Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽപെട്ടിട്ടില്ല, ഇതിലുള്ളത് ഞാനല്ല: ജയറാം

jayaram-jeep

തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വിഡിയോ ആണെന്ന് നടൻ ജയറാം. ഓഫ് റോഡ് ഡ്രൈവിങിനിടെ ജീപ്പ് അപകടത്തിൽപെടുന്ന വിഡിയോ ആണ് ജയറാമിന്റേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. 

എന്നാൽ വിഡിയോ തന്റേതല്ലെന്നും അപകടത്തിൽപെട്ടെന്നത് വ്യാജ വാർത്തയാണെന്നും ജയറാം പ്രതികരിച്ചു. ‘ഞാൻ ഓടിച്ചു അപകടത്തിലായി എന്ന്‌ പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല.’–വിഡിയോ സഹിതം പോസ്റ്റ് ചെയ്ത ശേഷം ജയറാം കുറിച്ചു.

‘കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ആ വിഡിയോ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. അതിന് താഴെയുള്ള ക്യാപ്ഷൻ ‘ജയറാം പോകുന്ന പോക്ക് കണ്ടോ എന്നായിരുന്നു. ആ വിഡിയോ കണ്ട് ഒരുപാട് പേർ നേരിട്ടും അല്ലാതെയുമൊക്കെ എന്നെ വിളിച്ചു. നിരവധി ആളുകൾക്കാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ലൈവ് വന്നത്.’–ജയറാം പറഞ്ഞു.

‘സത്യത്തിൽ അത് ഞാനല്ല, ഇനി ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. യഥാർത്ഥത്തിൽ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആൾക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകൾ അങ്ങനെ പോസ്റ്റ് ചെയ്തത്. എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏവർക്കും നന്ദി, അത് ഞാനല്ല.–ജയറാം വ്യക്തമാക്കി.