Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌സ്ഫടികം 2; ആടുതോമയുടെ മകനായി യുവതാരം, സിൽക്കിന്റെ മകളായി സണ്ണി ലിയോൺ

spadikam-2

മോഹൻലാൽ–ഭദ്രൻ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികത്തിനു രണ്ടാം ഭാഗം പ്രഖ്യാപിച്ച് യുവസംവിധായകൻ. ബിജു ജെ. കട്ടയ്ക്കല്‍ ആണ് സ്ഫടികം 2 ഇരുമ്പന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്.

സമൂഹമാധ്യമത്തിലൂടെയാണ് ബിജു വാർത്ത പുറത്തുവിട്ടത്. 'യുവേഴ്‌സ് ലവിങ്‌ലി' എന്ന ചിത്രമൊരുക്കിയ ബിജുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. എന്നാൽ ചിത്രത്തിനും സംവിധായകനുമെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ചിത്രത്തിന്റെ പേരു മാറ്റണമെന്നും ക്ലാസിക് എന്ന് അവകാശപ്പെടാന്‍ അര്‍ഹതയുള്ള ചിത്രത്തെ നശിപ്പിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും ആരാധകര്‍ പറയുന്നു. ‍

കമന്റുകൾ താഴെ–

‘തോമാച്ചായൻ എന്നാൽ ലാലേട്ടനല്ല. അഭിനയിച്ച നടനോളമോ അതിലേറെയോ വളർന്ന ഒറ്റ കഥാപാത്രമേ ഉള്ളൂ മലയാളക്കരയിൽ. അത് തോമാച്ചായനാ. അതെങ്ങാനും നീ തൊട്ടു നശിപ്പിച്ചാൽ അന്നു തീരുമാനം ആവും നിന്റെ കരിയർ’.

‘ചേട്ടാ വെറുതെ ഒരു സീൻ ഉണ്ടാക്കണ്ട.. സ്ഫടികത്തിനു ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട്... അത് ഒരിക്കലും മായുകയും ഇല്ല ... അത് നശിപ്പിക്കരുത്. അപേക്ഷയാണ്’.

ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം 2 എന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പർതാരമാണ് ചിത്രത്തിൽ നായകനായി എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. സ്ഫടികത്തിൽ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്. ഹോളിവുഡ് നിര്‍മാണക്കമ്പനിയായ മൊമന്റം പിക്‌ചേഴ്‌സ് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇന്നും തോമയും സ്ഫടികവും ആരാധകര്‍ക്ക് ആവേശമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമലോകത്തു ഹിറ്റായിക്കഴിഞ്ഞു.

എന്നാൽ, സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അത്തരമൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ല എന്നായിരുന്നു ഭദ്രന്റെ നിലപാട്. സ്ഫടികത്തിനു രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ തനിക്കെന്നല്ല ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം മുമ്പുള്ള അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.