Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ ‘രണം’; പ്രേക്ഷക പ്രതികരണം

ranam-review-moviep

പൃഥ്വിരാജിന്റെ ആക്​ഷൻ ചിത്രം ‘രണം’ തിയറ്ററുകളിലെത്തി. മലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് രണം. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിർമൽ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇഷ തല്‍വാറാണ് നായിക. നന്ദു, അശ്വിൻ കുമാർ‍, ശ്യാമപ്രസാദ്, ജിലു ജോൺ, ജസ്റ്റിൻ ഡേവിഡ് എന്നിവരാണ് മറ്റുതാരങ്ങൾ.

ജേക്ക്സ് ബിജോയ് സംഗീതം, ശ്രീജിത്ത് സരങ് ചിത്രസംയോജനം. ലോസൺ ബിജു, റാണി എന്നിവരാണ് നിർമാണം.

ചിത്രത്തെക്കുറിച്ച് സംവിധായകന്റെ വാക്കുകൾ–

എല്ലാവർക്കും നമസ്കാരം, ഇന്ന് ഞങ്ങളുടെ സിനിമ രണം കേരളമൊട്ടാകെ റിലീസ് ചെയ്യുകയാണ്. ഒരേസമയം ആകാംക്ഷയും ടെൻഷനും ഉണ്ട്. ഒരിക്കൽ കയ്യെത്തിപ്പിടിക്കാനാവാഞ്ഞ സ്വപ്നങ്ങൾ ഇപ്പോൾ തൊട്ടടുത്തു നിൽക്കുന്നത്‌ പോലെ.

ഈ 'രണ'യാത്ര അതിന്റേതായ ഉയർച്ചതാഴ്ച്ചകളിലൂടെ പല തവണ പോയിട്ടുണ്ട്‌. ആ സമയത്തൊക്കെ ഞങ്ങളുടെ ഒപ്പം താങ്ങായി നിന്ന ഒരാളുണ്ട്‌ - പൃഥ്വിരാജ്‌ സുകുമാരൻ. ഈ പ്രോജക്ടിന്റെ തുടക്കം മുതൽ ഈ നിമിഷം വരെ അദ്ദേഹം കാണിച്ചിട്ടുള്ള ആത്മസമർപ്പണവും തന്നിട്ടുള്ള പിന്തുണയും എടുത്ത്‌ പറയേണ്ടതാണ്. പൃഥ്വിരാജിന്റെ സാനിധ്യവും പകരം വെയ്ക്കാനില്ലാത്ത പങ്കാളിത്തവും ആണ് 'രണ'ത്തെ ഇന്ന് കാണുന്ന സിനിമയായി നിങ്ങളുടെ മുന്നിലേയ്ക്ക്‌ എത്തിക്കാൻ ഞങ്ങളെ വളരെയധികം സഹായിച്ച ഒരു പ്രധാനഘടകം. അദ്ദേഹത്തോടൊപ്പം, കഴിവും ആത്മാർത്ഥതയുമുള്ള ഒരു പിടി കലാകാരന്മാർ രണത്തോടൊപ്പം ചേർന്നു; റഹ്മാൻ ഇക്ക, ഇഷ തൽവാർ, സെലിന്‍ ജോസഫ്, അശ്വിന്‍ കുമാർ നിങ്ങളിൽ നിന്ന് എനിക്ക്‌ ഒരുപാട്‌ പഠിക്കാൻ സാധിച്ചു.

'രണ'ത്തിന്റെ പ്രമേയത്തിന് പ്രത്യേകിച്ച്‌ അതിന്റെ ശൈലിക്ക് ഇതുവരെ കിട്ടിയ, ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾ- അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ ടീമിനോടാണ്. 'രണ'ത്തിന്റെ മേക്കിങിനിടയിലെ സന്തോഷങ്ങളിലും, ഒരായിരം പ്രശ്നങ്ങളുണ്ടായപ്പോഴും, ഒരു നല്ല സിനിമ ഉണ്ടാക്കുക എന്ന ഒരേ ലക്ഷ്യത്തോടെ എന്നൊടൊപ്പം നിന്ന എന്റെ ടീം- പ്രിയ ചോക്ഷി, ജേക്ക്സ് ബിജോയ്, ജോര്‍ജ് കാണാട്ട്ച, ജിഗ്മി, ശ്രീജിത്ത്, ഹാരിസ്, ബാദുഷ, രോഹിത്, സച്ചിൻ ,വിഷ്ണു, സ്വാമി, രാജാകൃഷ്ണൻ സാർ നിങ്ങളാണ് 'രണ'ത്തിന്റെ അണിയറയിലെ താരങ്ങൾ. നിങ്ങളാണ് എന്റെ കുടുംബം. കടപ്പെട്ടിരിക്കുന്നു നിങ്ങളോട്‌ ഞാനെന്നും.

നിർമാതാവിന്റെ അളവറ്റ സഹായമില്ലാതെ 'രണം' പോലൊരു പ്രൊജക്ട് വെളിച്ചം കാണാൻ യാതൊരു സാധ്യതയുമില്ല. എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകും താങ്ങുമായി വന്നവരാണവർ. ആനന്ദ് പയ്യന്നൂർ, ലോസൺ ബിജു തോമസ്, റാണി ഉമ്മന്‍ ഒരായിരം നന്ദി, എന്റെ സ്വപ്നങ്ങളിൽ വിശ്വസിച്ചതിന്.

വിനോദ് ഷൊർണൂർ,  ഈ പേര് 'രണ'ത്തോടൊപ്പം നിങ്ങൾ അധികം കേട്ടിരിക്കില്ല. പക്ഷേ, ഒരു ഫൈനൽ പ്രൊഡക്ട് ആയി 'രണം' വരാൻ രാത്രിപകലില്ലാതെ അദ്ദേഹം ഞങ്ങൾക്ക്‌ തന്ന ഊർജ്ജമുണ്ടല്ലോ! അതായിരുന്നു, ഞങ്ങൾക്കെല്ലാം. ഇന്ന് 'രണം' നിങ്ങളുടെ മുന്നിലെത്തുമ്പോൾ അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഒക്കെയും നന്ദിയോടെ ഓർക്കുന്നു.

അവസാനമായി, നന്ദി പറയേണ്ടത്‌ നിങ്ങൾ ഓരോരുത്തരോടുമാണ്. നവാഗത സംവിധായകന് നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവും പറഞ്ഞറിയിക്കാൻ ആവുന്നതിലും അപ്പുറമാണ്. ഒരു മലയാളി ആയതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുകയും, ഇത്രയും സ്വീകാര്യതയുള്ള ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത്‌ എന്റെ ഒരു വലിയ ഭാഗ്യമായി കരുതുകയും ചെയ്യുന്നു. എനിക്കിനിയും ഒരുപാട്‌ പഠിക്കാനുണ്ട്, നിങ്ങളിൽ നിന്നെല്ലാം. എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്രയിൽ, പുതിയ അവസരങ്ങളുമായി നിങ്ങളെല്ലാവരും എന്നോടൊപ്പം ഉണ്ടാവുമെന്നും ഞാൻ വിശ്വസിക്കുന്നു.