Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 വർഷം പിന്നിട്ട് കോട്ടയം ആനന്ദ് തിയറ്റർ

anand-theatre

കോട്ടയം ∙ ആനന്ദ് തിയറ്റർ ഇന്ന് 50 വർഷം പിന്നിടുന്നു. തിയറ്ററിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ആസ്വദിച്ച സിനിമകളിലൊന്നായ ത്രീ ഡി ചിത്രം 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ രണ്ടു പ്രദർശനങ്ങൾ അൻപതാം വാർഷികത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11നും വൈകിട്ട് ആറിനും 'കൂടെ' എന്ന ചിത്രത്തിന്റെ രണ്ടു പ്രദർശനങ്ങൾ ഉച്ചയ്ക്കു രണ്ടിനും രാത്രി 8.45നും ഉണ്ടായിരിക്കും. 

ഈ പ്രദർശനങ്ങളിൽനിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകുമെന്ന് ആനന്ദ് തിയറ്റർ മാനേജ്മെന്റ് അറിയിച്ചു. 1968 ഓഗസ്റ്റ് 28നു ബോളിവുഡ് നടൻ ദിലീപ് കുമാറാണ് ആനന്ദ് ഉദ്ഘാടനം ചെയ്തത്. താരങ്ങളായ സൈറ ബാനു, സഞ്ജയ് ഖാൻ, പ്രേം നസീർ എന്നിവർ പങ്കെടുത്തിരുന്നു.

ട്വന്റിയത്ത് സെഞ്ച്വറി ഫോക്സിന്റെ 'ദ് ബൈബിൾ' ആണ് ആദ്യ ചിത്രം. കേരളത്തിലെ മുൻനിര തിയറ്ററായി അഞ്ചു പതിറ്റാണ്ടു പിന്നിടുമ്പോൾ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി നൂറുകണക്കിന‌ു ചിത്രങ്ങളാണ് ആനന്ദിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 2011ൽ ആനന്ദ് പൂർണമായും നവീകരിച്ചു ലക്ഷ്വറി തിയറ്ററായി മാറി. ആ വർഷം സിനിമാ തിയറ്ററുകളുടെ നിലവാരം നിശ്ചയിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ 'പ്ലാറ്റിനം പ്ലസ്' റേറ്റിങ് നേടുന്ന സംസ്ഥാനത്തെ ഏക തിയറ്ററായും ആനന്ദ് മാറി.