Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീവനേക്കാൾ വലുതാണ് സാറെ എനിക്കിത്’; ഉരുൾപൊട്ടലിനിടെ ആ മമ്മൂട്ടി ചിത്രം നെഞ്ചോടു ചേർത്ത് മൂപ്പൻ

mammoty-mooppan

അതിരപ്പിള്ളി ആനക്കയം കോളനി. 20 കുടുംബങ്ങളുണ്ട്. പ്രളയത്തിനിടെ പലയിടത്തും ഉരുള്‍പൊട്ടി. ആനക്കയം കോളനിയുടെ രണ്ടു വശത്തും ഉരുള്‍പൊട്ടി. ഏതുസമയത്തും വീടുകള്‍ മണ്ണിനടിയിലാകും. വേഗം മാറണം. മഴയൊഴിഞ്ഞു നില്‍ക്കുകയാണ്. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫി ആനക്കയം കോളനിയില്‍ എത്തി. ഇരുപതു കുടുംബങ്ങളോടും പെട്ടെന്ന് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശിച്ചു. 

അധികം സമയമില്ല. കാരണം, ഇനി ഒരുതവണ കൂടി ഉരുള്‍പൊട്ടിയാല്‍ ഈ വീടുകള്‍ മണ്ണനടിയിലാകുമെന്ന് ഉറപ്പ്. അപ്പര്‍ ഷോളയാറും ഷോളയാറും പെരിങ്ങല്‍ക്കുത്തും നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയില്‍ കാര്‍മേഘ വിസ്ഫോടനം ഷോളയാറില്‍ ഉണ്ടായി. അങ്ങനെ, കാലാവസ്ഥ പ്രതികൂലം. ഇരുപതു കുടുംബങ്ങളോടും പറഞ്ഞത് ഒറ്റക്കാര്യം. ഉടുത്ത വസ്ത്രത്താലേ നിങ്ങള്‍ വേഗം ഇറങ്ങൂ. പെട്ടെന്ന് ഇവിടെ നിന്ന് മാറണം. ഫോറസ്റ്റ് റേഞ്ചറുടെ നിര്‍ദ്ദേശം കേട്ട ഉടനെ ഇരുപതു കുടുംബങ്ങളും താഴേയ്ക്കോടി. 

പക്ഷേ, ഊരു മൂപ്പന്‍ മാത്രം താഴേയ്ക്ക് ഓടുന്നതിനു പകരം തിരിച്ച് വീട്ടിലേക്ക് ഓടി. ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസര്‍ അലറി വിളിച്ചു. രാമന്‍ മൂപ്പാ അവിടേയ്ക്ക് പോകരുത്. അപകടമാണ്. വേഗം ഇറങ്ങൂ. പറയുന്നത് കേള്‍ക്കൂ. ‘‘ഇല്ല സാറെ, എനിക്കൊരു സാധനം  എടുക്കാനുണ്ട്. അതില്ലാതെ ശരിയാകില്ല. അത് മണ്ണ് കൊണ്ടുപോയാല്‍ സഹിക്കാനാകില്ല’’. രാമന്‍ മൂപ്പന്‍ പറഞ്ഞു. ദേഷ്യം പിടിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ താഴേയ്ക്കു നടന്നു. വീട്ടിലേക്ക് പോയ ഊരു മൂപ്പന്‍ എന്തെങ്കിലും കാണിക്കട്ടേയെന്ന ദേഷ്യമായിരുന്നു ഉദ്യോഗസ്ഥന്. കാരണം, എത്ര തവണ അപായ സന്ദേശം നല്‍കിയതാണ് എന്നിട്ടും എന്താണ് ഇവര്‍ ഇങ്ങനെ കുട്ടിക്കളി കാണിക്കുന്നത്. മൂപ്പന്‍ അധികം വൈകാതെ താഴേയ്ക്കിറങ്ങി.

സുരക്ഷിതമായ സ്ഥലത്ത് എത്തിയ ശേഷം ഉദ്യോഗസ്ഥന്‍ മൂപ്പനോട് ചോദിച്ചു. ‘‘എന്താണ് മൂപ്പ നിങ്ങള്‍ക്ക് ഇത്ര സുപ്രധാനമായ സാധനം. ജീവന്‍ അല്ലേ ഏറ്റവും വലിയത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉരുള്‍പൊട്ടുന്ന ഇടത്തേയ്ക്കു വീണ്ടും പോയാല്‍ അപകടമാകില്ലേ’’. ഉദ്യോഗസ്ഥന്റെ ചോദ്യം കേട്ട ഉടനെ, മൂപ്പന്‍ നെഞ്ചോട് ചേര്‍ത്ത ആ തുണി എടുത്തുമാറ്റി. തുണി മാറ്റിയപ്പോഴാണ് കാണുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മൂപ്പനും ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രം. ‘‘സാറേ എന്റെ ജീവനേക്കാള്‍ വിലപ്പെട്ടതാണ് ഈ ചിത്രം. മമ്മൂട്ടിയോടൊപ്പം ഇനിയൊരിക്കല്‍ ഇങ്ങനെ ചേര്‍ന്നു നിന്നൊരു പടമെടുക്കാന്‍ എനിക്കു കഴിഞ്ഞെന്നു വരില്ല. അത്രയ്ക്കിഷ്ടമാണ് മമ്മൂട്ടിയെ’’. മൂപ്പന്റെ മമ്മൂട്ടി ആരാധന ആനക്കയം കോളനിയില്‍ എല്ലാവര്‍ക്കും അറിയാം.

എണ്‍പത്തിയൊന്നാമത്തെ വയസിലും ഈ ചിത്രം അമൂല്യമായി രാമന്‍ മൂപ്പന്‍ സൂക്ഷിക്കുന്നതിന്റെ കാരണവും ഇതാണ്. ഉരുള്‍പൊട്ടലില്‍ ഇവരുടെ വീടുകള്‍ക്കൊന്നും സംഭവിച്ചില്ല. ഇവരെ, താല്‍ക്കാലികമായി കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. പ്രളയത്തില്‍ എന്തു നഷ്ടപ്പെട്ടാലും തന്റെ പ്രിയപ്പെട്ട താരത്തോടൊപ്പമുള്ള ചിത്രം നഷ്ടപ്പെടരുതെന്ന ഊരു മൂപ്പന്റെ ആത്മാര്‍ഥതയാണ് യഥാര്‍ഥ ആരാധന. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാര്‍ ശരിക്കും കാണണം ഈ ആരാധകനെ.

related stories