Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാസിനെക്കുറിച്ചല്ല, ഞാൻ പറഞ്ഞത് ലോറൻസിനെക്കുറിച്ച്; വ്യക്തമാക്കി മന്ത്രി

prabhas-minister

ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകിയത് ലോറൻസ് ആണെന്നും എന്നാൽ മറ്റുള്ളവർ അത് പ്രഭാസ് ആയി തെറ്റിദ്ധരിച്ചെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. ‘കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെക്കുറിച്ചായിരുന്നു. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം.’–മന്ത്രി പറഞ്ഞു. 

കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പ് വായിക്കാം–

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി രൂപ നല്‍കിയത് തമിഴ് നടന്‍ രാഘവ ലോറന്‍സാണ്. കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെക്കുറിച്ചായിരുന്നു. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം. 

മലയാളികളില്‍ പലര്‍ക്കും അത്ര പരിചയമില്ലാത്ത രാഘവ ലോറൻസ് എന്ന നടന്‍ കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ആശ്വാസവുമായി ഓടിയെത്തിയതിനെ കുറിച്ചാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നത്.  

തമിഴ്നാട്ടിലെ കോണ്‍ഗ്രസ് യൂണിയന്റെ നേതൃത്വത്തില്‍ ടിവിഎസ് കമ്പനിയിലെ ബ്രേക്ക് ഇന്ത്യാ ലിമിറ്റഡിലെ തൊഴിലാളികള്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതും അതേ വേദിയില്‍ ഞാന്‍ പറഞ്ഞിരുന്നു.  ഇത് ഇവിടത്തെ തൊഴിലാളി സംഘടനകളും മാതൃകയാക്കണമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഒരു കോടി രൂപ നല്‍കിയ അന്യഭാഷാ നടനെ കുറിച്ച് സംസാരിച്ചത്. 

ആരെന്നതല്ല ആ സന്മനസിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു ആ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചത്. അതില്‍ വിവാദത്തിന് താല്‍പര്യമില്ല. കേരളത്തിന്റെ അതിജീവനത്തിനായി കൈ കോര്‍ക്കുന്നവരുടെയെല്ലാം മനസിന് നന്ദി പറയുന്നു.

ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി മേടിക്കുന്ന മലയാളി താരങ്ങൾ അന്യഭാഷ താരങ്ങളെ മാതൃകയാക്കണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറ​ഞ്ഞിരുന്നു. മലയാളവുമായി യാതൊരു ബന്ധവുമില്ലാത്ത നടൻ ദുരിതം അറിഞ്ഞ ഉടൻ ഇവിടെ നേരിട്ടെത്തി ഒരുകോടി രൂപ കൈമാറിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ മാധ്യമങ്ങളിൽ പ്രഭാസിന്റെ പേരുമായി ചേർത്താണ് മന്ത്രിയുടെ പ്രസ്താവന വാർത്തയായത്.