ഏഴു മാസത്തിനു ശേഷമാണ് മുഖത്തു ചായം തേക്കുന്നത്: ജയറാം

പഞ്ചവർണതത്തയ്ക്കു ശേഷം ഏഴു മാസം കഴിഞ്ഞാണ് സിനിമയ്ക്കായി മുഖത്തു ചായം തേക്കുന്നതെന്ന് ജയറാം. ഇത്രയും ഇടവേള വന്നത് മനഃപൂർവമല്ലെന്നും നല്ല സിനിമയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നെന്നും ജയറാം പറഞ്ഞു. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’യുടെ പൂജ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജയറാം. 

അങ്കമാലിയിലെ ഒരു പള്ളിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. അന്ന രേഷ്മ രാജന്‍ (ലിച്ചി)‍, കനിഹ എന്നിവരാണ് നായികമാർ. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ഇന്നസന്റ്, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു സിനിമാക്കാരന് ശേഷം ലിയോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’. ലിയോയുടെ നാലാമത്തെ ചിത്രമാണിത്.