മഞ്ജുവിന് ആ മമ്മൂട്ടി ചിത്രം നഷ്ടമായത് ഇങ്ങനെ; ലാൽജോസ് പറയുന്നു

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാരിയർ. പക്ഷേ ഇത്രയും വർഷമായിട്ടും മഞ്ജുവിനു കിട്ടാതെ പോയ ഒന്നുണ്ട്- മമ്മൂട്ടിയുടെ നായികാപദവി. മമ്മൂട്ടിയുടെ നായികവേഷം കൈയിൽ കിട്ടിയിട്ടും അഭിനയിക്കാൻ സാധിക്കാതെ പോയ അനുഭവം മഞ്ജുവിനുണ്ട്. ലാൽജോസ് ആദ്യമായി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഒരു മറവത്തൂർ കനവിൽ നായികയാകേണ്ടിയിരുന്നത് മഞ്ജു വാരിയരായിരുന്നു. ലാൽ ജോസ് ആണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ സമയത്താണ് ദിലീപും മഞ്ജുവുമായുള്ള ബന്ധം വളരുന്നത്. കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിലൊരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് മഞ്ജുവും ദിലീപും തമ്മിൽ കാണാനുള്ള അവസരം ലാൽജോസ് ഒരുക്കിയിരുന്നു. ഇതേതുടർന്ന് ലാൽജോസിന്റെ ചിത്രത്തിൽ അഭിനയിച്ചാൽ ദിലീപുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുമെന്നു ഭയന്ന് മഞ്ജുവിന്റെ അച്ഛൻ മറവത്തൂർ കനവിൽ അഭിനയിക്കാൻ അനുവദിച്ചില്ല. രണ്ടാംവരവിലും ഇതുവരെ മമ്മൂട്ടിയുടെ നായികായാകാനുള്ള ഭാഗ്യം മഞ്ജുവാര്യർക്കു ലഭിച്ചിട്ടില്ല.’

‘ഒരു ചെറിയ കുസൃതിക്കു വില കൊടുക്കേണ്ടി വന്നത് ഞാനാണ്. മഞ്ജുവും ദിലീപും നായികാനായകന്‍മാരായി അഭിനയിച്ച 'കുടമാറ്റ'ത്തിനു ശേഷം ദിലീപ് നായകനാകുന്ന സിനിമകളില്‍ അഭിനയിക്കുന്നത് മഞ്ജുവിന്റെ അച്ഛന്‍ വിലക്കിയിരുന്നു.’– ലാല്‍ ജോസ് പറയുന്നു

ദിലീപും കാവ്യാമാധവനും ഒന്നിച്ചഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യയെ ആയിരുന്നില്ല ആദ്യം പരിഗണിച്ചത്. ശാലിനിയായിരുന്നു ലാൽ ജോസിന്റെ മനസ്സിൽ. എന്നാൽ കമലിന്റെ നിറം സിനിമയ്ക്ക് നേരത്തെ തന്നെ ശാലിനി ഡേറ്റ് നൽകിയിരുന്നു. രണ്ടിന്റെയും ഷൂട്ടിങ് ഒരേസമയത്തായതിനാൽ ശാലിനിയ്ക്ക് ചന്ദ്രനുദിക്കുന്ന ദിക്കിൽ അഭിനയിക്കാൻ സാധിച്ചില്ല. – തന്റെ സിനിമകളെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന പരിപാടിയിൽ ലാൽജോസ് വെളിപ്പെടുത്തി.