Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശോകൻ ചേട്ടൻ ചോദിച്ചു, ‘പോരുന്നോ എന്റെ കൂടെ’: ദിലീപിന്റെ പ്രസംഗം

dileep-harisree-ashokan

പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയത് ദിലീപ് അടക്കമുളള വമ്പൻ താരനിര. ‌‌ജീവിതത്തിൽ കടപ്പാടുള്ള ഒരുപാട് ആളുകളുണ്ടാകും അതിൽ തനിക്ക് എടുത്തുപറയാനുള്ള ഒരാളാണ് അശോകൻ ചേട്ടനെന്ന് ദിലീപ് ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിൽ പറയുകയുണ്ടായി.

ഹരിശ്രീ അശോകൻ സംവിധായകനാകുന്ന ആദ്യ ചിത്രത്തിന്റെ പൂജയ്ക്ക് ദിലീപ് അടക്കം വമ്പൻ താര നിര

‘കോളജിൽ പഠിക്കുന്ന സമയത്ത് അഞ്ചാറ് മാസം കലാഭവനിൽ മിമിക്രി ആർടിസ്റ്റ് ആയി പോയിരുന്നു. അന്ന് ഞാൻ കേട്ടിട്ടുണ്ട് ഹരിശ്രീ അശോകൻ എന്ന കലാകാരനെക്കുറിച്ച്. അടുത്ത് അറിയില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി. ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവിൽ അത്ഭുതപ്പെട്ടുപോയി.’–ദിലീപ് പറഞ്ഞു.

‘അങ്ങനെ ഒരുദിവസം അശോകൻ ചേട്ടൻ എന്റെ വീട്ടിൽ വന്നു. എന്നെക്കുറിച്ച് ജോർജും സന്തോഷും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ എന്നും അശോകൻ ചേട്ടൻ ചോദിച്ചു. സത്യത്തിൽ എന്റെ കലാജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു അത്. ഹരിശ്രീയിൽ പിന്നീട് നാലരവർഷം. ജീവിതത്തിൽ അച്ചടക്കം വന്നു. ടൈമിങ് എന്തെന്ന് പഠിപ്പിച്ചു. മൊത്തത്തിൽ അപതാളത്തിൽ പൊയ്ക്കൊണ്ടിരുന്ന എന്നെ താളത്തിൽ ജീവിക്കാൻ പഠിപ്പിച്ചത് അശോകൻ ചേട്ടനാണ്. അശോകൻ ചേട്ടന് എന്റെ ജീവിതത്തിൽ ഒരുപാട് സ്ഥാനങ്ങളുണ്ട്.’

‘സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും എന്റെ സുഹൃത്തുക്കളും സഹോദരസ്ഥാനത്തുള്ളവരൊക്കെയാണ് സംവിധായകരാകുന്നത്. വലിയ സന്തോഷം. അശോകൻ ചേട്ടനൊപ്പം നിരവധി സിനിമകൾ ചെയ്യാൻ സാധിച്ചു. കൂടെ അഭിനയിക്കുമ്പോൾ എന്നെ ഒരുപാട് ചിരിപ്പിച്ച ആളാണ് അശോകൻ ചേട്ടൻ. അദ്ദേഹം സംവിധായകനാകുന്നതിലും വളരെ സന്തോഷം. ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേതാവ് ആണ് അദ്ദേഹം, അത് തെളിയിച്ചിട്ടുമുണ്ട്. സംവിധാനത്തിലും അദ്ദേഹം ആ കഴിവ് തെളിയിക്കട്ടെ.’–ദിലീപ് പറഞ്ഞു.

മേജർ രവി, ജോഷി, ടിനി ടോം, നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, കുഞ്ചൻ, അബു സലിം തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ പൂജയ്ക്ക് എത്തിയിരുന്നു. സിനിമയുടെ സ്വിച്ച് ഓൺ കർമം സംവിധായകൻ ജോഷി നിർവഹിച്ചു. സംവിധായകൻ സിദ്ധിഖ് ആദ്യ ക്ലാപ്പടിച്ചു.

എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയുടെ പേര് ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി എന്നാണ്.

രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയൻ,ടിനി ടോം,സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബെെജു സന്തോഷ്, അബു സലീം, ജോൺ കെെപ്പള്ളിൽ, ഹരിപ്രസാദ്, ബിനു, സുരഭി സന്തോഷ്, മമിത ബെെജു, മാല പാർവതി, ശോഭ മോഹൻ, രേഷ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

രഞ്ജിത്ത് ,ഇബൻ, സനീഷ് അലൻ എന്നിവർ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. ബി.കെ ഹരിനാരായണൻ,വിനായകൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീതം പകരും.