പഞ്ചാബി ഹൗസില്‍ നായകനാകേണ്ടിയിരുന്നത് ജയറാം; പിന്നെ എങ്ങനെ ദിലീപിലെത്തി?

കാലങ്ങൾ കഴിഞ്ഞിട്ടും മനസിൽ മായാതെ നിൽക്കുന്ന പഞ്ചാബി ഹൗസിന്റെ പിന്നാമ്പുറ കഥകൾ പോലും പൊട്ടിച്ചിരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 20 വർഷം പിന്നിടുന്ന സാഹചര്യ്തതിൽ പഞ്ചാബി ഹൗസിലെ രസകരമായ ടേണിങ് പോയിന്റുകൾ റാഫി–മെക്കാർട്ടിൻ വനിതയുമായി പങ്കുവയ്ക്കുന്നു.

‘ഒരു സിനിമ വിജയിച്ചാൽ അതു സംവിധായകന്റെ കഴിവാണ്, തിരക്കഥയുടെ ശക്തിയാണ്, നടന്റെ അഭിനയമികവാണ് എന്നൊക്കെ ആൾക്കാരു പറയും. എന്നാൽ പഞ്ചാബിഹൗസിന്റെ വിജയരഹസ്യം അതിന്റെ നിർമാതാക്കളായ സാഗാ അപ്പച്ചനും എ.കെ.പി. ആന്റണിയുമാണ്. പഞ്ചാബി ഹൗസിലെ തമാശസീനുകളെക്കുറിച്ചു പറയുമ്പോൾ ആമുഖമായി നിർമാതാക്കളുടെ കാര്യം പറയണം. അതിനു കാരണമുണ്ട് . അന്ന് ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള, ഹ്യൂമർ ൈകകാര്യം ചെയ്യുന്ന നടൻ ജയറാമാണ്. മഞ്ജുവാരിയരും ദിവ്യാ ഉണ്ണിയും പ്രതാപത്തോടെ നിൽക്കുന്നു. അതുകൊണ്ടു പഞ്ചാബി ഹൗസിലും ഞങ്ങൾക്കു മുന്നിൽ മറ്റൊരു ഒാപ്ഷൻ ഉണ്ടായിരുന്നില്ല.

ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടെയും സ്ഥാനത്ത് ജഗതിയെയും ഇന്നസെന്റിനെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്. ജഗതിയില്ലാത്ത മലയാളസിനിമയെക്കുറിച്ചു ചിന്തിക്കാൻ പറ്റാത്ത കാലം. അന്നത്തെ സിനിമാ മാർക്കറ്റ് വച്ചുനോക്കുമ്പോൾ ഞങ്ങളുടെ ൈകയിലുള്ള തിരക്കഥ കൊണ്ടു ശരാശരി സാമ്പത്തിക വിജയത്തിനുള്ളതെല്ലാമുണ്ട്. ജയറാമിനെയും ഇന്നസെന്റിനെയും ജഗതിയയും വച്ചു സിനിമ ചെയ്യുകയാണെങ്കിൽ.

നായകനും നായികയും വന്ന വഴി

കഥയുടെ ഘടനയിൽ കൂടുതൽ പുരോഗതിയുണ്ടായപ്പോഴാണ് നടന്മാരുടെ കാര്യത്തിൽ ഞങ്ങൾ ചില തീരുമാനങ്ങളെടുത്തത്. തടിമാടന്മാരായ പഞ്ചാബികളുടെ ഇടയിൽപ്പെട്ടുപോകുന്ന ഒരു സാധു ചെറുപ്പക്കാരനാണ് നായകൻ. ആറടി ഉയരമുള്ള ജയറാം പക്ഷേ, അത്രയ്ക്കും ദുർബലനാവാൻ കഴിയില്ല. അങ്ങനെയാണ് ഞങ്ങൾ ദിലീപിലേക്ക് എത്തുന്നത്. ദിലീപിന് തിരക്കായി വരുന്നതേയുള്ളൂ. അതുപോലെ മഞ്ജുവാരിയര്‍ ‘സമ്മർ ഇൻ ബത്‌ലഹേമിൽ’ അഭിനയിക്കാൻ പോയി. ദിവ്യാഉണ്ണിയും വേറെ ഏതോ സിനിമയുടെ തിരക്കിലും.

അങ്ങനെ ദിലീപിനെ നായകനാക്കാൻ തീരുമാനിച്ചു. പിന്നെയുള്ളത് ഇന്നസെന്റും ജഗതിയുമാണ്. അവരുടെ തിരക്കുവച്ച് അഞ്ചു ദിവസം കിട്ടിയാൽ തന്നെ ഭാഗ്യം. ഞങ്ങൾക്കാണെങ്കിൽ അതുപോരാ. അങ്ങനെ കൊച്ചിൻഹനീഫയിലും ഹരിശ്രീ അശോകനിലും ഞങ്ങൾ എത്തി. സിദ്ദിഖ് ലാലിലെ, ലാലേട്ടനും ഉണ്ടായിരുന്നു ഒരു മെയിന്‍ വേഷം. ലാലേട്ടൻ കളിയാട്ടം മാത്രമേ ചെയ്തിട്ടുള്ളൂ അന്നേവരെ.

എഴുപുന്നയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു ഒട്ടുമിക്ക ഭാഗങ്ങളുടെയും ഷൂട്ടിങ്. അവിടെ നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു വീടുണ്ടായിരുന്നു. ആ വീടും അതിനോടു ചേർന്നുമാണ് സെറ്റിട്ടത്. ദിലീപിന്റെ വീടും അവിടെത്തന്നെയായിരുന്നു. ഈ വീടുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകം പതിറ്റാണ്ടുകൾക്ക് ഇപ്പുറം ‘ടു കൺട്രീസ്’ എന്ന സിനിമയിൽ ദിലീപിന്റെ വീടായതും ഇതു തന്നെയാണ്. രണ്ടു സിനിമകളും വലിയ ഹിറ്റായിരുന്നു എന്നതു മറ്റൊരു സന്തോഷം.

പഞ്ചാബി ഹൗസ് റിലീസ് െചയ്തു. നന്നായി ഒാടി. ഞങ്ങൾ തിയേറ്ററിൽ സിനിമയ്ക്കു പോയത് കൊച്ചിൻ ഹനീഫയോടൊപ്പമാണ്. െകാച്ചിയിലെ ഷേണായീസ് തിയറ്ററിൽ ഒരു ചെറിയ ക്യാബിൻ ഉണ്ട്. അവിടെയിരുന്നാണു കണ്ടത്. സിനിമ തുടങ്ങിയതു മുതൽ തീരുന്നതു വരെ തിയറ്ററിൽ ഏറ്റവും ഉച്ചത്തിൽ ചിരിച്ചത് ഹനീഫിക്കയായിരുന്നു. ഇക്ക അഭിനയിച്ച സീനുകൾ വരുമ്പോൾ പോലും മറ്റാരോ ആണ് അഭിനയിക്കുന്നത് എന്ന ധാരണയോടെ അദ്ദേഹം സിനിമ ആസ്വദിച്ചു. കാലം ഒരുപാടു കഴിഞ്ഞിട്ടും ആ ചിരി ഇപ്പോഴും കേൾക്കും പോലെ.