Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസം 20000 പ്രതിഫലം, എന്നിട്ടും ആ ഷാരൂഖ് ചിത്രം ഷക്കീല നിരസിച്ചു

shahrukh-shakeela

ഷാരൂഖ് ഖാൻ–ദീപിക പദുക്കോൺ ജോഡികളുടെ സൂപ്പർഹിറ്റ് ചിത്രം ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നെന്ന് ഷക്കീല. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 

‘തെലുങ്ക്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നത്.’

‘ഷാരൂഖ് ഖാൻ, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി.’- ഷക്കീല പറഞ്ഞു.

‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു.അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു’.

‘എന്റെ സിനിമകള്‍ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചു.’–ഷക്കീല വ്യക്തമാക്കി.

അതിനിടെ ഷക്കീലയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഷക്കീലയുടെ ജീവിതം തന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നാണ് ലങ്കേഷ് പറയുന്നത്. ‘ഒരു കാലത്ത് വർഷം 190 സിനിമകളിൽ വരെ ഷക്കീല അഭിനയിച്ചിട്ടുണ്ട്. അവരുടെ ചില ചെറിയ ചിത്രങ്ങൾ പോലും അഞ്ച് കോടിയിലേറെ കളക്ഷൻ നേടിയിട്ടുണ്ട്. പോസ്റ്ററിൽ അവരുടെ മുഖം മാത്രം മതി സിനിമ വിജയം നേടാൻ.’- ഒരു അഭിമുഖത്തിൽ ലങ്കേഷ് പറഞ്ഞു.

‘ഷക്കീലയുടെ ബാല്യകാലം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തിൽ അവർ നടത്തിയ തിരഞ്ഞെടുപ്പുകൾ, എങ്ങനെയാണ് സിനിമയിലേക്ക് വന്നത്, ഇപ്പോൾ ഉള്ള ഇമേജ് എങ്ങനെ ഉണ്ടായി, ജീവിതത്തിൽ അവർ അനുഭവിച്ച കഷ്ടതകൾ തുടങ്ങി എല്ലാം ഉൾപ്പെട്ടതാണ് തന്റെ സിനിമയെന്ന് ലങ്കേഷ് കൂട്ടിച്ചേർത്തു.