Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിനിടെ പൊലീസ് പിടിച്ചു, അച്ഛൻ വന്നിറക്കി: സുധീർ കരമന

sudheer-karamana

കരമനയിലെ കുഞ്ചുവീട്ടിലാണ് ഞാൻ ജനിച്ചത്.ഒരു വലിയ വളപ്പിൽ അച്ഛന്റെ ബന്ധുക്കളുടേതായി ആറേഴു വീടുകളാണ് ഉണ്ടായിരുന്നത്. അച്ഛൻ കരമന ജനാർദനൻ നായർ പ്രൊവിഡന്റ് ഫണ്ട് വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറും അമ്മ ജയ വീട്ടമ്മയുമായിരുന്നു. 

ഞാൻ പഠിച്ചത് പട്ടം കേന്ദ്രീയ വിദ്യാലയയിലാണ്.അവിടെ പഠിച്ചതിന്റെ ഗുണവും ദോഷവും ഇപ്പോഴും അനുഭവിക്കുന്നയാളാണ് ഞാൻ. ലോകത്ത് എവിടെപ്പോയാലും ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്നുവെന്നത് അവിടെ പഠിച്ചതിന്റെ ഗുണം. മലയാളം പഠിക്കാൻ സാധിച്ചില്ലെന്നതായിരുന്നു അവിടത്തെ പ്രധാന പ്രശ്നം. 

മലയാളത്തിലുള്ള തിരക്കഥ ലഭിച്ചാൽ അതു വായിച്ചു മനസിലാക്കിയെടുക്കാൻ ഇപ്പോഴും ഞാൻ ബുദ്ധിമുട്ടാറുണ്ട്. മലയാള സിനിമയിൽ പലർക്കും ഉള്ള പ്രശ്നമാണിത്. ഏതാനും വർഷം മുമ്പ് എന്റെ സ്കൂളിൽ ഓണാഘോഷത്തിനു മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ മാതൃഭാഷയിൽ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചു വിദ്യാർഥികളോടു പറഞ്ഞിരുന്നു. 

കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന കാലത്ത് മോഡൽ സ്കൂളിലെ കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ കൊതി തോന്നുമായിരുന്നു. പി‍ൽക്കാലത്ത് ഞാൻ അധ്യാപകനായപ്പോൾ വർഷം 200 പ്രവൃത്തി ദിവസം തികയ്ക്കാൻ പാടു പെട്ടിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിൽ സമരമില്ലെന്നു മാത്രമല്ല വർഷം 200ലേറെ പ്രവൃത്തി ദിവസവും ഉണ്ടായിരുന്നു. 

സ്കൂളിൽ പഠിത്തത്തെക്കാൾ പകൽക്കിനാവു കാണുന്ന പയ്യനായിരുന്നു ഞാൻ. മികച്ച ബാസ്ക്കറ്റ്ബോൾ കളിക്കാരനായിരുന്നു. സംസ്ഥാനത്തിനു പുറത്തു പോയി കളിച്ചിട്ടുണ്ട്. ഗായകനും ചിത്രകാരനുമായിരുന്നു. ഒപ്പം മോണോ ആക്ടിലും മികച്ചു നിന്നു. എന്തു ചെയ്താലും അതു ഇംഗ്ലീഷിൽ അവതരിപ്പിക്കണമെന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പരിമിതി. 

അക്കാലത്ത് എന്റെ സമപ്രായക്കാരായ എല്ലാ വിദ്യാർഥികളും പത്താം ക്ലാസ് കഴിഞ്ഞാൽ കോളജിൽ പ്രീഡിഗ്രിക്കു ചേരും. ഞാൻ യൂണിഫോമും ധരിച്ച് കേന്ദ്രീയ വിദ്യാലയയിൽ ഹയർസെക്കൻഡറിക്കു തുടർന്നു. 17 വയസു വരെ കിളിക്കൂട്ടിൽ കിടക്കുന്ന പോലുള്ള ജീവിതമായിരുന്നു. തുടർന്നു യൂണിവേഴ്സിറ്റി കോളജിൽ ജ്യോഗ്രഫി ബിരുദ കോഴ്സിനു ചേർന്നതോടെയാണ് സ്വാതന്ത്ര്യം എന്തെന്ന് അറിയുന്നത്.

യൂണിവേഴ്സിറ്റി കോളജിലെ കാലമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം. തിരുവനന്തപുരത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്നു ചോദിച്ചാൽ അതു യൂണിവേഴ്സിറ്റി കോളജാണ്. ഇന്നും സമയം കിട്ടിയാൽ അവിടെപ്പോയി ഇരിക്കാനാണ് ആഗ്രഹം. അതു കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ജന്മനാടായ കരമനയാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങൾ കരമന വിട്ട് പേരൂർക്കട ഇന്ദിരാനഗറിലുള്ള ഇപ്പോഴത്തെ വീട്ടിലേക്ക് താമസം മാറിയത്. 

യൂണിവേഴ്സിറ്റി കോളജിൽ കുട്ടികൾ തമ്മിൽ ‘‘എടാ’’ എന്നു വിളിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. ആദ്യമൊന്നും അതുമായി ഇണങ്ങാൻ എനിക്ക് സാധിച്ചില്ല. ഇക്കാര്യം അച്ഛനോട് പോയി പരാതിപ്പെട്ടപ്പോൾ അദ്ദേഹം വരാന്തയിലെ കസേരയിൽ കാലാട്ടിക്കൊണ്ടിരുന്നു വെറുതെ ചിരിച്ചതേയുള്ളൂ. ചീത്ത പോലും സ്നേഹത്തോടെ വിളിക്കാമെന്നു ഞാൻ മനസിലാക്കിയതു യൂണിവേഴ്സിറ്റി കോളജിൽ എത്തിയപ്പോഴാണ്. ആദ്യത്തെ ഒന്നൊന്നരക്കൊല്ലം എനിക്ക് അവിടത്തെ അന്തരീക്ഷവുമായി ഇണങ്ങാൻ കഴിഞ്ഞില്ല. പിന്നീട് അവിടന്നു പിരിയാൻ പറ്റാത്ത അവസ്ഥയായി. 

അച്ഛന്റെ കൂടെ എല്ലാ ഷൂട്ടിങ് സ്ഥലത്തും ഞാൻ പോകുമായിരുന്നു. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയുടെ തലേന്നാണ് അച്ഛന്റെ കൂടെ ക്രിട്ടിക്സ് അവാർഡ് നൈറ്റിനു പോയത്. അക്കാലത്ത് വണ്ടിയോടിക്കുമായിരുന്നതിനാൽ അച്ഛന്റെ കൂടെ എല്ലായിടത്തും പോവുക സന്തോഷമുള്ള കാര്യമായിരുന്നു.

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നുവെങ്കിലും അക്രമ രാഷ്ട്രീയത്തോടു യോജിപ്പില്ലായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യാൻ പോയിട്ടുണ്ട്. പക്ഷെ കല്ലേറിലും ലാത്തിച്ചാർജിലും പെട്ടിട്ടില്ല. സമരത്തിനിടെ പൊലീസ് പിടിച്ചു കൊണ്ടു പോയപ്പോൾ അച്ഛൻ വന്നിറക്കിയിട്ടുണ്ട്. 

യൂണിവേഴ്സിറ്റി കോളജിലെ മികച്ച നടനുള്ള സമ്മാനം 1989ൽ അച്ഛന്റെ കയ്യിൽ നിന്നു വാങ്ങിയതു മറക്കാനാവില്ല. യൂണിവേഴ്സിറ്റി തലത്തിൽ സമ്മാനം നേടിയപ്പോൾ തന്നത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു. ഡിഗ്രി അവസാന വർഷമായപ്പോഴാണ് പഠിത്തം ഉഴപ്പിയെന്നും ഇനിയും തുടർന്നു പഠിക്കണമെങ്കിൽ നല്ല മാർക്ക് നേടണമെന്നുമുള്ള ചിന്ത ഉണ്ടായത്.

പിജിക്ക് യൂണിവേഴ്സിറ്റി കോളജിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിലുള്ള അവസ്ഥ ഓർത്ത് ഞാൻ അക്കാലത്തു പൊട്ടിക്കരഞ്ഞിട്ടുണ്ട്. അവസാന വർഷ ഡിഗ്രി പരീക്ഷയ്ക്ക് ഏതാനും മാസം മുമ്പ് അമ്പലമുക്കിലെ ലോഡ്ജിൽ റൂമെടുത്തിരുന്നു നന്നായി പഠിച്ചു. അങ്ങനെ ഡിഗ്രി പാസായി അവിടെത്തന്നെ പിജിക്ക് അഡ്മിഷൻ നേടി.

പിജി പഠന കാലത്തും രാഷ്ട്രീയവും കലാ പ്രവർത്തനവും ഒന്നിച്ചു കൊണ്ടു പോയി. പിജി കഴിഞ്ഞു തൈക്കാട് ട്രെയ്നിങ് കോളജിൽ ബിഎഡിനു ചേർന്നു. അവിടെ സ്പോർട്സ് ചാംപ്യനായിരുന്നു. പ്രഫഷനൽ കോളജ് കലോത്സവത്തിൽ കലാപ്രതിഭയായതും ആ സമയത്താണ്. 

അച്ഛൻ കലാകാരനായതിനാൽ ഞങ്ങൾ കുടുംബ സമേതം സിനിമ കാണാൻ പോകുന്നതു പതിവായിരുന്നു.

അച്ഛനും അമ്മയും ഞങ്ങൾ മൂന്നു മക്കളും ഒന്നിച്ചാണു സിനിമയ്ക്കു പോവുക. മൂന്നു ദിവസം തുടർച്ചയായി തുഷാരം,സംഘർഷം,ഓപ്പോൾ എന്നീ സിനിമകൾ കണ്ടത് ഇപ്പോഴും ഓർമയുണ്ട്. സിനിമ കണ്ടു മടങ്ങുമ്പോൾ ഭക്ഷണ പ്രിയനായ അനുജൻ സുജയ് അച്ഛന്റെ കയ്യിൽ ചുരണ്ടും.തിരികെ മടങ്ങുമ്പോൾ ആസാദിലോ പുളിമൂട്ടിലെ മലബാർ ഹോട്ടലിലോ കൊണ്ടു പോയി അച്ഛൻ നല്ല നോൺ വെജ് ഭക്ഷണം വാങ്ങിത്തരും. എനിക്കും ചേട്ടൻ സുനിലിനും അനുജന്റെ പേരിൽ നല്ല ശാപ്പാട് കിട്ടി. 

അധ്യാപകനാകാനാണ് പഠിച്ചതെങ്കിലും ആദ്യ ജോലി ലഭിച്ചത് ആക്കുളത്തെ സെസിലായിരുന്നു. അന്നും ജോലി കഴിഞ്ഞാൽ കൂട്ടുകാർക്കൊപ്പം യൂണിവേഴ്സിറ്റി കോളജിൽ പോയിരിക്കുമായിരുന്നു. നാലു മാസം കഴിഞ്ഞപ്പോൾ ക്രൈസ്റ്റ് നഗർ സ്കൂളിൽ അധ്യാപകനായി. സെസിൽ തുടർന്നാൽ കലാപ്രവർത്തനങ്ങളൊന്നും നടക്കില്ലെന്ന അച്ഛന്റെ ഉപദേശം അനുസരിച്ചായിരുന്നു ക്രൈസ്റ്റ് നഗറിലേക്കു മാറിയത്.

ആറു മാസം അവിടെ ജോലി ചെയ്തപ്പോഴേക്കും ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂളിൽ ജോലി കിട്ടി.പതിനായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വലിയ സ്കൂളായിരുന്നു ഇത്. ആയിടയ്ക്കായിരുന്നു കല്യാണം. ഭാര്യ അഞ്ജനയും ഇതേ സ്കൂളിൽ അധ്യാപികയായി. ഖത്തറിലെ അഞ്ചു വർഷത്തെ ജീവിതത്തിനിടെ ഒരുപാട് കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.

സ്കൂളിലെ ബാസ്ക്കറ്റ് ബോൾ കോച്ചും കൾച്ചറൽ കൺവീനറും ജ്യോഗ്രഫി അധ്യാപകനുമായിരുന്നു ഞാൻ. മൂത്ത മകനെ പ്രസവിക്കുന്ന സമയത്ത് ഭാര്യ ജോലി രാജിവച്ച് നാട്ടിലേക്കു മടങ്ങി. 21 ദിവസമേ പ്രസവാവധി ലഭിക്കൂ എന്നതിനാലാണ് മടങ്ങേണ്ടി വന്നത്. ഭാര്യ മടങ്ങിയ ശേഷവും ഞാൻ അവിടെ തുടർന്നു. പക്ഷെ അച്ഛനു പക്ഷാഘാതം ഉണ്ടായതോടെ അവധിയെടുത്തു നാട്ടിലേക്കു പോന്നു. 

sudheer-karamana

നാട്ടിലെത്തി വെങ്ങാനൂരിലെ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനും തുടർന്നു പ്രിൻസിപ്പലുമായി. സിനിമയിൽ അവസരങ്ങൾ കൂടിയതോടെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വന്നു. ഖത്തറിലെ എംഇഎസ് സ്കൂളിൽ നിന്ന് എനിക്കു ലഭിക്കാനുള്ളതു മുഴുവൻ തുകയും ഞാൻ കണക്കു തീർത്തു വാങ്ങിയിട്ടില്ല.

ഇതിനിടെ ഒരു അവധി ദിവസം ആരെയുമറിയിക്കാതെ ഞാൻ ഖത്തറിലെ സ്കൂളിൽ പോയി അവിടത്തെ ഓഡിറ്റോറിയത്തിലും മറ്റും കുറെ സമയം ചെലവഴിച്ചു. പണ്ട് ഞാൻ അഭിനയിക്കുകയോ കുട്ടികളെ കൊണ്ട് അഭിനയിപ്പിക്കുകയോ ചെയ്തിരുന്ന ഓഡിറ്റോറിയങ്ങളിലും മറ്റും പോയി ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവം എനിക്കുണ്ട്. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും യൂണിവേഴ്സിറ്റി കോളജിനാണ്. തീർച്ച.