Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളന്‍ പൊലീസുകാരെ തിരിച്ചു ട്രോളി സലിം കുമാർ

salim-kumar-troll

കേരളാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് ലൈക്കുകളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഏഴുലക്ഷം ലൈക്കാണ് ഇപ്പോള്‍ പേജിനുള്ളത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഉപദേശിക്കാനും കാക്കിപ്പട ട്രോളുകള്‍ ഉപയോഗിക്കുന്നുവെന്നതാണ് ഈ പേജിന്‍റെ പ്രത്യേകത. ഇതേ കാരണംകൊണ്ടാണ് റോക്കറ്റ് കണക്കെ കേരള പൊലീസ് എന്ന എഫ്ബി പേജ് കുതിക്കുന്നതും. 

സന്തോഷ് പി.എസ്, അരുണ്‍ ബി.ടി, ബിമല്‍ വി.എസ്, കമല്‍നാഥ്, ബിജു ബി.എസ് എന്നിവരാണ് പൊലീസിലെ ട്രോളന്മാര്‍. ഇവരാണ് പേജ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ ട്രോള്‍ തലവന്‍ മറ്റാരുമല്ല, സാക്ഷാല്‍ ഐജി മനോജ് എബ്രഹാം.  മറ്റ് ട്രോള്‍ ഗ്രൂപ്പുകളിലെന്നപോലെ സലീംകുമാറാണ് ഇവരുടെയും പ്രധാന ആയുധം. ലൈക്കുകളുടെ പെരുമഴക്കാലത്ത് മുന്നോട്ട് കുതിക്കുന്നതിനിടെ മനോരമ ന്യൂസ് ഒരുക്കിയ വേദിയില്‍ ട്രോള്‍ പൊലീസുകാര്‍ തങ്ങളുടെ പണിയായുധമായ സലിംകുമാറിനെ നേരില്‍ കണ്ടു. രണ്ടുപേര്‍ ട്രോളിങ്ങിന്‍റെ തിരക്കിലായതിനാല്‍ മൂവര്‍ സംഘമാണ് സലിംകുമാറുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്.

Salim kumar with Kerala Police

ഇവരോട് സലീംകുമാറിന് ആദ്യം പറയാനുണ്ടായിരുന്നത് തന്‍റെ പൊലീസ് അനുഭവമാണ്. രോഗബാധിതനായി താരം ആശുപത്രിയില്‍ കഴിയുന്ന കാലം. നിരവധിപേര്‍ നേരിട്ടും ഫോണിലും വിവരം അന്വേഷിക്കുന്നുണ്ട്. ഒടുവില്‍ സന്ദര്‍ശകര്‍ക്ക് വിലക്കെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. അപ്പോഴും ഫോണ്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. സലീംകുമാറിനെ ലൈനില്‍ കിട്ടാന്‍ കള്ളപ്പേരിലാണ് പലരും വിളിക്കുന്നത്. റേഞ്ച് ഐജി എന്നു പറഞ്ഞുവന്ന കോളിന് പിന്നാലെ അതേ ശബ്ദത്തില്‍ പ്രിയദര്‍ശനും വിളിച്ചപ്പോള്‍ സലിംകുമാറിന് കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടി. 

അപ്പോള്‍ അതാ മൊബൈല്‍ ബെല്‍. ഫോണെടുത്തപ്പോള്‍ മറുതലക്കല്‍നിന്നും നേരത്തെ കേട്ട അതേ സ്വരം. ഞാന്‍ കോഴിക്കോട് കമ്മീഷണര്‍ പി.വിജയനാണ്. അതിന് ഞാന്‍ എന്തുവേണം(ഓ പ്രിയദര്‍ശന്‍ ഇത്രവേഗം കോഴിക്കോട് കമ്മീഷണറായി ചാര്‍ജെടുത്തോ! മനസില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ മറുപടി)  ഞാന്‍ കമ്മീഷണറാണ്, മറുതലക്കല്‍ ശബ്ദം വീണ്ടും പറഞ്ഞു. താന്‍ ആരാണെങ്കില്‍ എനിക്കെന്താ എന്നുപറഞ്ഞ് താന്‍ പൊട്ടിത്തെറിച്ചെന്ന് സലിംകുമാര്‍. 

‘ദേഷ്യമല്ല ശരിക്കും പുളിച്ച തെറിയാണ് ഞാന്‍ വിളിച്ചത്. എറണാകുളത്ത് ഡിവൈഎസ്പി ആയിരുന്ന വേണുഗോപാല്‍ സാറിനെ ഞാന്‍ അപ്പോള്‍ത്തന്നെ വിളിച്ചു. പലപേരിലും വിളിച്ച് ഒരുത്തന്‍ എന്നെ ശല്യം ചെയ്യുന്നു. അല്‍പ്പം മുന്‍പ് അവന്‍ കമ്മീഷണറാണ് എന്നുപറഞ്ഞു വിളിച്ചിരുന്നു. സലീം ആ നമ്പര്‍ ഇങ്ങുതാ എന്നായി ഡിവൈഎസ്പി. നമ്പര്‍ പറഞ്ഞ് എട്ടക്കമായപ്പോള്‍ ബാക്കി രണ്ടക്കം പുള്ളി ഇങ്ങോട്ട് പറഞ്ഞു.’ 

‘എന്നിട്ടു പറഞ്ഞു, അത് ശരിക്കും കോഴിക്കോട് കമ്മീഷണര്‍ പി.വിജയന്‍ സാറാണ്. എനിക്ക് വല്ലാത്ത വിഷമമായി. അപ്പോള്‍തന്നെ ഞാന്‍ വിജയന്‍ സാറിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് കോഴിക്കോട്ട് ഒരു വേദി പങ്കിടാന്‍ അവസരം കിട്ടിയപ്പോള്‍ പുള്ളിയെ സാക്ഷിനിര്‍ത്തി ഞാന്‍ ഈ കഥ സദസ്യരോട് പറഞ്ഞു..’

പക്ഷേ പൊലീസ് ട്രോളുകാര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. സ്ഥിരമായി കമന്‍റുമായി എഫ്ബി പേജില്‍ വരുന്ന ഒരാളെക്കുറിച്ചായിരുന്നു അത്. നേരംപോക്കിനായി ചോദ്യങ്ങള്‍ ചോദിക്കുന്ന ആള്‍ ഒരു സ്ഥിരം ശല്യക്കാരനായപ്പോള്‍ ട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുണ്‍ ഉപദേശിച്ചു. ദയവായി കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കൂ. 

ഇതു കേട്ട ഉടന്‍ സീരിയസ് ചോദ്യങ്ങള്‍ കക്ഷി ചോദിച്ചു തുടങ്ങി. ആരാണ് പാബ്ലോ നെരൂദ? നെരൂദയുടെ മരണ കാരണം എന്താണ്? പിന്നെ പിഎസ്‍സി ചോദ്യപേപ്പറിലെ കുറച്ചധികം ചോദ്യങ്ങളും. സ്കൂളിന് അവധിയുണ്ടോ, പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ എങ്ങനെ വിവാഹം ചെയ്യാം തുടങ്ങി നിരവധി ചോദ്യങ്ങളുമായി മലയാളി കേരള പൊലീസ് എഫ്ബി പേജിലെത്തുന്നുണ്ടെന്നും ട്രോള്‍ സംഘം സലിംകുമാറിനോട് പറഞ്ഞു.

‘പണ്ടൊക്കെ പ്രതിയെക്കിട്ടിയില്ല എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് ലൈക്ക് കിട്ടിയില്ല എന്നും.’ മികച്ച ഇരകള്‍ക്കായി ട്രോളിങ് നടത്തുന്ന പൊലീസുകാരെ തിരിച്ചൊന്നു ട്രോളാന്‍ സലീംകുമാറും മറന്നില്ല. 

പണ്ട് യൗവനകാലത്ത് തന്നെ സ്ഥിരമായി പൊലീസ് പിടിച്ചിരുന്ന കാര്യവും സലിംകുമാര്‍ വെളിപ്പെടുത്തി. ‘വീട്ടില്‍ അന്ന് ധാരാളം പശുവുണ്ട്. സൊസൈറ്റിയിലാണ് പാല് കൊടുക്കുന്നത്. ആദ്യം എത്തുന്ന പാലിന് അവര്‍ അല്‍പ്പം പൈസ കൂടുതല്‍ നല്‍കും. അതിനാല്‍ പുലര്‍ച്ചെ രണ്ടുമണിക്കൊക്കെ ഞാന്‍ പാലുമായി പോകുമായിരുന്നു’. 

‘ആ കാലഘട്ടത്തില്‍ പറവൂര്‍ മേഖലയില്‍ വ്യാജവാറ്റ് വ്യാപകമായിരുന്നു. അത് പിടികൂടാന്‍ പൊലീസ് എക്സൈസ് പട്രോളിങ്ങും ശക്തം. പാല്‍ പാത്രവുമായി വരുന്ന എന്നെ സ്ഥിരമായി ഇവര്‍ പിടികൂടും, പരിശോധിക്കും. അക്കാലത്ത് അത് വലിയ പേടിയായിരുന്നു. എന്നെ പരിശോധിക്കുന്ന തക്കത്തിന് വാറ്റുകാര്‍ പൊലീസ് കാണാതെ മറ്റുവഴികളിലൂടെ ചാരായവുമായി പാഞ്ഞുപോയിക്കാണും.’

ട്രോളുകാര്‍ വ്യാപകമായി വലവീശിയിരിക്കുന്ന സാഹചര്യത്തില്‍ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് സലിംകുമാര്‍ പറയുന്നു. ‘പണ്ടൊക്കെ സിനിമക്കായുള്ള പാട്ട് തയ്യാറായി വരുമ്പോള്‍ സംവിധായകനും അഭിനേതാക്കളും നിര്‍മാതാവുമെല്ലാം ഒന്നിച്ചിരുന്ന് അത് കേള്‍ക്കും. പാട്ട് തീരുമ്പോള്‍ സ്വോഭാവികമായും കമന്‍റ് പറയേണ്ടിവരും. അപ്പോള്‍ ഉയരുന്ന സ്ഥരം പല്ലവിയുണ്ട്. ഇത് ഗാനമേളക്കാര്‍ ഏറ്റെടുക്കും. അടുത്ത സീസണില്‍ അവരുടെ പ്രധാന ഐറ്റം ഇതായിരിക്കും. തല്ലിപ്പൊളി പാട്ടാണെങ്കിലും ഈ കമന്‍റ് ഉറപ്പായും ആരെങ്കിലും പറഞ്ഞിരിക്കും. ഇപ്പോ ഇതേ സ്ഥിതിയിലാണ് ഞാനും. തമാശ സീന്‍ അഭിനയിച്ചു കഴിയുമ്പോള്‍ ആരെങ്കിലും ഉടന്‍ പറയും. ഇത് ട്രോളുകാര്‍ എടുത്തോളും.’

പൊലീസ് എഫ്ബി പേജില്‍ കമന്‍റുകള്‍ക്കുള്ള മറുപടി വൈകിയ ഒരു ദിവസം പലരും പരാതി പറഞ്ഞു. എന്തുപറ്റി കേരള പൊലീസിന്. ഒരു ഉഷാറില്ലല്ലോ. ഉടന്‍ ഹാപ്പി ഹസ്ബന്‍റ്സ് എന്ന ചിത്രത്തിലെ മുടി പൊങ്ങി നില്‍ക്കുന്ന സലീംകുമാറിന്‍റെ ഫോട്ടോ മറുപടിയായി പ്രത്യക്ഷപ്പെട്ടു. ആ.. ഇപ്പോള്‍ ഉഷാറായി എന്നായി ആരാധകര്‍.

പേജില്‍ വരുന്ന മികച്ച കമന്‍റുകള്‍ക്കുള്ള സമ്മാനം നല്‍കണമെന്നാണ് സലിംകുമാറിന്‍റെ ഉപദേശം. പുരസ്കാരം എന്താകണമെന്നും അദ്ദേഹം രഹസ്യമായി ഉപദേശിച്ചു. മികച്ച കമന്‍റിടുന്ന വ്യക്തിക്ക് ഒരാഴ്ച സെന്‍ട്രല്‍ ജയിലില്‍ സൗജന്യ താമസം.