഷ്ട്രീയവും ഒന്നും അതിനിടയിൽ ഒന്നുമല്ല’.–ഗണേഷ് കുമാർ പറഞ്ഞു.

related stories