Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും മൂന്നു വർഷം കൊടുക്കൂ, കേരളം ഉയർത്തെഴുന്നേൽക്കുന്നത് കാണാം: കമൽഹാസൻ

kamal-pinarayi

പ്രളയക്കെടുതിയെ അതിജീവിക്കാനുള്ള പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന കേരള ജനതയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ. വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാമെന്ന് കമൽഹാസൻ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ പാർത്ഥിപന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കമൽഹാസൻ കേരളത്തിലെ കാര്യങ്ങൾ പരാമർശിച്ചത്. 

തമിഴ്നാട് മുഖ്യമന്ത്രിയായാൽ ജനങ്ങൾക്കായി എന്തു ചെയ്യുമെന്നായിരുന്നു കമൽഹാസനോട് ചോദിച്ച ചോദ്യം. ഒരു വ്യക്തി മാത്രം വിചാരിച്ചാൽ മാറ്റമുണ്ടാകില്ലെന്നും അതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പറഞ്ഞ കമൽഹാസൻ ഇക്കാര്യം വിശദീകരിക്കാൻ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കേരളത്തെയായിരുന്നു. 

‘വെള്ളപ്പൊക്കത്തിൽ ഒട്ടുമുക്കാൽ ഭാഗവും മുങ്ങിപ്പോയ കേരളത്തിലേക്ക് നോക്കൂ. അവർക്ക് വെറും മൂന്നു വർഷം കൊടുക്കുക, ഈ കെടുതിയിൽ നിന്ന് കേരളം ഉയർത്തെഴുന്നേൽക്കുന്നത് കാണാം’.– കമൽഹാസൻ പറഞ്ഞു. അതിന് കാരണം ഒരു പിണറായി വിജയൻ മാത്രമല്ല. അവിടുത്തെ ജനങ്ങൾ. അവർ ഒരുമിച്ചാണ് പുനർനിർമാണത്തിനായി പ്രവർത്തിക്കുന്നത്. പിണറായി വിജയൻ മികച്ച ഒരു രാഷ്ട്രീയ നേതാവാണ്. കുറച്ച് നിയമം കൊണ്ടു വന്ന്, കുറച്ച് ഉദ്യോഗസ്ഥരെ നിയമിച്ച് ചെയ്യാവുന്ന ഒരു വിഷയമല്ല ഇതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി. 

തമിഴ്നാട്ടിൽ നിന്നു പോലും നിരവധി പേർ കേരളത്തിൽ പോയി അവിടെയുള്ള ജനങ്ങളെ സഹായിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. ഒരുപാടു പേർ അങ്ങനെ ചെയ്യുന്നുണ്ട്. കേരളത്തിലുള്ളതു പോലെയുള്ള ഒരുമ ഇവിടെയും വരണം, കമൽഹാസൻ പറഞ്ഞു.